
ഡല്‍ഹി: കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം. കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി തൊഴില്‍ അത്മനിര്‍ഭര്‍ ഭാരത് റോസ്ഗര് യോജന എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. 15000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. പതിനായിരത്തില്‍ അധികം പേരുള്ള കമ്പനികളില്‍ ജീവനക്കാരുടെ വിഹിതം മാത്രം നല്‍കും. ജീവനക്കാരുടെ പിഎഫ് വിഹിതം നിശ്ചിത കാലയളവ് വരെ സര്‍ക്കാര്‍ അടയ്ക്കും. നഷ്ടത്തിലായ സംരഭങ്ങള്‍ക്ക് അധിക വായ്പ ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ചു. ഒരുവര്‍ഷം മൊററ്റോറിയവും നാലുവര്‍ഷത്തെ തിരിച്ചടവ് കാലാവധിയും നല്‍കും.
സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് പറഞ്ഞ ധനമന്ത്രി ഭവനനിര്‍മ്മാണ മേഖലയിലും കൂടുതല്‍ തുക അനുവദിച്ചു. വീടുകള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ആദായനികുതി ഇളവും പ്രഖ്യാപിച്ചു. ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ കൂടുതല്‍ തുകയാണ് പ്രഖ്യാപിച്ചത്. രാസവള സബ്സിഡിക്കായി 65000 കോടി പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 10,000 കോടി രൂപ കൂടി അനുവദിച്ചു. സര്‍ക്കാര്‍ കരാറുകാര്‍ കെട്ടിവയ്ക്കേണ്ട തുക 5 മുതല്‍ 10 ശതമാനം ആയിരുന്നതില്‍ നിന്ന് മൂന്ന് ശതമാനമായി കുറച്ചു.
തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചും മറ്റും സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാന്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ മൂന്നാം ഘട്ടത്തില്‍ 12 സുപ്രധാന പ്രഖ്യാപനങ്ങളാണ് നടത്തിയത്. സമഗ്രമേഖലയെ സ്പര്‍ശിക്കുന്നതാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ മൂന്നാം ഘട്ടമെന്ന് മന്ത്രി വ്യക്തമാക്കി. മൊത്തം 2.65 ലക്ഷം കോടി രൂപയുടെ പ്രഖ്യാപനങ്ങളാണ് നടത്തിയതെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന പ്രഖ്യാപിച്ചതാണ് ഇതില്‍ പ്രധാനം. ദീപാവലി സമ്മാനമായാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. കൊവിഡ് വാക്സിന് വികസിപ്പിക്കുന്നതിന് 900 കോടി രൂപ നീക്കിവെച്ചതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ യോജന പ്രകാരം 10000 രൂപ അധികം അനുവദിക്കുമെന്നും നിര്‍മ്മല സീതാരാമന് വ്യക്തമാക്കി.
ഒക്ടോബര്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജനയുടെ പ്രയോജനം ലഭിക്കുക. ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിച്ചവരുടെ സ്ഥാപനങ്ങള്‍ക്ക് രണ്ടുവര്‍ഷം വരെ സര്‍ക്കാര്‍ സബ്സിഡി നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ച് ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ജോലി നഷ്ടപ്പെട്ട ശേഷം ഒക്ടോബര്‍ ഒന്നുമുതല്‍ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിച്ചവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
നിര്‍മ്മാണം, അടിസ്ഥാന സൗകര്യവികസനം തുടങ്ങി സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് നിര്‍ണായകമായ മേഖലകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതാണ് ഉത്തേജക പാക്കേജ്. കോവിഡ് മൂലം പ്രതിസന്ധിയിലായ ആരോഗ്യരംഗം അടക്കം 26 മേഖലകളുടെ പ്രോത്സാഹനത്തിന് ക്രെഡിറ്റ് ഗ്യാരണ്ടി സപ്പോര്‍ട്ട് സ്കീം പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷം കൊണ്ട് വായ്പ തിരിച്ചടച്ചാല്‍ മതി. ആദ്യ വര്‍ഷം വായ്പയ്ക്ക് മൊറട്ടോറിയം അനുവദിക്കും. തുടര്‍ന്നുള്ള നാലുവര്‍ഷം കൊണ്ട് പണം തിരിച്ചടച്ചാല്‍ മതിയെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന മേഖലയുടെ വികസനത്തിന് നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടില്‍ 6000 കോടി രൂപയുടെ ഓഹരിനിക്ഷേപം നടത്തുമെന്നും നിര്‍മ്മല സീതാരാമന് വ്യക്തമാക്കി.