തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കുന്നതില്‍ ചില തദ്ദേശ സ്ഥാപനങ്ങളുടെ ഉദാസീനത വലിയ തിരിച്ചടിയായിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി രാജേഷ്. തെരുവുനായ്ക്കള്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍, എ.ബി.സി കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്ന കാര്യത്തില്‍ പ്രാദേശികമായ വലിയ എതിര്‍പ്പാണ് പലയിടങ്ങളിലും ഉണ്ടായത്. തലശ്ശേരിയില്‍ എ.ബി.സി കേന്ദ്രം അടച്ചുപൂട്ടേണ്ടിവന്നു.
മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നുണ്ട്.
ബിഹാറിലെ ഒരു ജില്ലയില്‍ ഒന്‍പത് സ്ത്രീകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ എട്ടു മാസത്തിനിടെ 13 കുട്ടികളെ നായ്ക്കള്‍ കടിച്ചുകൊന്നു. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അനുമതിയുണ്ടെങ്കിലും അക്രമകാരികളായ തെരുവുനായ്ക്കളെ ഒഴിവാക്കാന്‍ കേന്ദ്രനിയമം അനുവദിക്കുന്നില്ല.
തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് നടപടികള്‍ ഉടന്‍ സ്വീകരിക്കും. തെരുവുനായ ആക്രമണം രാജ്യത്താകെ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ ഈ പ്രശ്‌നം നിലനില്‍ക്കുന്നു.
തെരുവുനായ ശല്യം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര നിയമത്തിലെ ചില വ്യവസ്ഥകള്‍ ഏറെ ബുദ്ധിമുട്ടിക്കുന്നു. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എ.ബി.സി) റൂള്‍സ് 2001 ഭേദഗതി ചെയ്താല്‍ മാത്രമേ ഫലപ്രദമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ.
അക്രമകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായ്ക്കളെ കൊല്ലാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. ആവശ്യം നിരാകരിക്കപ്പെട്ടു, ഇതിന്റെ പേരില്‍ കേരളത്തിനെതിരെ വലിയ കാമ്പയിന്‍ ദേശീയതലത്തില്‍ തന്നെ ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും വാക്‌സിനേറ്റ് ചെയ്യാനുമുള്ള പ്രവര്‍ത്തനം ഊര്‍ജിതമായി കേരളത്തില്‍ നടക്കുകയാണ്. മന്ത്രി കൂട്ടിച്ചേര്‍ത്തു.
2022 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2023 ജൂണ്‍ 11വരെ കേരളത്തില്‍ 470534 നായ്ക്കളെ വാക്‌സിനേറ്റ് ചെയ്തു. ഇതില്‍ 438473 വളര്‍ത്തുനായ്ക്കളും 32061 തെരുവുനായ്ക്കളുമുണ്ട്. 2016 മുതല്‍ 2022 ഓഗസ്റ്റ് 31 വരെ ആകെ 79859 തെരുവുനായ്ക്കളെയാണ് വന്ധ്യംകരിച്ചത്. 2022 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെ 9767 നായ്ക്കളെ വന്ധ്യകരിച്ചു. നിലവില്‍ 19 എബിസി കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രി പറഞ്ഞു.
Comments are closed for this post.