2023 March 23 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘ഇസ്ലാം പച്ച ഭീകരതയെങ്കിൽ ക്രിസ്ത്യാനികളുടെത് വെള്ള ഭീകരത’; വിദ്വേഷപ്രചാരകയായ ബി.ജെ.പി നേതാവ് ഹൈക്കോടതി ജഡ്ജി; നിയമനത്തിനെതിരായ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

 

ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്ക് നേരെ വിദ്വേഷംനിറഞ്ഞ പരാമർശങ്ങൾ നടത്തി വിവാദത്തിലകപ്പെട്ട ബി.ജെ.പി നേതാവ് ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡിഷണൽ ജഡ്ജിയാകും. വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാർശയ്‌ക്കെതിരായ ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഇന്നലെ വിജ്ഞാപനം ഇറക്കിയത്. ഇവരെ ഉൾപ്പെടെ വിവിധ ഹൈക്കോടതികളിലേക്ക് 13 പുതിയ ജഡ്ജിമാരെയും കേന്ദ്രം നിയമിച്ചു.

പുതിയ ജഡ്ജി നിയമനത്തിന് മദ്രാസ് ഹൈക്കോടതി സുപ്രിംകോടതി കൊളീജിയത്തിന് കൈമാറിയ പട്ടികയിൽ വിക്ടോറിയ ഗൗരിയുടെ പേരുണ്ടായിരുന്നു. പിന്നാലെ സുപ്രിംകോടതി കൊളീജിയം കേന്ദ്ര നിയമമന്ത്രാലയത്തിന് വിക്ടോറിയയുടെ പേര് ശുപാർശ ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെയാണ് വിഷയം ആദ്യം കോടതിയിൽ പരാമർശിക്കപ്പെട്ടത്. കേസ് ഈ മാസം പത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ഉച്ചയോടെ വിക്ടോറിയയെ അഡീഷനൽ ജഡ്ജിയായി നിയമിച്ചതായി സർക്കാർ വിജ്ഞാപനം ഇറക്കിയതോടെയാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടത്. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന മുതിർന്ന അഭിഭഷകൻ രാജു രാമചന്ദ്രന്റെ ആവശ്യപ്രകാരമാണ് കേസ് ഇന്ന് തന്നെ കേൾക്കാൻ തീരുമാനിച്ചത്.
വിവാദ പശ്ചാത്തലമുള്ള അഭിഭാഷകയെ ഹൈക്കോടതി ജഡ്ജിയാക്കുന്നത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയ്ക്ക് തുരങ്കംവയ്ക്കുന്നതാണെന്നും അതിനാൽ വിക്ടോറിയയുടെ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികളാണ് സുപ്രിംകോടതി മുമ്പാകെയുള്ളത്.

വിക്ടോറിയ ഗൗരിയുടെ നിലപാടുകൾ ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും മദ്രാസ് ഹൈക്കോടതിയിലെ ചില അഭിഭാഷകർ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈലുകളിൽ ഇപ്പോഴും ബി.ജെ.പി നേതാവാണെന്ന് പറയുന്ന വ്യക്തിയെ ജഡ്ജിയാക്കുന്നത് വഴി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്നും ഹരജിക്കാർ പറഞ്ഞു.

വിക്ടോറിയയുടെ പേര് പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ 21 അഭിഭാഷകരുടെ സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവിനും സുപ്രിംകോടതി കൊളീജിയത്തിനും കത്തെഴുതിയിരുന്നു.

മഹിളാ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയായ വിക്ടോറിയ ഗൗരി നേരത്തെ തന്നെ വിദ്വേഷപരാമർശങ്ങൾ നടത്തി വിവാദത്തിൽപ്പെട്ട വ്യക്തിയാണ്. ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ കഴിഞ്ഞ ഒക്ടോബറിൽ എഴുതിയ ലേഖനങ്ങളാണ് ഏറ്റവുമൊടുവിൽ അവരുടെ പേരിലുയർന്നവിവാദം. ദേശീയ സുരക്ഷയ്ക്കും സമാധാനത്തിനും കൂടുതൽ ഭീഷണി ജിഹാദികളോ ക്രിസ്ത്യൻ മിഷണറിയോ?, ക്രിസ്ത്യൻ മിഷനറിമാരുടെ സാംസ്‌കാരിക വംശഹത്യ എന്നീ തലക്കെട്ടുകളിൽ എഴുതിയ ലേഖനങ്ങളിലൂട നീളം വിദ്വേഷപരാമർശങ്ങളായിരുന്നു. ഇസ്ലാം പച്ച ഭീകരതയാണെങ്കിൽ ക്രിസ്ത്യാനികളുടെത് വെള്ള ഭീകരതയാണ്. ഇസ്ലാമിക ഗ്രൂപ്പുകളെക്കാൾ അപകടകരമാണ് ക്രിസ്ത്യൻ ഗ്രൂപ്പുകൾ. ലൗ ജിഹാദിന്റെ കാര്യത്തിൽ ഇരുഗ്രൂപ്പുകളും ഒരുപോലെ അപകടമാണ്… തുടങ്ങിയ പരാമർശങ്ങളും അവർ നടത്തുകയുണ്ടായി.

centre-notifies-appointment-of-bjp-leader-victoria-gowri-as-additional-judge-of-madras-high-court


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.