ന്യുഡല്‍ഹി: കുട്ടികളിലെ കൊവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ വ്യക്തമാക്കി ചികിത്സാ മാര്‍ഗരേഖയുമായി കേന്ദ്രസര്‍ക്കാര്‍. ആന്റിവൈറല്‍ ജീവന്‍ രക്ഷാ മരുന്നായ റെംഡെസിവിര്‍ കുട്ടികളില്‍ ഉപയോഗിക്കരുതെന്ന് പുതിയ മാര്‍ഗരേഖയില്‍ പറയുന്നു. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ലെന്നും ഉപയോഗിച്ചാല്‍ നല്ലതെന്നും വ്യക്തമാക്കുന്നു.
കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് ബാധിക്കുകയെന്ന വാര്‍ത്തകള്‍ പലയിടത്തും പ്രചരിക്കുന്നുണ്ടെങ്കിലും രാജ്യത്തെ കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ മുതിര്‍ന്ന ഡോക്ടര്‍മാരടക്കം അത്തരം ഒരു നിഗമനത്തിലേക്ക് എത്താനുള്ള ഡാറ്റ തങ്ങളുടെ പക്കലില്ലെന്നും, ഈ വിവരം എങ്ങനെയാണ് പടര്‍ന്നതെന്നറിയില്ലെന്നുമാണ് വ്യക്തമാക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വസീസസ് ആണ് ചികിത്സാ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്.
രണ്ടാം തരംഗത്തില്‍ കൊവിഡ് ബാധിച്ച 60 മുതല്‍ 70 ശതമാനം വരെ കുട്ടികള്‍ക്കും, എന്തെങ്കിലും തരത്തിലുള്ള കോ മോര്‍ബിഡിറ്റി അസുഖങ്ങളോ, അല്ലെങ്കില്‍ കുറഞ്ഞ പ്രതിരോധശേഷിയോ ആണുണ്ടായിരുന്നതെന്നും, എയിംസ് ഡയറക്ടര്‍ ഡോ. റണ്‍ദീപ് ഗുലേറിയ വ്യക്തമാക്കുന്നു. ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ള ആരോഗ്യസ്ഥിതിയുള്ള കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നും, രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കിയിരുന്നു.
Comments are closed for this post.