രാഹുലിന്റെ അയോഗ്യത നീക്കല്‍; ഒളിച്ചുകളിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: സുപ്രിംകോടതി ഉത്തരവിറങ്ങി രണ്ടുദിവസം കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുന്നതില്‍ ഒളിച്ചുകളിച്ച് ലോക്സഭാ സ്പീക്കറും സെക്രട്ടേറിയറ്റും. അവിശ്വാസപ്രമേയ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നാളെ ലോക്‌സഭയില്‍ ചര്‍ച്ച നടക്കാനിരിക്കുകയാണ്. ഇതില്‍നിന്ന് രാഹുലിനെ തടയുകയാണ് ലക്ഷ്യം. തിരിച്ചെടുത്തുകൊണ്ടുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങിയില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് ആലോചന. രാഹുലിന്റെ ശിക്ഷ കോടതി വെള്ളിയാഴ്ചയാണ് സ്റ്റേ ചെയ്തത്. ഉടനടി അംഗത്വം പുനഃസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കേണ്ടതായിരുന്നു.
അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ മോദിയുടെ സാന്നിധ്യത്തില്‍ രാഹുല്‍ സംസാരിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ താല്‍പര്യം. സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് തിരിച്ചെടുക്കല്‍ നീട്ടിക്കൊണ്ടുപോകാനുള്ള സാധ്യത കോണ്‍ഗ്രസ് മുന്‍കൂട്ടി കണ്ടിരുന്നു. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ കേരള ഹൈക്കോടതി ജനുവരി 25ന് റദ്ദാക്കിയെങ്കിലും അംഗത്വം പുനഃസ്ഥാപിച്ച് ഉത്തരവിറങ്ങിയത് മാര്‍ച്ച് 29നാണ്. അതിനായി ഫൈസലിന് സുപ്രിംകോടതിയെ സമീപിക്കേണ്ടിയും വന്നു. വൈകിക്കുന്നത് തടയാന്‍ വിധിവന്നയുടനെ കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് ആദിര്‍ ചൗധരി സ്പീക്കര്‍ ഓംബിര്‍ലയോട് തിരിച്ചെടുക്കല്‍ വേഗത്തിലാക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു. തൊട്ടടുത്ത ദിവസം വന്നുകാണാനായിരുന്നു സ്പീക്കര്‍ ആവശ്യപ്പെട്ടത്. ഇതോടെ ശനിയാഴ്ച രാവിലെ വിധിയുടെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉള്‍പ്പെടെയുള്ള പകര്‍പ്പുമായി ആദിര്‍ ചൗധരി സ്പീക്കറെ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ല.
ഇതേത്തുടര്‍ന്ന് സ്പീക്കര്‍ക്കും ലോക്‌സഭാ സെക്രട്ടറി ജനറലിനും ഇ – മെയിലായിട്ടും സ്പീഡ് പോസ്റ്റായിട്ടും സുപ്രിംകോടതി ഉത്തരവിന്റെ പകര്‍പ്പ് നല്‍കി. സ്പീക്കറുടെ ജോയിന്റ് സെക്രട്ടറിക്ക് നേരിട്ടും പകര്‍പ്പ് കൈമാറി. രാഹുലിനെ തിരിച്ചെടുക്കാന്‍ സ്വീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. മോദിക്ക് രാഹുലിനെ ഭയമാണെന്ന് ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുന്നത് വൈകുന്നതില്‍നിന്ന് മനസിലാക്കേണ്ടിവരും. രാജ്യത്തെ പരമോന്നത നീതിന്യായ കോടതിയുടെ വിധിപോലും നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ ഇതു വെള്ളരിക്കാപ്പട്ടണമാണോ? സ്പീക്കറും കേന്ദ്ര സര്‍ക്കാരും വയനാട്ടിലെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്. കാണാന്‍ ആദ്യം അനുമതി നല്‍കാമെന്നുപറഞ്ഞ സ്പീക്കര്‍, പിന്നീട് നിലപാടുമാറ്റിയത് എന്തുകൊണ്ടാണ്? സുപ്രിംകോടതി വിധിപറയുന്ന സമയത്ത് സോളിസിറ്റര്‍ ജനറല്‍ കോടതിയിലുണ്ടായിരുന്നു. അതുകൊണ്ട് വിധിയേക്കുറിച്ച് അറിഞ്ഞില്ലെന്നു പറയാന്‍ കഴിയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
Comments are closed for this post.