2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സ്‌കൂള്‍ സമയ മാറ്റം മദ്‌റസ പഠനത്തെ ബാധിക്കും, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് സമസ്ത

 

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ നിയോഗിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് രണ്ടാം ഭാഗത്തിലെ സ്‌കൂള്‍ സമയമാറ്റ ശുപാര്‍ശ മദ്‌റസ വിദ്യാഭ്യാസത്തെ ബാധിച്ചേക്കും. സ്‌കൂളുകളില്‍ ക്ലാസ് റൂം പഠനം രാവിലെ മുതല്‍ ഉച്ചവരെയാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകളില്‍ ഒന്ന്. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും പഠനസമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്‌കൂള്‍ സമയം രാവിലെ 10 ന് പകരം നേരത്തെ ആക്കുന്ന പക്ഷം 15 ലക്ഷത്തോളം വിദ്യാര്‍ഥികളുടെ മദ്‌റസ പഠനത്തെ സാരമായി ബാധിച്ചേക്കും.

സ്‌കൂള്‍ സമയ ക്രമത്തില്‍ മാറ്റം വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രഥമ പരിഗണന നല്‍കിയത് സമയമാറ്റത്തിനാണ്. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമയക്രമം മാറ്റുക എന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കി സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും മുന്നോട്ടു പോകാനാണ് സാധ്യത. എന്നാല്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശം കണക്കിലെടുത്ത് പൊതുചര്‍ച്ചയ്ക്കായി വിഷയം വച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക. ഉച്ചയ്ക്കു ശേഷം മദ്‌റസ പഠനം എന്ന സമവായത്തിലേക്കെത്തിയാലും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉച്ചയ്ക്ക് ശേഷം പാഠ്യേതര കാര്യങ്ങള്‍ക്കായി സമയം മാറ്റിവയ്ക്കണമെന്ന നിര്‍ദേശവും വിലങ്ങു തടിയാകും.

കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറല്‍ സ്‌കൂളുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയും മുസ്‌ലിം സ്‌കൂളുകളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയുമാണ് നിലവില്‍ പഠന സമയം. വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ഈ രീതി മാറ്റിയാല്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ മദ്‌റസ പഠനത്തെയാണ്് സാരമായി ബാധിക്കുക. മുമ്പ് 2007 ല്‍ അന്നത്തെ സര്‍ക്കാര്‍ സകൂള്‍ സമയമാറ്റ നിര്‍ദേശവുമായി വന്നപ്പോള്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെയും മറ്റു മുസ്‌ലിം സംഘടനകളുടെയും ശക്തമായ എതിര്‍പ്പും കാരണം ഉപേക്ഷിക്കുകയാണുണ്ടായത്.

സ്‌കൂള്‍ പഠനസമയം രാവിലെ എട്ടു മുതല്‍ ആക്കാക്കാനുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശ തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സ്‌കൂളുകളുടെ പഠനസമയം എട്ടു മണിക്ക് ആക്കുന്നത് മൂലം ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ മദ്‌റസ പഠനത്തെ സാരമായി ബാധിക്കുമെന്ന് സമസ്ത പ്രസ്താവനയില്‍ പറഞ്ഞു. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറല്‍ സ്‌കൂളുകള്‍ രാവിലെ 10 മണിക്കും മുസ് ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ 10.30 നുമാണ് പ്രവര്‍ത്തിക്കേണ്ടത്. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പഠനസമയത്തില്‍ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും നിലവിലില്ല.
2007ലെ പാഠ്യപദ്ധതി ചട്ടക്കൂടിലെ സ്‌കൂള്‍ സമയ നിര്‍ദേശത്തിനെതിരേ ശക്തമായ എതിര്‍പ്പുമൂലം അന്നത്തെ സര്‍ക്കാര്‍ സമയമാറ്റ നിര്‍ദേശം പിന്‍വലിച്ചതാണ്. പ്രസ്തുത നിര്‍ദേശം വീണ്ടും കൊണ്ടുവരുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.