2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നേരില്ലാതെ സി.ബി.ഐ

ഗിരീഷ് കെ നായര്‍
kgirishk@gmail.com

 

മോയിന്‍ അക്തര്‍ ഖുറേഷി എന്ന പേരു കേള്‍ക്കുമ്പോള്‍ത്തന്നെ സി.ബി.ഐ ഡയരക്ടര്‍മാരുടെ മുട്ടിടിക്കാന്‍ തുടങ്ങും. പേടിക്ക് കാരണമുണ്ട്. ഇയാള്‍ എപ്പോഴാണ് തന്റെ തലയെടുക്കുന്നതെന്നാണ് ഇവരുടെ പേടി. ഇപ്പോഴത്തെ ഡയരക്ടര്‍ അലോക് വര്‍മയുടെയും തൊട്ടുമുന്‍പ് ഉണ്ടായിരുന്ന രണ്ടു സി.ബി.ഐ ചീഫുമാരുടെയും പതനത്തിന് കാരണക്കാരനാണ് ഈ കോടീശ്വരന്‍. സി.ബി.ഐ ചീഫുമാരായ എ.പി.സിങും രഞ്ജിത് സിന്‍ഹയും ഇപ്പോള്‍ അലോക് വര്‍മയും ഖുറേഷിയില്‍ തട്ടിത്തന്നെയാണ് വീണത്. ചീഫും ഡെപ്യൂട്ടി ചീഫും തമ്മില്‍ ഒരു വര്‍ഷമായി നിലനിന്ന ശീതസമരത്തിന്റെ അവസാനമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.

ആരാണീ ഖുറേഷി
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള മാംസ കയറ്റുമതിക്കാരനായ കോടീശ്വരനാണ് മോയിന്‍ അക്തര്‍ ഖുറേഷി. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മാംസ കയറ്റുമതിക്കാരനാണ് ഇയാള്‍. 1993ല്‍ ഉത്തര്‍പ്രദേശിലെ രാംപൂരില്‍ ഒരു ചെറിയ ഇറച്ചിക്കട തുടങ്ങിക്കൊണ്ട് ഈ രംഗത്തുപ്രവേശിച്ച ഖുറേഷിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. മാംസ കയറ്റുമതിയിലൂടെ കോടികള്‍ സമ്പാദിച്ച ഖുറേഷിയുടെ സാമ്രാജ്യം ഇന്ന് നിര്‍മാണ മേഖല, ഫാഷന്‍ രംഗം തുടങ്ങിയ മേഖലകളില്‍ നിലയുറപ്പിച്ചിരിക്കുന്നു. 25ലധികം കമ്പനികളാണ് ഖുറേഷിയുടെതായി പ്രവര്‍ത്തിച്ചുവരുന്നത്.
ഖുറേഷിക്കെതിരേ നികുതിവെട്ടിപ്പ് മുതല്‍ കള്ളപ്പണത്തിനും അഴിമതിക്കുംവരെ കേസുകളും അന്വേഷണങ്ങളും നടക്കുന്നുണ്ട്. ഇതു കൂടാതെ ഹവാല പണമിടപാടും ഖുറേഷി നടത്തുന്നതായി നിരവധി കേസുകളും പരാതികളുമാണുള്ളത്. രാഷ്ട്രീയക്കാരെയും സി.ബി.ഐ തുടങ്ങി ഔദ്യോഗിക തലങ്ങളിലുള്ള എല്ലാവരെയും വലുപ്പച്ചെറുപ്പമില്ലാതെ വരുതിയില്‍ കൊണ്ടുവരാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുന്നതില്‍ അഗ്രഗണ്യനാണ് ഖുറേഷി.

പെരുമ നേടിയത് അടുത്തിടെ
ഇതൊക്കെ ആണെങ്കിലും ഖുറേഷി വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത് 2014ലാണ്. 15 മാസത്തിനിടെ 70 തവണയാണ് ഇയാള്‍ അന്നത്തെ സി.ബി.ഐ ചീഫ് രഞ്ജിത് സിന്‍ഹയുടെ വസതി സന്ദര്‍ശിച്ചത്. ഈ സംഭവം വിവാദമായതോടെയാണ് ഖുറേഷിക്കെതിരേ അന്വേഷണം കടുപ്പിച്ചത്. ഖുറേഷിയുടെ പെരുമ വേഗത്തില്‍ മനസിലാക്കാന്‍ ഒരു സംഭവമുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ഒരു വന്‍ വ്യവസായിയായ സതീഷ് ബാബു സന സുഹൃത്തിന്റെ മകനെ സി.ബി.ഐ കേസില്‍ നിന്നൊഴിവാക്കാന്‍ ഖുറേഷിക്ക് നല്‍കിയത് ഒരു കോടി രൂപയാണ്. ഖുറേഷിയാകട്ടെ അന്നത്തെ ചീഫ് രഞ്ജിത് സിന്‍ഹ വഴി കാര്യം സാധിക്കുകയും ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ കേസ് ഇപ്പോഴും തുടരുകയാണ്.

കളങ്കം രഞ്ജിത് സിന്‍ഹ
അഴിമതിക്ക് പേരുകേട്ട സി.ബി.ഐ ചീഫാണ് രഞ്ജിത് സിന്‍ഹ. 2012 മുതല്‍ 2014 വരെ സി.ബി.ഐ ചീഫായിരുന്നു. കുറ്റാരോപിതരായവരെയും കേസുകളില്‍ സംശയിക്കുന്നവരെയും കൂടിക്കാഴ്ച നടത്തുന്നത് സിന്‍ഹയുടെ സ്ഥിരം ശീലമായി മാറിയതോടെ ഒരിക്കല്‍ സുപ്രിംകോടതി സിന്‍ഹയെ കണക്കിന് ശകാരിച്ചു. ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിന്‍ഹയെ സി.ബി.ഐ തന്നെ നിരീക്ഷിക്കാന്‍ ഇത് കാരണവുമായി. എന്നാലും തനിക്കെതിരേയുള്ള ആരോപണങ്ങളെല്ലാം ഇപ്പോഴും സിന്‍ഹ തള്ളിക്കൊണ്ടിരിക്കുകയാണ്. സിന്‍ഹയുടെ കളങ്കിത നടപടികളാണ് സി.ബി.ഐയെ നന്നാക്കാനുള്ള നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്.

എ.പി.സിങിനു പറ്റിയത്
2010 മുതല്‍ 2012 വരെ സി.ബി.ഐ ചീഫായിരുന്നു എ.പി.സിങ്. സിങ് ചീഫായിരുന്ന കാലയളവില്‍ ഖുറേഷി കാണാമറയത്തായിരുന്നല്ലോ. അതുകൊണ്ട് അന്നൊന്നും ആരോപണങ്ങളുണ്ടായിരുന്നുമില്ല. എന്നാല്‍, 2014ലോടെ വാര്‍ത്തകളില്‍ ഖുറേഷി നിറഞ്ഞതോടെ സിങുമായി ‘കച്ചവടം’ നടന്നിട്ടുണ്ടോ എന്ന സ്‌കാനിങുണ്ടായി. സംശയം ശരിയായിരുന്നു. ഖുറേഷി, സിങുമായി സംശയകരമായ സാഹചര്യങ്ങളില്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും സിങിന്റെ ഇടപാടുകളില്‍ പ്രാഥമിക അന്വേഷണം നടത്തി. ഇതോടെ സിങ് തിമിംഗലമാണെന്ന് തെളിയുകയും കഴിഞ്ഞ ഫെബ്രുവരിയോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. സി.ബി.ഐയെ വ്യഭിചരിച്ച് യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനില്‍ അംഗത്വം ഉറപ്പിച്ചിരുന്ന സിങിന് ഇതോടെ സ്ഥാനം നഷ്ടമായി. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം സിങും നിഷേധിക്കുന്നു. ഇനി തെളിയിക്കേണ്ട ബാധ്യത സി.ബി.ഐക്കു തന്നെ.

അസ്താനയും വര്‍മയും
സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ ബലമായി സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയത് വലിയ വാര്‍ത്തയായിരുന്നു. അതിനു പിന്നിലും ഖുറേഷി ബന്ധമാണുണ്ടായിരുന്നത്. ഖുറേഷിക്കെതിരേ സി.ബി.ഐ തുടങ്ങിവച്ച അന്വേഷണം അവസാനിപ്പിക്കാന്‍ അലോക് വര്‍മ ഹൈദരാബാദ് വ്യവസായി സനയില്‍ നിന്ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു ആരോപണം. ഈ ആരോപണവുമായി രംഗത്തുവന്നത് പ്രധാനമന്ത്രി മോദിയുടെ വലംകൈ ആയിരുന്ന ഗുജറാത്തില്‍ നിന്നുള്ള സി.ബി.ഐ ഡെപ്യൂട്ടി ഡയരക്ടര്‍ രാകേഷ് അസ്താനയായിരുന്നു. ഐ.ആര്‍.സി.ടി.സി കേസില്‍ ലാലു പ്രസാദ് യാദവിനെതിരേ റെയ്ഡ് നടത്താനുള്ള അസ്താനയുടെ ശ്രമം വര്‍മ തടഞ്ഞെന്നാണ് മറ്റൊരു ആരോപണം. ഇതുകൂടാതെ ഐ.എന്‍.എക്‌സ് മീഡിയ, കല്‍ക്കരി എന്നീ കേസുകളിലും വര്‍മയ്‌ക്കെതിരേ കേന്ദ്ര വിജിലന്‍സില്‍ അസ്താന പരാതി നല്‍കിയിട്ടുണ്ട്. ഇതൊക്കെ വിജിലന്‍സ് അന്വേഷിക്കുമോ എന്ന് വ്യക്തമല്ല.
വര്‍മയാകട്ടെ, അസ്താനക്കെതിരേ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് തിരിച്ചടിച്ചു. സനയില്‍ നിന്ന് താനല്ല, അസ്താനയാണ് മൂന്നുകോടി രൂപ വാങ്ങി ഖുറേഷിക്കെതിരേയുള്ള കേസുകള്‍ തേച്ചുമായ്ച്ചുകളയാന്‍ ശ്രമിച്ചതെന്നായിരുന്നു ആരോപണം. തലപ്പത്തുള്ളവര്‍ക്കെതിരേ അന്വേഷണം നടത്തേണ്ട ഗതികേടിലാണ് സി.ബി.ഐ ഇപ്പോള്‍.

നേരറിയാതെ സി.ബി.ഐ
സി.ബി.ഐയില്‍ വളരെ പ്രാപ്തിയുള്ള ഉദ്യോഗസ്ഥരാണുള്ളത്. അഴിമതിക്കറ പുരണ്ടുതുടങ്ങിയതോടെയാണ് സി.ബി.ഐക്ക് ദുഷ്‌പേര് ഉണ്ടായി തുടങ്ങിയത്. രണ്ടാം ലോക മഹായുദ്ധകാലത്ത് വാര്‍ ആന്‍ഡ് സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റിലെ അഴിമതിയും ഇടപാടുകളും പരിശോധിക്കാന്‍ 1941ല്‍ രൂപീകരിച്ച സ്‌പെഷല്‍ പൊലിസ് എസ്റ്റാബ്ലിഷ്‌മെന്റില്‍ നിന്നാണ് ഇന്നത്തെ സി.ബി.ഐയുടെ വരവ്. യുദ്ധകാലത്ത് രൂപീകരിച്ചതാണെങ്കിലും യുദ്ധത്തിന് ശേഷവും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയും ഇടപാടുകളും അന്വേഷിക്കാന്‍ ഒരു കേന്ദ്ര ഏജന്‍സി വേണമെന്ന ചിന്തയെത്തുടര്‍ന്ന് 1946ല്‍ ഡല്‍ഹി സ്‌പെഷല്‍ പൊലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നിലവില്‍ വരികയും ഇതുവഴി ആഭ്യന്തവകുപ്പിലേക്ക് ഈ ഏജന്‍സിയെ മാറ്റുകയും ചെയ്തു. 1963ലാണ് ഈ ഏജന്‍സിക്ക് ആഭ്യന്തര മന്ത്രാലയം സി.ബി.ഐ എന്ന പേരു നല്‍കിയത്. തുടര്‍ന്ന് കേന്ദ്രത്തിലെന്നല്ല, എല്ലാ മേഖലകളിലും അഴിമതിയും ഇടപാടുകളും അന്വേഷിക്കാന്‍ സി.ബി.ഐക്ക് അധികാരം നല്‍കി. പത്മഭൂഷണ്‍ ലഭിച്ച ഡി.പി. കോലിയായിരുന്നു ആദ്യ ഡയരക്ടര്‍. രാജ്യത്തോടുള്ള പ്രതിബദ്ധതയും അന്വേഷണ പ്രാപ്തിയും നിഷ്പക്ഷ പ്രവര്‍ത്തനവുമാണ് സി.ബി.ഐയുടെ മുഖമുദ്രയായി കോലി വിശേഷിപ്പിച്ചിരുന്നത്.

അധികാരം ചീഫിനല്ല?
ഡയരക്ടര്‍ക്കാണ് എല്ലാ അധികാരവുമെന്ന പരിഗണന സി.ബി.ഐയിലില്ല. അതുകാരണം നിരവധി പ്രശ്‌നങ്ങള്‍ ആ ഏജന്‍സി അനുഭവിക്കുന്നുമുണ്ട്. സ്വതന്ത്ര ഏജന്‍സി എന്നാണ് വയ്‌പെങ്കിലും ഡയരക്ടറെ മുന്നറിയിപ്പില്ലാതെ കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതിലൂടെ ഇതിന് അങ്ങനെ സ്വാതന്ത്ര്യമില്ലെന്നും തെളിഞ്ഞിരിക്കുകയാണ്. മാത്രമോ, തലപ്പത്തെ ഒന്നാമനെയും രണ്ടാമനെയും ചുമതലകളില്‍ നിന്നു മാറ്റി നിര്‍ത്തിയ കേന്ദ്രം, മൂന്നാമനായ എ.കെ ശര്‍മയ്ക്ക് ഡയരക്ടറുടെ ചുമതല നല്‍കാനും വിസമ്മതിക്കുന്നു. താരതമ്യേന ജൂനിയറായ നാഗേശ്വര റാവുവിനാണ് ചീഫ് പദവി നല്‍കിയതെന്നതും ശ്രദ്ധിക്കണം. അലോക് വര്‍മയുടെ ഉത്തരവ് അനുസരിച്ച പത്തിലധികം ജുനിയര്‍ ഓഫീസര്‍മാര്‍ക്ക് ആന്‍ഡമാന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ലഭിച്ച മാറ്റവും ചീഫിനുമേല്‍ ഒരു അധികാര കേന്ദ്രമുണ്ടെന്ന സൂചന നല്‍കുന്നുണ്ട്. രാഷ്ട്രീയക്കാരുടെ ഇടപെടലും സ്വാധീനവും ഇല്ലാതാക്കാനാണ് സി.ബി.ഐ ഡയരക്ടറുടെ കാലാവധി രണ്ടു വര്‍ഷമാക്കിയത്. എന്നിട്ടും ഒന്നിനും തടയിടാനാകുന്നില്ലെന്ന ഗതികേടില്‍പെട്ട് ഉഴലുകയാണ് കേന്ദ്ര അന്വേഷണ ഏജന്‍സി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.