2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാപ്പി കുടി ശീലമാക്കിയവരാണോ; പണം സമ്പാദിക്കാന്‍ അവസരം; കേന്ദ്ര സര്‍ക്കാരിന്റെ കോഫി പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കാപ്പി കുടി ശീലമാക്കിയവരാണോ; പണം സമ്പാദിക്കാന്‍ അവസരം; കേന്ദ്ര സര്‍ക്കാരിന്റെ കോഫി പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

രാവിലെ തന്നെ ഉറക്കമുണര്‍ന്ന് ഒരു കാപ്പിയോ ചായയോ കുടിക്കാത്ത മലയാളികള്‍ വിരളമാണ്. ചിലര്‍ക്കെങ്കിലും ചായയേക്കാള്‍ പ്രിയം കാപ്പിയോടായിരിക്കും. എന്നാല്‍ ഇനി മുതല്‍ കാപ്പി കുടി ഒരു ശീലം മാത്രമാക്കി ചുരുക്കണ്ട, പകരം കാപ്പി കുടിക്കുന്നതിന് ശമ്പളം കൂടി കിട്ടാനുള്ള സാധ്യതയാണ് പറഞ്ഞുവരുന്നത്. ലോകത്താകമാനം ഇങ്ങനെ കാപ്പി രുചിച്ച് പണം സമ്പാദിക്കുന്ന നിരവധിയാളുകളുണ്ട്.

കോഫി ടേസ്റ്റേഴ്‌സ്
ലോകത്താകമാനം ജോലി സാധ്യതയുളള മേഖലയാണ് കോഫി ടേസ്റ്റേഴ്‌സിന്റേത്. കമ്പനികള്‍ തയ്യാറാക്കുന്ന കാപ്പികള്‍ രുചിച്ച് നോക്കി അതിന്റെ ഗുണനിലവാരം പരിശോധിക്കലാണ് ഇവരുടെ ജോലി. ലോകത്താകമാനം കാപ്പിക്കുള്ള പ്രാധാന്യം തന്നെയാണ് ഈ മേഖലയില്‍ ജോലി സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകം.

നേരിയ രുചി വ്യത്യാസം പോലും കാപ്പിയുടെ ഗുണനിലവാരത്തില്‍ ഗണ്യമായ മാറ്റം വരുത്തിയേക്കും. അതുകൊണ്ട് തന്നെ വളരെയേറെ ശ്രദ്ധയും സൂക്ഷ്മ പരിശോധനയും ആവശ്യമായി വരുന്ന പ്രൊഫഷനാണിത്. ചുമ്മാ ആര്‍ക്ക് വേണമെങ്കിലും കോഫി ടേസ്റ്ററവാന്‍ കഴിയില്ല. നിശ്ചിത കാലയളവിലുള്ള കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്കാണ് ജോലിക്ക് അവസരമുള്ളത്.

എവിടെ പഠിക്കാം
കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബെംഗലുരു ആസ്ഥാനമായുള്ള കോഫി ബോര്‍ഡാണ് ഇന്ത്യയില്‍ കോഫി ടേസ്റ്റേഴ്‌സ് കോഴ്‌സുകള്‍ നടത്തുന്നത്. 12 മാസത്തേക്കാണ് പി.ജി ഡിപ്ലോമ ഇന്‍ കോഫി ക്വാളിറ്റി മാനേജ്‌മെന്റ് എന്ന കോഴ്‌സ് നല്‍കി വരുന്നത്. ഇത്തവണത്തേക്കുള്ള പ്രാഗ്രാമിന് ഒക്ടോബര്‍ 6 വരെ അപേക്ഷിക്കാം. രജിസ്റ്റേര്‍ഡ്, സ്പീഡ് പോസ്റ്റ് വഴി അപേക്ഷ നല്‍കാം. കാപ്പി കൃഷി, കാപ്പി പാകപ്പെടുത്തല്‍, ഗുണനിയന്ത്രണം, വിപണനം തുടങ്ങിയവയിലെ തിയറിയും പ്രാക്ടിക്കലും പാഠ്യക്രമത്തിലുണ്ട്. ഈ കോഴ്‌സിന്റെ അടിസ്ഥാനത്തിലാണ് കോഫി ടേസ്റ്ററുമാരെ നിയമിക്കുന്നത്.

യോഗ്യത
ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോസയന്‍സ്, ഫുഡ് ടെക്നോളജി, ഫുഡ് സയന്‍സ്, എന്‍വിയോണ്‍മെന്റല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ബാച്ലര്‍ ബിരുദമുള്ളവര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. കാപ്പിത്തോട്ടം, കാപ്പിക്കയറ്റുമതി എന്നിവയടക്കം കാപ്പിവ്യവസായവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് പ്രവേശന നടപടികളില്‍ മുന്‍ഗണനയുണ്ടായിരിക്കും. അതില്ലാത്തവര്‍ക്കും അപേക്ഷിക്കാം.

പ്രവേശന പ്രക്രിയ
യോഗ്യതാപരീക്ഷയിലെ മാര്‍ക്ക്, ഇന്റര്‍വ്യൂ, നാവിന്റെ സംവേദനശേഷി പരിശോധന (sensory evaluation test) എന്നിവ അടിസ്ഥാനമാക്കിയാണ് സെലക്ഷന്‍. ഒക്ടോബര്‍ 18ന് നടത്തുന്ന ഇന്റര്‍വ്യൂവിന് ശേഷമാണ് നിയമനം. www.indiacoffee.org എന്ന വെബ്‌സൈറ്റിലെ ‘ലേറ്റസ്റ്റ് അപ്‌ഡേറ്റ്‌സ്’ എന്ന ലിങ്കില്‍ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയുമുണ്ട്. ഫോം ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിച്ച്, നിര്‍ദിഷ്ട ബാങ്ക് അക്കൗണ്ടിലേക്ക് 1500 രൂപ നെഫ്റ്റ് ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖ സഹിതം Divisional Head (Coffee Quality), Coffee Board, No.1, Dr B. R. Ambedkar Veedhi, Bengaluru – 560 001, ഫോണ്‍: 22262868 എന്ന വിലാസത്തിലെത്തിക്കണം. രണ്ടര ലക്ഷം രൂപയാണ് കോഴ്‌സ് ഫീ. പട്ടികവിഭാഗക്കാര്‍ക്ക് ഫീസിനത്തില്‍ ഇളവുണ്ടായിരിക്കും. മൂന്നു ട്രൈമെസ്റ്റര്‍ പ്രോഗ്രാമിന്റെ ആദ്യ ട്രൈമെസ്റ്ററില്‍ സൗജന്യ താമസസൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് hdqccoffeeboard@gmail.com ലേക്ക് മെയില്‍ ചെയ്യുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.