2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ ഓർമകൾക്ക് ഒരാണ്ട്

എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷററായിരുന്ന ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ വിടപറഞ്ഞിട്ട് ഒരു വർഷം. മാതൃകായോഗ്യമായ ജീവിതവിശുദ്ധിയും സൗമ്യപ്രകൃതവും ആഴമുള്ള അറിവുമായിരുന്നു ഉസ്താദിന്റെ പ്രത്യേകത. അറിവിന്റെ അനര്‍ഘമായ അനുഭവങ്ങളിലൂടെയുള്ള തീര്‍ഥയാത്രയായിരുന്നു ആ ജീവിതമത്രയും. പതിനേഴ് വര്‍ഷം ജ്ഞാനാന്വേഷിയായി കഴിയാൻ സാധിച്ചുവെന്നത് അദ്ദേഹത്തിനു ലഭിച്ച സൗഭാഗ്യമാണ്. സമസ്തയുടെ വിവിധ ജ്ഞാന ഗേഹങ്ങളില്‍ ദര്‍സ് നടത്താന്‍ അവസരം ലഭിക്കുക വഴി, ആയിരക്കണക്കിനു പണ്ഡിതന്മാരുടെ പ്രിയപ്പെട്ട ഗുരുനാഥനാവാനും അദ്ദേഹത്തിനു സാധിച്ചു.


1962 ല്‍ ഇരുപത്തി ഒമ്പതാം വയസില്‍ വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്തില്‍നിന്ന് ബാഖവി ബിരുദം നേടിയ ശേഷം ജന്മനാടായ ചേലക്കാട് ജുമുഅത്ത് പള്ളിയില്‍ മുദരിസായി സേവനമനുഷ്ഠിച്ചു. പിന്നീട് തായിനേരി, പയ്യന്നൂര്‍, കൊളവല്ലൂര്‍, കമ്പില്‍, മാടായി, ചിയ്യൂര്‍, കാടേരി, കൊടക്കല്‍, അണ്ടോണ, ഇരിക്കൂര്‍, വാരാമ്പറ്റ, പഴയങ്ങാടി, കണ്ണാടിപറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്തു. ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിൻ്റെയും പ്രത്യേക നിര്‍ദേശപ്രകാരമാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ മുദരിസായി വന്നത്. 1988 മുതല്‍ പതിനൊന്ന് വര്‍ഷം ജാമിഅയില്‍ വൈജ്ഞാനിക വിരുന്നൊരുക്കി. 2000-2007 വരെ നന്തി ജാമിഅ ദാറുസ്സലാമിലും പിന്നീട് ആറു വര്‍ഷം മടവൂര്‍ അശ്അരിയ്യയിലും തുവ്വക്കുന്ന് യമാനിയ്യയിലും നാദാപുരം ജാമിഅ ഹാശിമിയ്യയിലും അധ്യാപനം നടത്തി.
പഠനകാലത്തുതന്നെ അദ്ദേഹം പ്രഭാഷണത്തോട് വലിയ താല്‍പര്യം പ്രകടിപ്പിച്ചു. മേല്‍മുറിയില്‍ പഠിക്കുന്ന കാലത്ത് കല്‍പ്പകഞ്ചേരിയില്‍ ഒരു മദ്‌റസോദ്ഘാടനത്തിന് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ അധ്യക്ഷനും സി.എച്ച് മുഹമ്മദ് കോയ ഉദ്ഘാടകനുമായ സദസില്‍ പ്രഭാഷണം നടത്തിയത് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാറായിരുന്നു. നാദാപുരത്തെ പഠന കാലയളവില്‍ ചേലക്കാട്, ചിയ്യൂര്‍, ചേരാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ വഅള് പറഞ്ഞു. ചേലക്കാട്, നാദാപുരം, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ പുത്തന്‍വാദികളുമായി ആദര്‍ശ സംവാദവും നടത്തി.

മതവിജ്ഞാനം നേടാൻ സംഘടിപ്പിക്കുന്ന വഅളുകള്‍ മുപ്പതും നാല്‍പതും ദിവസങ്ങള്‍ നീണ്ടുനിന്നു. കര്‍മശാസ്ത്ര വിഷയങ്ങളും അനുബന്ധ ചര്‍ച്ചകളുമാവും മിക്ക വഅളുകളുടെയും പ്രതിപാദ്യം. ബിസ്മികൊണ്ട് തുടങ്ങി നികാഹിലൂടെ അവസാനിക്കുന്ന രീതിയിലായിരുന്നു പലയിടത്തും വിഷയക്രമീകരണം. പിതാമഹന്‍ ഉപയോഗിച്ച കിതാബുകളും അപൂര്‍വ ഇനം കൈയെഴുത്ത് പ്രതികളും ഉസ്താദിന്റെ ഗ്രന്ഥശേഖരത്തിലുണ്ട്. ബദ്‌രീങ്ങളുടെ മുഴുവന്‍ പേരുകളും മനപ്പാഠമുള്ള ഉസ്താദിന്റെ ബുദ്ദിവൈഭവവും ഗ്രാഹ്യശക്തിയും വിസ്മയകരമാണ്. ക്ലാസുകളില്‍ കിതാബുകളിലെ ഓരോ വരിയും വിശദീകരിക്കുമ്പോള്‍ മറ്റു കിതാബുകളിലെ ഇബാറത്തുകള്‍ ഒരോന്നായി കാണാതെ വിവരിക്കുന്നത് ശിഷ്യഗണങ്ങള്‍ വിസ്മയത്തോടെ നോക്കിനിന്നു. സംശയങ്ങള്‍ക്ക് മറുപടിയായി തന്റെ ഗുരുനാഥരില്‍ നിന്ന് പഠന സമയത്ത് കേട്ട ചില വിശദീകരണം പദ്യരൂപേണ അവതരിപ്പിക്കാറുണ്ടായിരുന്നു. പല കിതാബിലെയും ഇബാറത്തുകള്‍ ഹൃദിസ്ഥമുള്ളത് കൊണ്ട് സംവാദമുഖത്തും തിളങ്ങിനിന്നു.


കർമശാസ്ത്രം, വ്യാകരണം, തർക്കശാസ്ത്രം എന്നീ ജ്ഞാനമേഖലകളിലെല്ലാം അഗാധ അറിവും അനൽപമായ അവഗാഹവും തെളിയിച്ച പണ്ഡിത കേസരിയായിരുന്നു അദ്ദേഹം. ചേലക്കാട് വസതിയിൽ വിവിധ വിഷയങ്ങളിൽ തീർപ്പ് തേടി വരുന്നവരുടെ സാന്നിധ്യം എപ്പോഴും കാണാമായിരുന്നുവെന്നത് ആ പാണ്ഡിത്യ മഹിമയുടെ നേർസാക്ഷ്യമായിരുന്നു. മതപരമായ സംശയ നിവാരണങ്ങള്‍ക്ക് തന്നെ സമീപിക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു മറുപടി നല്‍കിയിരുന്നത്. അതിനാല്‍ തന്നെ, നിരവധി ആളുകള്‍ ഫത്‌വ(മതവിധി)കള്‍ തേടി അദ്ദേഹത്തിന്റെ വീട്ടിലും സേവന കേന്ദ്രങ്ങളിലുമെത്തി. ഏറെ സങ്കീര്‍ണമായ അനന്തരാവകാശ നിയമം, കുടുംബ വ്യവഹാര നിയമങ്ങള്‍, വഖ്ഫ് നിയമങ്ങള്‍ എന്നിവയില്‍ കാലങ്ങളായി നാദാപുരം മേഖലയില്‍ അവസാന വാക്ക് ചേലക്കാട് ഉസ്‌താദായിരുന്നു.


കേരളത്തിലെ മക്ക പൊന്നാനിയാണെങ്കില്‍ രണ്ടാം മക്ക നാദാപുരമാണ്. പണ്ഡിത കുടുംബങ്ങളുടെ സാന്നിധ്യവും സ്വാധീനവുമാണ് നാദാപുരത്തിന്റെയും സമീപ്രദേശങ്ങളുടെയും പേരിനും പെരുമക്കുമുള്ള നിദാനം. ഈ വൈജ്ഞാനിക പാരമ്പര്യത്തിനു കാവല്‍വിളക്കായി പ്രശോഭിച്ചവരായിരുന്നു ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍. ഒരു കാലത്ത് ചേലക്കാട് പ്രദേശത്തിന്റെ പണ്ഡിത പ്രതിനിധിയായിരുന്ന ചേലക്കാട് ചുക്രൻ മുസ്‌ലിയാര്‍, ഉസ്താദിന്റെ ഉമ്മയുടെ വലിയുപ്പയാണ്. നാദാപുരം, കടമേരി ദേശങ്ങളെ പോലെ പണ്ഡിത കുടുംബങ്ങളുടെ പേരില്‍ ചേലക്കാടും പ്രസിദ്ധമായിരുന്നു.


വയനാട് ജില്ലയിലെ വാളാട് മഹല്ലില്‍ 45 വര്‍ഷത്തോളം ഖാസിയായിരുന്ന പിതാവ് അബ്ദുല്ല മുസ്‌ലിയാരായിരുന്നു ആദ്യ ഗുരു. പാണ്ഡിത്യത്തിൻ്റെ മേൽവിലാസത്തിൽ ഒരു ദേശത്തിന്റെ ചരിത്രം നിര്‍ണയിച്ച അഹ്‌മദ് ശീറാസി, പടിഞ്ഞാറയില്‍ അഹ്‌മദ് മുസ്‌ലിയാര്‍, മേച്ചിലാച്ചേരി മൊയ്തീന്‍ മുസ്‌ലിയാര്‍, ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ്, ഫള്ഫരി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍(കുട്ടി മുസ്‌ലിയാര്‍), കുട്ട്യാലി മുസ്‌ലിയാര്‍ കടമേരി, കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവരില്‍ നിന്ന് അറിവ് നുകര്‍ന്നു. ഫള്ഫരി അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ നിന്നാണ് ഉപരിപഠനാര്‍ഥം വെല്ലൂര്‍ ബാഖിയാത്തിലേക്ക് പോവുന്നത്. ശൈഖ് ഹസന്‍ ഹസ്‌റത്ത്, ശൈഖ് അബൂബക്കർ ഹസ്‌റത്ത് എന്നിവരാണ് ബാഖിയാത്തിലെ പ്രധാന ഗുരുനാഥര്‍.
നാദാപുരം, കുറ്റ്യാടി, കോഴിക്കോട്, കുറ്റിച്ചിറ പ്രദേശങ്ങളില്‍ നടന്ന സംവാദങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായിരുന്നു. നാദാപുരത്തെ സംഘർഷ കാലത്ത് നാട്ടില്‍ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം. വിവിധ മത വിഭാഗങ്ങളും വ്യത്യസ്ത സംഘടനാ പ്രവര്‍ത്തകരുമുള്ള നാദാപുരം, കുറ്റ്യാടി മേഖലയില്‍ സര്‍വ സ്വീകാര്യനായിരുന്നു ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.