2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പൗരന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ കേന്ദ്രം; ഏല്‍പിക്കുന്നത് ഇസ്‌റാഈല്‍ ഏജന്‍സിയെ

പൗരന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ കേന്ദ്രം; ഏല്‍പിക്കുന്നത് ഇസ്‌റാഈല്‍ ഏജന്‍സിയെ

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താനായി ഇസ്‌റാഈല്‍ ചാര ഉപകരണങ്ങള്‍ വാങ്ങാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഇസ്‌റാഈല്‍ ചാര ഉപകരണ നിര്‍മാതാക്കളായ കോഗ്‌നെറ്റ്, സെപ്റ്റീര്‍ എന്നീ കമ്പനികളുടെ ഉപകരണങ്ങള്‍ വാങ്ങി പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍, ആശയവിനിമയങ്ങള്‍, സ്വകാര്യ ചര്‍ച്ചകള്‍, ഡിജിറ്റല്‍ വിവരങ്ങള്‍ എന്നിവ ചോര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചോര്‍ത്തിയെടുക്കുന്ന വിവരങ്ങള്‍ പുറംകടലില്‍ സ്ഥാപിച്ചിരിക്കുന്ന കേബിള്‍ ലാന്‍ഡിങ് സ്റ്റേഷന്‍ വഴി ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ദേശീയ മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നു.

ഇന്ത്യയില്‍ നിലവിലുള്ള നിയമപ്രകാരം നിരോധിക്കപ്പെട്ടതാണ് കോഗ്‌നെറ്റ്, സെപ്റ്റീര്‍ പോലുള്ള ചാര ഉപകരണങ്ങള്‍. എന്നാല്‍ ഇവ ഇന്ത്യയിലെ പ്രമുഖ ടെലികോം ദാതാക്കളായ ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് നേരത്തെ വില്‍പന നടത്തിയിരുന്നു. കോഗ്‌നെറ്റ് നേരത്തെ ഇന്ത്യയില്‍ വില്‍പന നടത്തിയതായും മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ അത് ഉപയോഗിച്ചതായും സമൂഹമാധ്യമമായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ ഉടമകളായ ‘മെറ്റ’യും ആരോപിച്ചിരുന്നു. അതീവ സുരക്ഷയില്‍ കൈകാര്യം ചെയ്യേണ്ട വ്യക്തിഗത വിവരങ്ങളും തീര്‍ത്തും സ്വകാര്യമായ ആശയവിനിമയങ്ങളും ചോര്‍ത്തി നല്‍കുന്നത് അത്യന്തം ഗുരുതര വീഴ്ചയാണെന്ന് സുപ്രിം കോടതി ഉള്‍പ്പെടെ നേരത്തെ വ്യക്തമാക്കിട്ടുണ്ട്.

ടെലികോം, ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സഹായമില്ലാതെ തന്നെ വ്യക്തികളുടെയും വിവിധ സംഘടനകളുടെ സ്വകാര്യഗ്രൂപ്പുകളുടെയും ആശയവിനിമയങ്ങളും ചര്‍ച്ചകളും പകര്‍ത്താന്‍ കഴിയുന്ന അതിനൂതന സാങ്കേതിക വിദ്യയിലാണ് കോഗ്‌നെറ്റും സെപ്റ്റീറും പ്രവര്‍ത്തിക്കുന്നത്. ഇവരുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇസ്‌റാഈലിലെ നിയമങ്ങള്‍ക്ക് വിധേയമായാണ്. അതുകൊണ്ടുതന്നെ, അവര്‍ മറ്റൊരു രാജ്യത്തിനോ സ്ഥാപനങ്ങള്‍ക്കോ കരാര്‍ മുഖേന വില്‍പന നടത്തിയ ഉപകരണങ്ങളിലെ വിവരങ്ങള്‍ പോലും പകര്‍ത്താനുള്ള അധികാരം കമ്പനികള്‍ക്കുണ്ടെന്നാണ് ഐ.ടി മേഖലയിലെ വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ പരാതിപ്പെടാനോ നടപടി സ്വീകരിക്കാനോ ഇസ്‌റാഈല്‍ നിയമപ്രകാരം സാധിക്കില്ലെന്നതും കമ്പനികളുമായുള്ള സഹകരണം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

പ്രതിവര്‍ഷം 10 ശതമാനം നിരക്കില്‍ വളര്‍ച്ച നേടുന്ന, 3000 കോടി ഡോളര്‍ ആസ്തിയുള്ള കമ്പനിയുടെ പ്രധാന വിപണന കേന്ദ്രങ്ങള്‍ ഏഷ്യാ പസഫിക് മേഖലയും അതില്‍ തന്നെ ഇന്ത്യയുമാണെന്നാണ് കമ്പനി രേഖകള്‍ വ്യക്തമാക്കുന്നത്.
2019ല്‍ ഇസ്‌റാഈല്‍ ചാര ഉപകരണമായ പെഗാസസിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയെന്ന ആരോപണം ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ ആശയവിനിമയങ്ങളും വിവരങ്ങളും ചോര്‍ത്താന്‍ ഇസ്‌റാഈലി ചാര ഉപകരണ കമ്പനിയായ പെഗാസസുമായി പ്രധാനമന്ത്രി നരേന്ദ്രമോദി 2017ല്‍ ഇസ്‌റാഈല്‍ സന്ദര്‍ശിച്ച വേളയില്‍ ധാരണയുണ്ടാക്കിയെന്നതായിരുന്നു ആരോപണം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തുവന്നു. തുടര്‍ന്ന് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.