2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സെന്‍സസ് വിവരങ്ങള്‍ ഉപയോഗിച്ച് കേരളത്തില്‍ എന്‍.പി.ആര്‍ നടപ്പാക്കുന്നു: എന്‍.പി.ആറിനായി അധ്യാപകരെ നല്‍കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

  • ജീവനക്കാരെ ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ നഗരസഭകള്‍ക്കും സ്‌കൂകൂളുകള്‍ക്കും കത്ത് ലഭിച്ചു
  • സംഭവം വിവാദമായതിനെ തുടര്‍ന്ന് നഗരസഭ സ്‌കൂളുകള്‍ക്ക് നല്‍കിയ കത്ത് പിന്‍വലിച്ചു
  • സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ സംസ്ഥാന സര്‍ക്കാറിന് കത്തയച്ചു
  • സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍

എന്‍.സി ശരീഫ്

   

 

മഞ്ചേരി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ സെന്‍സസ് വിവരങ്ങള്‍ ഉപയോഗിച്ച് കേരളത്തില്‍ എന്‍.പി.ആര്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി വിവരശേഖരണത്തിന് ജീവനക്കാരെ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യനന്തര വകുപ്പിന്് കീഴിലുള്ള ഡയരക്ടറേറ്റ് ഓഫ് സെന്‍സസ് ഓപറേഷന്‍ കേരള തദ്ധേശ സ്ഥാപനങ്ങളിലേക്ക് കത്തയച്ചു. മലപ്പുറം ജില്ലയിലെ മഞ്ചേരി, കൊണ്ടോട്ടി നഗരസഭകള്‍ക്കാണ് കത്ത് ലഭിച്ചത്. എന്‍.പി.ആര്‍ വിവരശേഖരണത്തിന് ജീവനക്കാരെ ആവശ്യപ്പെട്ടാണ് കത്ത്. കത്തിന്റെ പകര്‍പ്പും നരസഭയുടെ പ്രത്യേക നിര്‍ദേശവും നഗരസഭാ സെക്രട്ടറി സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്ക് അയച്ചു. സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്. സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള നഗരസഭാ സെക്രട്ടറിയാണ് എന്‍.പി.ആറിനുള്ള ഉത്തരവ് വിദ്യാലയങ്ങളിലേക്ക് അയച്ചത്.

മലപ്പുറം ജില്ലയിലെ മഞ്ചേരി തുറയ്ക്കല്‍ സ്‌കൂള്‍, എച്ച്എംവൈഎച്ച്എസ്, ചുള്ളക്കാട് യുപി തുടങ്ങി 12 ഓളം സ്‌കൂള്‍ അധികൃതര്‍ക്ക് മഞ്ചേരി നഗരസഭ ജീവനക്കാരുടെ വിവരങ്ങള്‍ അറിയിക്കണമെന്നാണശ്യപ്പെട്ടു കത്തയച്ചിട്ടുണ്ട്. 

ജനസംഖ്യാ കണക്കെടുപ്പിന് ജീവനക്കാരുടെ പേരുവിവരങ്ങള്‍ ആവശ്യപ്പെട്ട് സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്ക് ജനുവരി 13ന് താമരശ്ശേരി തഹസില്‍ദാര്‍ അയച്ച സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ എന്‍.പി.ആര്‍ സംബന്ധിച്ച എല്ലാ നടപടികളും നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ 16ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും സ്റ്റേ ചെയ്തതായി ചൂണ്ടിക്കാണിച്ച് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് നഗരസഭകള്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നും എന്‍.പി.ആറിനായി ലഭിച്ച സര്‍ക്കുലര്‍ തുടര്‍ നടപിടിയുടെ ഭാഗമായി വിദ്യാലയങ്ങളിലേക്ക് അയച്ചത്. എന്‍.പി.ആര്‍ ഇല്ലാതെ സെന്‍സസ് നടപടികളുമായി മുന്നോട്ടു പോകാനാണ് കഴിഞ്ഞ സംസ്ഥാന മന്ത്രി സഭയുടെ തീരുമാനം. ഇതിന്റെ മറപിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.പി.ആര്‍ നടപ്പിലാക്കാന്‍ നീക്കം നടത്തുന്നത്.

സെന്‍സസിനും എ.ന്‍.പിആറിനും ഓരോ ചോദ്യാവലിയാണോ എന്നു ഇതുവരെ വ്യക്തമായിട്ടില്ല. രണ്ടിനുമായി ഒരു ചോദ്യാവലിയാണെങ്കില്‍ സെന്‍സസിനു ലഭിച്ച ഡാറ്റകള്‍ ഉപയോഗിച്ച് കൊണ്ട് തന്നെ എന്‍.പി.ആറും തയ്യാറാക്കാവുന്നതാണ്. സെന്‍സസിനു മാത്രമായി നല്‍കിയതാണ് ഈ വിവരങ്ങള്‍ എന്നു പറഞ്ഞാലും കേന്ദ്ര ആഭ്യന്തര വകുപ്പിന്് കീഴിലുള്ള ഡയരക്ടറേറ്റ് ഓഫ് സെന്‍സസ് ഓപറേഷന്‍ ഇതു എന്‍.പി.ആറിനു ഉപയോഗിക്കില്ല എന്ന ഉറപ്പു വരുത്താന്‍ സംസ്ഥാന സര്‍ക്കാറിനു കഴിയില്ല.

കഴിഞ്ഞ മാസം 20 നാണ് മഞ്ചേരി നഗരസഭാ സെക്രട്ടറിക്ക് സംസ്ഥാന സെന്‍സസ് വകുപ്പില്‍ നിന്ന് കത്ത് ലഭിച്ചത്. 24ന് നഗരസഭാ പരിധിയിലെ സ്‌കൂളുകള്‍ക്ക് അധ്യാപകരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു അദ്ദേഹം കത്ത് അയക്കുകയും ചെയ്തു. കത്തിന്റെ ഒന്നാംപേജില്‍ നഗരസഭയുടെ സീല്‍ പതിച്ചാണ് സ്‌കൂളുകള്‍ക്ക് കൈമാറിയത്. ഇതോടൊപ്പം മഞ്ചേരി നഗരസഭയുടെ ലെറ്റര്‍ ഹെഡില്‍ സ്‌കൂളിലെ ജീവനക്കാരുടെ വിവരങ്ങള്‍ പ്രത്യേക ഫോമില്‍ തയ്യാറാക്കി ജനുവരി 27ന് മുന്‍പ് നഗരസഭയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവം വിവാദമായതോടെ ക്ലര്‍ക്കില്‍ നിന്നുണ്ടായ പിഴവാണെന്ന വിശദീകരണവുമായി നഗരസഭാ സെക്രട്ടറി രംഗത്തെത്തി. സെക്രട്ടറിയെന്ന നിലയിലല്ല കത്ത് കൈപറ്റിയതെന്നും നഗര സെന്‍സസ് ഓഫീസറായത് കൊണ്ടാണ് തനിക്ക് തനിക്ക് കത്ത് ലഭിച്ചതെന്നും സെക്രട്ടറി പറഞ്ഞു. എന്നാല്‍ ജീവനക്കാരെ ആവശ്യപ്പെട്ട് കൊണ്ട് മലയാളത്തില്‍ തയ്യാറാക്കി സ്‌കൂളുകളിലേക്ക് അയച്ച കത്ത് മഞ്ചേരി നഗരസഭ സ്ഥിരമായി ഉപയോഗിക്കുന്ന ലെറ്റര്‍ ഹെഡിലാണ്. ദേശീയ പൗരത്വ രജിസ്റ്ററുമായി സഹകരിക്കാത്ത സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം കത്തയക്കുന്നുണ്ടെന്നും അത് കൊണ്ടാണ് മഞ്ചേരി നഗരസഭക്ക് കത്ത് ലഭിച്ചതെന്നും സെക്രട്ടറി പറയുന്നു.

എന്‍.പി.ആറുമായി സഹകരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ജില്ലാ കലക്ടര്‍മാര്‍ക്ക് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയതിന് ശേഷമാണ് സംസ്ഥാനത്തെ സ്‌കൂളുകളിലേക്ക് കേന്ദ്ര സര്‍ക്കാറിന്റെ അറിയിപ്പുകള്‍ എത്തിയത് എന്നത് കേന്ദ്രത്തിന്റെ ഇടപെടലുകള്‍ തെളിയ്ക്കുന്നതാണ്. എന്‍.പി.ആര്‍ സംബന്ധിച്ച ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോഴും വിവരശേഖരണത്തിനുള്ള നീക്കം തുടരുകയാണ്. സെന്‍സസിനു നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച് എന്‍.പി.ആര്‍ നടപ്പിലാക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ സെന്‍സസും നിര്‍ത്തിവെക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നു വരുന്നത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് നഗരസഭ സ്‌കൂളുകള്‍ക്ക് നല്‍കിയ കത്ത് പിന്‍വലിച്ചു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് നഗരസഭ സ്‌കൂളുകള്‍ക്ക് നല്‍കിയ കത്ത് പിന്‍വലിച്ചു. ഭരണസമിതി അറിയാതെയാണ് സെക്രട്ടറി സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും സഹകരിക്കേണ്ടതില്ലെന്നും ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ സ്‌കൂള്‍ അധികൃതരെ അറിയ്ച്ചു. സെക്രട്ടറി നല്‍കിയ കത്ത് നഗരസഭ ഭരണസമിതി തിരിച്ചു വാങ്ങിയതായി സ്‌കൂള്‍ പ്രധാനധ്യാപകനോട് എഴുതി വാങ്ങുകയും ചെയ്തു.
സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ സംസ്ഥാന സര്‍ക്കാറിന് കത്തയച്ചു. ഭരണസമിതിയെ അറിയിക്കാതെയാണ് സെക്രട്ടറി പ്രവര്‍ത്തിച്ചതെന്നും എന്‍.പി.ആറുമായി ബന്ധപ്പെട്ട നിര്‍ദേശം സ്‌കൂളുകളിലേക്ക് നല്‍കിയത് തെറ്റായ സന്ദേശം പ്രചരിക്കാന്‍ കാരണമായെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. സെക്രട്ടറി വിവാദ നിര്‍ദേശം നല്‍കിയതോടെ യു.ഡി.എഫ് നിയന്ത്രണത്തിലുള്ള നഗരസഭാ ഭരണസമിതിക്കെതിരെ സി.പി.എം ഉള്‍പ്പടെയുള്ള കക്ഷികള്‍ രംഗത്തെത്തി.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാ കലക്ടര്‍

മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ നിന്ന് സ്‌കൂളുകളിലേക്ക് അയച്ച എന്‍പിആര്‍ സംബന്ധിച്ച് പരാമര്‍ശിക്കുന്ന കത്ത് ശ്രദ്ധയില്‍പ്പെട്ടെന്നും സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇക്കാര്യത്തില്‍ ലഭിച്ച നിര്‍ദ്ദേശം എല്ലാ ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുമുണ്ടെന്നും വ്യക്തമായ നിര്‍ദ്ദേശത്തിന് ശേഷവും ഇത്തരം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു.. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സെന്‍സസുമായി ബന്ധപ്പെട്ട നടപടികള്‍ മാത്രമേ ജില്ലയില്‍ നടക്കുന്നുള്ളു. കൂടാതെ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി എന്‍പിആര്‍ മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയിലൊരിടത്തും ആരംഭിചിട്ടില്ലെന്നും മലപ്പുറം പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.