2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മക്തി തങ്ങളും ചാലിലകത്തും: ചരിത്രത്തെ വക്രീകരിക്കരുത്

നാസര്‍ഫൈസി, കൂടത്തായി

കേരളത്തില്‍ സലഫിപ്രസ്ഥാനത്തിന്റെ തുടക്കക്കാരായി പരിചയപ്പെടുത്തുന്നതില്‍ സനാഉല്ല മക്തി തങ്ങളെയും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ഉള്‍പ്പെടുത്തുന്ന ചരിത്രവക്രീകരണം മാപ്പര്‍ഹിക്കാത്തതാണ്.

‘1924ല്‍ രൂപംകൊണ്ട കേരള ജംഇയ്യത്തുല്‍ ഉലമയില്‍നിന്നാണു മുജാഹിദ് പ്രസ്ഥാനം വിപുലപ്പെടുന്നത്. മക്തി തങ്ങള്‍, വക്കം മൗലവി, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കെ.എം മൗലവി, സീതീസാഹിബ് മുതലായവര്‍ നേതൃത്വംനല്‍കിയ സംഘടന’ (ചന്ദ്രിക മുഖപ്രസംഗം 20.12.2016) യെന്ന പരാമര്‍ശം തെറ്റാണ്.

 

ഇതേ അബദ്ധം ദേശാഭിമാനിയും മുമ്പു ചെയ്തിരുന്നു. ‘സനാഉല്ല മക്തി തങ്ങളും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും മാഹിന്‍ ഹമദാനിയും കെ.എം മൗലവിയും സീതിസാഹിബും കെട്ടിപ്പടുത്ത ഐക്യപ്രസ്ഥാനമാണു മുജാഹിദ് പ്രസ്ഥാനം’ (ദേശാഭിമാനി മുഖപ്രസംഗം 07.01.2003).

മുഖപ്രസംഗം സംഘടനകളില്‍നിന്ന് എഴുതിവാങ്ങി പത്രത്തില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മറ്റുള്ളവരുടെ ചെലവില്‍ ചരിത്രം വക്രീകരിച്ചു കിട്ടുന്ന സുഖം ആസ്വദിക്കുന്നവരുടെ വരട്ടുബുദ്ധി പത്രാധിപര്‍ ഓര്‍ത്തു കാണില്ല.

മുജാഹിദ് പ്രസ്ഥാനം രൂപപ്പെടുന്നത് 1924 ലാണ്. മക്തി തങ്ങള്‍ 1912 ലും ചാലിലകത്ത് 1919 ലുമാണു മരിക്കുന്നത്. വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയില്‍നിന്നാണ് ഇസ്്‌ലാഹി പ്രസ്ഥാനം രൂപപ്പെടുന്നതെന്നും പ്രഥമ പ്രബോധകന്‍ മൗലവി ആയിരുന്നുവെന്നും മുജാഹിദിന്റെതന്നെ പ്രസിദ്ധീകരണങ്ങള്‍ (മിശ്കാത്തുല്‍ ഹുദാ മാസിക 1959 സപ്തംബര്‍, അല്‍മനാര്‍ 1995 ജൂണ്‍) വ്യക്തമാക്കുന്നുണ്ട്.

സുന്നീ ആശയക്കാരനായിരുന്ന സനാഉല്ലാ മക്തി തങ്ങളുടെ തവസ്സുല്‍ കാണുക: ‘മുഹമ്മദ് നബി (സ)യുടെ തിരുപ്പേരാശ്രയംകൊണ്ട് ആദം (അ) ചെയ്ത പിഴയെ പൊറുത്തു രക്ഷിച്ചതുപോലെ എന്റെ എല്ലാ പാപങ്ങളെയും മുഹമ്മദ് എന്ന ആശ്വാസപ്രദന്റെ അനുചാരഹേതുവായി ക്ഷമിക്കുകയും എന്നെ സദാദി വിജയനാക്കി രക്ഷിക്കുകയും ചെയ്യേണമേ’ ( മക്തി തങ്ങള്‍: സമ്പൂര്‍ണ്ണ കൃതികള്‍ പേ: 182).

ചാലിലകത്തിന്റെ ‘അമലിയ്യാത്തി’ല്‍ സുബ്ഹി നിസ്‌കാരത്തിലെ ഖുനൂത്തിനെ (പേ: 87) യും തസ്ബീഹ് നിസ്‌കാരത്തേ (പേ: 11 ) യും ശരിവയ്ക്കുന്ന പൂര്‍ണ ശാഫിഈ മദ്ഹബ് പ്രകാരമാണ്.

പുളിക്കല്‍ പള്ളിയുടെ ഖിബ്‌ല വിവാദത്തില്‍ ചാലിലകത്ത് സ്വീകരിച്ച നിലപാടിനെ സുന്നിവിരുദ്ധമായി ചിലര്‍ ഉയര്‍ത്തിക്കാണിക്കാറുണ്ട്. ഖിബ്‌ല നിര്‍ണയത്തിന്റെ മാനദണ്ഡം ഐനുല്‍ ഖിബ്‌ലയാണോ ജിഹത്തുല്‍ ഖിബ്‌ലയാണോ എന്ന അഭിപ്രായവ്യത്യാസം മാത്രമേ ഇതിലുള്ളൂ’.

ഐനുല്‍ ഖിബ്‌ല വേണമെന്ന് ചാലിലകത്ത് ശാഫീ മദ്ഹബിനെ അടിസ്ഥാനപ്പെടുത്തിയപ്പോള്‍ പള്ളി പൊളിക്കാതിരിക്കാന്‍ മദ്ഹബിലെതന്നെ രണ്ടാംവീക്ഷണമായ ജിഹത്തുല്‍ ഖിബ്‌ലയെ പൊന്നാനി പണ്ഡിതന്മാര്‍ അവലംബമാക്കിയെന്നു മാത്രം. പിന്നീട് തര്‍ക്കിക്കാതെ പൊന്നാനി പണ്ഡിതന്മാരെ അംഗീകരിക്കുകയായിരുന്നു ചാലിലകത്ത്.

അപ്രകാരം ചാലിലകത്തിന്റെ പരിഷ്‌കരണങ്ങളെ പാരമ്പര്യപണ്ഡിതന്മാര്‍ അംഗീകരിച്ചതായി കാണാം. കറുത്തബോര്‍ഡില്‍ വെള്ളചോക്കുകൊണ്ട് എഴുതുമ്പോള്‍ ഖുര്‍ആന്‍ ആയത്തുകള്‍ എഴുതുന്ന പൊടി നിലത്തുവീഴുകയും അതില്‍ ചവിട്ടി അനാദരവു വരുത്തുകയും ചെയ്യുമെന്നതിനാല്‍ സൂക്ഷ്മതയ്ക്കുവേണ്ടി അതു വേണ്ടെന്ന പക്ഷക്കാരനായിരുന്നു ചെറുശ്ശേരി അഹ്്മദ്കുട്ടി മുസ്്‌ലിയാര്‍. അദ്ദേഹം സ്വദര്‍ മുദരിസായി വാഴക്കാട് ദാറുല്‍ ഉലൂമില്‍ സേവനംചെയ്യുന്ന കാലത്താണ് ചാലിലകത്ത് വാഴക്കാടെത്തുന്നത്.

ചെറുശ്ശേരിയുടെ നിര്‍ബന്ധപ്രകാരം ദാറുല്‍ ഉലൂമിന്റെ സ്വദര്‍ മുദരിസാക്കി. ചാലിലകത്ത് ക്ലാസ്‌റൂമും ബോര്‍ഡും ചോക്കും സ്ഥാപിച്ചപ്പോള്‍ ജനങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായി. അപ്പോള്‍ പഠനപരിഷ്‌കാരവും എളുപ്പഗ്രാഹ്യവും അതിനുണ്ടെന്നു മനസിലാക്കി ചെറുശ്ശേരി ചാലിലകത്തിനെ പിന്തുണയ്ക്കുകയാണുണ്ടായത്.

പുളിക്കലെ ഖിബ്‌ല വിവാദം നടന്നശേഷമാണ് ചാലിലകത്തിനെ ചെറുശ്ശേരി വഴക്കാട്ടേയ്ക്കു ക്ഷണിക്കുന്നത്. ഇതേപ്പറ്റി പ്രബോധനം എഴുതുന്നു: ‘ചെറുശ്ശേരി അഹ്്മദ്കുട്ടി മൗലവി വാഴക്കാട്ട് മുദരിസായിരിക്കെയാണു മൗലാനാ ചാലിലകത്ത് വാഴക്കാട്ടെത്തുന്നത്. കുഞ്ഞഹമ്മദ് ഹാജിയുടെ പാണ്ഡിത്യത്തെക്കുറിച്ചു നല്ല ധാരണയുണ്ടായിരുന്ന ചെറുശ്ശേരി അദ്ദേഹത്തെ വിളിക്കാന്‍ കൊയപ്പത്തൊടി മൊയ്തീന്‍കുട്ടി ഹാജിയെ പ്രേരിപ്പിക്കുകയായിരുന്നു. അങ്ങനെ 1908 മുതല്‍ അദ്ദേഹം വാഴക്കാട് മുദരിസായി. (പ്രബോധനം കേരള മുസ്ലിം നവോത്ഥാന ചരിത്രം 65).

ചാലിലകത്ത് വാഴക്കാട്ടു കൊണ്ടുവന്ന പരിഷ്‌കരണങ്ങളെ പരിശോധിച്ചു ശരിവയ്ക്കുകയാണു പൊന്നാനി മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാര്‍, കട്ടിലശേരി ആലി മുസ്്‌ലിയാര്‍, പള്ളിപ്പുറം യൂസുഫ് മുസ്്‌ലിയാര്‍ തുടങ്ങിയ സുന്നി പണ്ഡിതന്മാര്‍ ചെയ്തത്. പാരമ്പര്യവും പരിഷ്‌കരണവും വൈരുധ്യമല്ല. യാഥാസ്ഥിതികവും നവോത്ഥാനവും ഏറ്റുമുട്ടലല്ലെന്നു തിരിച്ചറിഞ്ഞാല്‍ മതി.

ചാലിലകത്തിന്റെ ജനാസ മറമാടിയത് തിരൂരങ്ങാടി തറമ്മല്‍ പള്ളിയിലാണ്. മരണാനന്തരം 40 ദിവസം ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ ഓതിയിരുന്നു. കെ.എം മൗലവി അതിനു സാക്ഷിയാണ്. മുജാഹിദ് പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത രണ്ടു പരിഷ്‌കര്‍ത്താക്കളെ അടിച്ചുമാറ്റാനുള്ള ശ്രമം സ്വന്തം നേതാക്കളിലെ ‘പരിഷ്‌കാരം’ നവീനവാദം മാത്രമായതുകൊണ്ടാണ്. നവീനാശയത്തിന്റെ പുനരാവിഷ്‌കാരമല്ല നവോത്ഥാനം എന്നോര്‍ക്കണം. ചരിത്രവക്രീകരണം ആരുടെ ഭാഗത്തുനിന്നായാലും ഭൂഷണമല്ല. 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News