ന്യുഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പരിപൂര്‍ണ ശ്രദ്ധ ആഡംബര ട്രെയിനുകളില്‍ മാത്രമാണെന്നും ഒഡീഷയിലുണ്ടായ ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം. പാവപ്പെട്ടവര്‍ യാത്ര ചെയ്യുന്ന സാധാരണ ട്രെയിനുകള്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതിന്റെ ഫലമാണ് ഈ അപകടമെന്നും ബിനോയ് വിശ്വം ട്വിറ്ററില്‍ കുറിച്ചു.
‘കേന്ദ്ര സര്‍ക്കാരിന്റെ പരിപൂര്‍ണ ശ്രദ്ധ ആഡംബര ട്രെയിനുകളിലാണ്. സാധാരണക്കാരുടെ ട്രെയിനുകളും പാളങ്ങളും അവഗണിക്കപ്പെടുകയാണ്. ഒഡീഷയിലെ ട്രെയിന്‍ അപകടവും അവിടെ സംഭവിച്ച മരണങ്ങളും അതിന്റെ ഫലമാണ്. റെയില്‍വേ മന്ത്രി രാജിവയ്ക്കണം’ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ഒഡീഷയില്‍ ട്രെയിന്‍ അപകടത്തില്‍ ഇതുവരെ 280 പേര്‍ മരണപ്പെട്ടു. ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. ബെംഗളൂരുവില്‍നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുര്‍ ഹൗറ എക്‌സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാര്‍ ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ സമീപത്തെ ഗുഡ്‌സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു.
Comments are closed for this post.