ന്യൂഡൽഹി: അഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. സുപ്രീംകോടതി ജഡ്ജി നിയമനത്തിൽ കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പിട്ടു
പട്‌ന ഹൈക്കോടതി ജഡ്ജ് അസദുദ്ദീൻ അമാനത്തുള്ള, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി സഞ്ജയ് കുമാർ, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചിരിക്കുന്നത്.
ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കൊളീജിയവും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഏറെ ചർച്ചയായിരുന്നു. ഇതിനിടയിലാണ് 5 ജഡ്ജിമാരെ ചീഫ് ജസ്റ്റിസുമാരാക്കി സുപ്രിംകോടതി ഉത്തരവിറക്കിയിരിക്കുന്നത്.
ഡി.വി ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഡിസംബർ 13ന് പേരുകൾ ശിപാർശ ചെയ്തിരുന്നെങ്കിലും സ്വരച്ചേർച്ചകളെ തുടർന്ന് അന്തിമ തീരുമാനം വൈകുകയായിരുന്നു.
അതിനിടെ, കഴിഞ്ഞയാഴ്ച നടത്തിയ അസാധാരണമായ നീക്കത്തിലൂടെ രണ്ടു പേരെക്കൂടി സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തിരുന്നു. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാൽ എന്നിവരുടെ പേരാണ് കൊളീജിയം ശുപാർശ ചെയ്തത്. ഇതിൽ തീരുമാനം വന്നിട്ടില്ല.
Comments are closed for this post.