2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കര്‍ഷക സമരത്തെ എന്‍.ഐ.എയെ ഉപയോഗിച്ച് പരാജയപ്പെടുത്താന്‍ ശ്രമം തുടങ്ങി, കര്‍ഷക മോര്‍ച്ച നേതാവിനോട് ഹാജറാവാന്‍ നിര്‍ദേശം, ഹാജരാവില്ലെന്ന് ബല്‍ദേവ് സിങ് സിര്‍സ

 

ന്യൂഡല്‍ഹി: എന്‍.ഐ.എ യെ ഉപയോഗിച്ച് കര്‍ഷക സമരത്തെ അമര്‍ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍. സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയ്ക്ക് എന്‍.ഐ.എയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ബല്‍ദേവ് സിംഗ് ഉള്‍പ്പെടെ 12 ലധികം ആളുകള്‍ക്ക് എന്‍.ഐ.എ നോട്ടീസ് നല്‍കിയത്. യു.എ.പി.എ, രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 2020 ഡിസംബര്‍ 15 ന് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്‌ക്കെതിരെ ദല്‍ഹിയില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. എന്നാല്‍ കര്‍ഷക പ്രതിഷേധം തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് എന്‍.ഐ.എയുടെ ഇടപെടലെന്ന് കര്‍ഷകര്‍ പറഞ്ഞു.

അതേസമയം, കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു.നിയമം പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേന്ദ്രത്തിനോടും കര്‍ഷകരോടും സംസാരിക്കാന്‍ നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഈ സമിതിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. അതേസമയം, കര്‍ഷകരുമായി പത്താംവട്ട ചര്‍ച്ച ജനുവരി 19 ന് നടത്താനാണ് സര്‍ക്കാരിന്റെ നിലവിലെ തീരുമാനം.

എന്‍.ഐ.എയുടെ ചോദ്യം ചെയ്യല്ലിന് ഹാജരാവില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിങ് സിര്‍സ. നാളെ ഹാജരാകാന്‍ അദ്ദേഹത്തിന് ദേശീയ അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കിയിരുന്നു. പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ലോക് ഭലായ് ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ (എല്‍.ബി.ഐ.ഡബ്ല്യു.എസ്) പ്രസിഡന്റ് കൂടിയാണ് സിര്‍സ.

സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ) എന്ന സംഘടനയ്ക്ക് എതിരായ കേസില്‍ ഞായറാഴ്ച ഡല്‍ഹിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ് ഫോര്‍ ജസ്റ്റിസുമായി ബന്ധമുള്ള പഞ്ചാബ് സ്വദേശികള്‍ക്കെതിരെയാണ് എന്‍.ഐ.എ, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വിനോദ യാത്ര ബസ് ഓപ്പറേറ്റര്‍, ചെറുകിട വ്യവസായികള്‍, കേബ്ള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്കും എന്‍.ജി.ഒകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

എസ്.എഫ്.ജെയെ പോലെയുള്ള ഖലിസ്ഥാനി സംഘടനകള്‍ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കി ഭീകരവാദം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നാണ് എന്‍.ഐ.എ അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ മാസങ്ങളില്‍ നിരോധിത ഖലിസ്ഥാനി സംഘടനകളിലെ അംഗങ്ങള്‍, കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിലെ എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.