2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

നിരോധിത ഉത്തരവില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തി കേന്ദ്രസര്‍ക്കാര്‍

എസ്.ഡി.പി.ഐയെ കുറിച്ച് ഉത്തരവില്‍ പരാമര്‍ശമില്ല

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കും അഞ്ച് വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തി കേന്ദ്രസര്‍ക്കാര്‍. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ആറ് പേജ് വരുന്ന ഉത്തരവാണ് പുറത്തിറക്കിയത്.

1860ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്റ്റ് പ്രകാരം 2010ല്‍ ഡല്‍ഹിയില്‍ എസ്/226/സൗത്ത് ഡിസ്ടിക്റ്റ് എന്ന രജിസ്‌ട്രേഷന്‍ നമ്പറിലാണ് പോപുലര്‍ ഫ്രണ്ട് രജിസ്റ്റര്‍ ചെയ്തതെന്ന ആമുഖത്തോടെയാണ് നിരോധിത വിജ്ഞാപനം ആരംഭിക്കുന്നത്. കോളജ് പ്രഫസറുടെ കൈപ്പത്തി വെട്ടുകയും കൊലപാതകങ്ങള്‍ നടത്തുകയും ഉന്നതരായ ആളുകളെ അപായപ്പെടുത്തുന്നതിനും പൊതുമുതല്‍ നശിപ്പിക്കുന്നതിനും സ്‌ഫോടക വസ്തുക്കള്‍ സമാഹരിക്കുകയും ചെയ്തു.

കേരളത്തില്‍ സഞ്ജിത്ത്, നന്ദു, അഭിമന്യു, ബിബിന്‍ എന്നിവരേയും തമിഴ്‌നാട്ടില്‍ വി. രാമലിഗം, ശശികുമാര്‍ എന്നിവരേയും കര്‍ണാടകയില്‍ ശരത്, ആര്‍ രുദ്രേഷ്, പ്രവീണ്‍ പൂജാരി എന്നിവരേയും പോപുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തി. പോപുലര്‍ ഫ്രണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഉള്‍പ്പെടെ ആദായ നികുതി വകുപ്പുകള്‍ സ്വീകരിച്ച സാമ്പത്തിക നടപടികളും അക്കമിട്ടു നിരത്തുന്നു.

നിരോധിത സംഘടനയായ സിമിയുടെ നേതാക്കളാണ് പോപുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളില്‍ ചിലരെന്നും പോപുലര്‍ ഫ്രണ്ടിന് നിരോധിത സംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശുമായും ആഗോള തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

യു.പി, കര്‍ണാടക, ഗുജറാത്ത് സര്‍ക്കാരുകള്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട കാര്യവും പരാമര്‍ശിക്കുന്നു.

അതേസമയം, പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ)യുടെ നിരോധനത്തെ കുറിച്ച് ഉത്തരവില്‍ പരാമര്‍ശമില്ല.
പോപുലര്‍ ഫ്രണ്ടിനു പുറമേ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍.സി.എച്ച്.ആര്‍.ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകള്‍ക്കാണ് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്.

വിദേശ ധനസമാഹരണം നടത്തുകയും ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരിലൂടെയും അനുബന്ധസംഘടനകളിലൂടെയും റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ധനസമാഹരണം നടത്തി. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് എത്തുന്നതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണത്തിനുമായാണ് യുവാക്കള്‍, വിദ്യാര്‍ഥികള്‍, വനിതകള്‍, ഇമാമുമാര്‍, അഭിഭാഷകര്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ തുടങ്ങിവര്‍ക്കായി അനുബന്ധ സംഘടനകള്‍ രൂപീകരിച്ചത്.

സാമൂഹിക-സാമ്പത്തിക ഉന്നമനവും വിദ്യാഭ്യാസ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമാണ് ലക്ഷ്യമെന്ന് പറയുമ്പോഴും ഈ സംഘടകള്‍ ഒരു സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദത്തിലേക്ക് നയിക്കുകെയെന്ന രഹസ്യ അജണ്ടയോടെ പ്രവര്‍ത്തിച്ചു. ജനാധിപത്യമെന്ന സങ്കല്‍പത്തെ തുരങ്കംവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. ഭരണഘടനാ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും അവമതിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാവുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജനങ്ങളുടെ സമാധാനവും സാമുദായിക സൗഹാര്‍ദവും തകര്‍ക്കുകയും അക്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു.

രാജ്യത്ത് അരക്ഷിതരാണെന്ന ചിന്ത പടര്‍ത്തി ഒരു സമുദായത്തിലെ ഒരു വിഭാഗത്തിനിടയില്‍ പ്രവര്‍ത്തിച്ചു. സംഘടനയിലെ ചിലര്‍ അന്താരാഷ്ട്ര ഭീകരസംഘടനകളില്‍ ചേര്‍ന്നത് ഇതിന്റെ തെളിവാണ്. ഇക്കാരണങ്ങളാല്‍ യു.എ.പി.എ വകുപ്പുകള്‍ പ്രകാരം ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് യു.എ.പി.എ ഉള്‍പ്പെടെ അനുബന്ധമായ എല്ലാ വകുപ്പുകളും ഉപയോഗിച്ച് നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും വിശദീകരിക്കുന്നു.

ഇന്നത്തെ ഗസറ്റ് വിജ്ഞാപനം മുതല്‍ അഞ്ചു വര്‍ഷത്തേക്ക് നിരോധനം ബാധകമാണെന്നും ആഭ്യന്തര മന്ത്രാലയ അഡീഷനല്‍ സെക്രട്ടറി പ്രവീണ്‍ വഷിഷ്ട പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News