ന്യൂഡല്‍ഹി: 2023ല്‍ ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 19.75 കോടിയിലെത്തുമെന്ന് കണക്കാക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മാല റോയി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം പറഞ്ഞത്. 2011 സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 17.22 കോടി മുസ്‌ലിങ്ങളാണുള്ളത്. ആകെ ജനസംഖ്യയുടെ 14.2 ശതമാനം മാത്രമാണിത്. 2023 ല്‍ ഇന്ത്യയുടെ ആകെ ജനസംഖ്യ 138.82 കോടി കടക്കുമെന്നാണ് ദേശീയ ജനസംഖ്യാ കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും സ്മൃതി ഇറാനി സഭയില്‍ പറഞ്ഞു.
മുസ് ലിം സമുദായത്തിലെ സാക്ഷരതാ നിരക്ക്, തൊഴില്‍ പങ്കാളിത്തം, കുടിവെള്ള ലഭ്യത, ശൗചാലയം, പാര്‍പ്പിട സൗകര്യം എന്നിവയെക്കുറിച്ചുള്ള സര്‍ക്കാര്‍ കണക്കുകളും മന്ത്രി വ്യക്തമാക്കി. സ്റ്റാറ്റിസ്റ്റിക്കല്‍ ആന്റ് ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ലേബര്‍ ഫോഴ്‌സ് സര്‍വ്വേ പ്രകാരം രാജ്യത്ത് ഏഴ് വയസില്‍ കൂടുതലുള്ള മുസ് ലിങ്ങളുടെ സാക്ഷരത നിരക്ക് 77.7 ശതമാനമാണ്. ഇവര്‍ക്കിടയിലെ ആകെ തൊഴില്‍ പങ്കാളിത്തം 35.1 ശതമാനമാണെന്നും മന്ത്രി പറഞ്ഞു. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട സൗകര്യങ്ങളിലും ഇക്കാലയളവില്‍ മെച്ചപ്പെട്ടതായി മന്ത്രി അറിയിച്ചു. 94.9 ശതമാനം മുസ്‌ലിങ്ങള്‍ കുടിവെള്ള വിതരണം ലഭ്യമായതായി അറിയിച്ചിട്ടുണ്ടെന്നും ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ലഭിച്ചെന്ന് 97.2 ശതമാനം മുസ് ലിങ്ങള്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ശേഷം വീടോ ഫ്‌ളാറ്റോ നിര്‍മിച്ച മുസ് ലിങ്ങള്‍ 50.2 ശതമാനമാണെന്നും മന്ത്രി അവകാശപ്പെട്ടു.
Comments are closed for this post.