സമകാലിക ഫുട്‌ബോളിലെ ഏറ്റവും വാശിയേറിയ സംവാദമാണ് മെസിയോ റൊണാള്‍ഡോയോ ആരാണ് മികച്ച താരമെന്നത്. ഫുട്‌ബോള്‍ ആരാധകര്‍ മുതല്‍ ഫുട്‌ബോള്‍ വിദഗ്ധര്‍ വരെ ഈ ചര്‍ച്ചയില്‍ ഇരു ചേരികളായി തിരിഞ്ഞ് ഇരു താരങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിക്കുകയാണ്.
എന്നാല്‍ മെസി, റൊണാള്‍ഡോ G.O.A.T ഡിബേറ്റില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ചെല്‍സി പ്രതിരോധനിര താരം ഗാരി കേഹില്‍. എട്ട് സീസണുകളില്‍ ചെല്‍സിക്കായി 290 മത്സരങ്ങള്‍ കളിച്ച് രണ്ട് പ്രീമിയര്‍ ലീഗ് കിരീടവും ഒരു ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കിയ താരമാണ് ഗാരി. സ്‌പോര്‍ട്‌സ് ബൈബിളിന് നല്‍കിയ അഭിമുഖത്തിലാണ് താരം മെസിയേയും റൊണാള്‍ഡോയേയും പറ്റിയുള്ള തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പ്രകടിപ്പിച്ചത്.
‘മെസി, റൊണാള്‍ഡോ ഈ രണ്ട് താരങ്ങളും അവര്‍ നേടിയ ഗോളുകളും ഏവരുടേയും മനം കവരുന്നതാണ്. അവര്‍ കളിച്ച മത്സരങ്ങളും അവര്‍ സ്‌കോര്‍ ചെയ്ത ഗോളുകളുളും അവര്‍ ഏറ്റുവാങ്ങിയ കിരീടങ്ങളുമെല്ലാം നമ്മുടെ മനസില്‍ തങ്ങി നില്‍ക്കും. ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളാണ് ഇരുവരും,’ ഗാരി കേഹില്‍ പറഞ്ഞു. കൂടാതെ ഇരു താരങ്ങളിലും വെച്ച് മൈതാനത്ത് നേരിടാന്‍ ഏറ്റവും പ്രയാസമുള്ള താരമാരാണെന്ന ചോദ്യത്തിനും ഗാരി മറുപടി പറഞ്ഞു.
‘സത്യത്തില്‍ ഇരുവരിലും വെച്ച് മികച്ച താരമാരാണെന്ന് പറയുക എന്നെക്കൊണ്ട് അസാധ്യമായ കാര്യം തന്നെയാണ്. രണ്ട് പേരും രണ്ട് രീതിയില്‍ കളിക്കുന്ന പ്ലെയേഴ്‌സാണ്. എന്നിരുന്നാലും റൊണാള്‍ഡോയാണ് കുറച്ച് കൂടി നേരിടാന്‍ പ്രയാസമുള്ള എതിരാളി. അദ്ദേഹത്തിന്റെ ബോക്‌സിനുള്ളിലെ സാന്നിധ്യം കുറച്ച് കൂടി മികച്ചതാണ്. കൂടാതെ പന്ത് ഹെഡ് ചെയ്ത് ഗോളാക്കാനുള്ള റൊണാള്‍ഡോയുടെ മുഖവും മാരകമാണ്. ഇരു താരങ്ങള്‍ക്കും പിച്ചില്‍ അവരുടേതായ ഒരു വ്യക്തി പ്രഭാവമുണ്ട്. കൂടാതെ വളരെ ബഹുമാനിക്കപ്പെടുന്ന താരങ്ങളാണ് ഇരുവരും,’ ഗാരി കേഹില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തന്റെ കരിയറിലാകമാനം 1017 മത്സരങ്ങളില്‍ നിന്നും 800 ഗോളുകളും 353 അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയിരിക്കുന്നത്. 1156 മത്സരങ്ങളില്‍ നിന്നും 830 ഗോളുകളും 236 അസിസ്റ്റുകളുമാണ് റൊണാള്‍ഡോയുടെ കരിയറിലെയാകമാനം സമ്പാദ്യം. കൂടാതെ മെസി നാല് ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയിട്ടുള്ളപ്പോള്‍ റൊണാള്‍ഡോ അഞ്ച് ചാമ്പ്യന്‍സ് ലീഗ് ട്രോഫിയില്‍ മുത്തമിട്ടിട്ടുണ്ട്.
Comments are closed for this post.