2023 March 23 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണം: പ്രൊഫ. ജവാഹിറുല്ല എം.എല്‍.എ

ജിദ്ദ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു മതേതര സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും അതിന് തമിഴ് നാട് മോഡല്‍ രാജ്യത്തിനു മാതൃകയാണെന്നും തമിഴ് നാട് മുസ്‌ലിം മുന്നേറ്റ കഴകം പ്രസിഡന്റ്‌റും മണിതനിയ മക്കള്‍ കക്ഷി നേതാവുമായ പ്രൊഫ. എം. എച്ച് ജവാഹിറുല്ല എം.എല്‍.എ. പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്കെതിരെ മതേതര പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും അങ്ങനെ ഒരുമിച്ചു നിന്നാല്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉംറ നിര്‍വഹിക്കാനെത്തിയ അദ്ദേഹം ജിദ്ദയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഹാജിമാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ്ജ് കോണ്‍സലറുമായി ചര്‍ച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു. ഹാജിമാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ അടങ്ങിയ ലഖു ലേഖകള്‍ തമിഴ് ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ഇറക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായും ഇക്കാര്യം ഹജ്ജ് കോണ്‍സല്‍ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാരിന്റെ ശ്രമ ഫലമായി ചെന്നൈ വിമാനത്താവളം ഈ വര്‍ഷത്തെ ഹജ്ജ് എംബര്‍ക്കേഷന്‍ പോയിന്റ് ആക്കിയത് തമിഴ് നാട്ടിലെ ഹാജിമാര്‍ക്ക് വലിയ ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം കൊച്ചി വഴിയായിരുന്നു തമിഴ് നാട്ടില്‍ നിന്നുള്ള ഹാജിമാര്‍ യാത്ര ചെയ്തിരുന്നത്. കേരള ഹജ്ജ് കമ്മിറ്റി തമിഴ്‌നാട് ഹാജിമാര്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ മികച്ച സൗകര്യങ്ങള്‍ ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഭരണ കക്ഷിയായ ഡി എം കെ യുടെ സഖ്യ കക്ഷിയായ മണിതനീയ മക്കള്‍ കക്ഷിക്ക് തമിഴ് നാട് നിയമ സഭയില്‍ രണ്ട് അംഗങ്ങള്‍ ഉണ്ട്. ഷറഫിയ്യ ലക്കി ദര്‍ബാര്‍ റെസ്റ്റോറന്റ് ഹാളില്‍ വെച്ച് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ജിദ്ദ തമിഴ് സംഘം നേതാവ് എഞ്ചിനീയര്‍ ഖാജ മൊഹിയുദ്ധീന്‍, ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം ഭാരവാഹികളായ അബ്ദുല്‍ മജീദ്, കീളൈ ഇര്‍ഫം, അഹ്മദ് ബഷീര്‍, അബ്ദുന്നാസര്‍, മുഹമ്മദ് റില്‍വാന്‍, നെല്ലിക്കുപ്പം അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.