2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലൈഫ് മിഷന്‍ കേസ്: അന്വേഷണം ഊര്‍ജിതമാക്കി സി.ബി.ഐ; സ്വപ്നയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ലൈഫ്മിഷന്‍ തട്ടിപ്പില്‍ അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ സരിത്തിനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു.

ലൈഫ് മിഷന്‍ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ വിദേശ നിക്ഷേപം സ്വീകരച്ച് കോഴയിടപാട് നടത്തിയെന്നാണ് കേസ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുടെ ചുവടുപിടിച്ചാണ് സിബിഐയുടെ നീക്കം.

ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടി രൂപയാണു യുഎഇ കോണ്‍സുലേറ്റ് വഴി സ്വരൂപിച്ചത്. ഇതില്‍ 14.50 കോടിരൂപ കെട്ടിടനിര്‍മാണത്തിനു വിനിയോഗിച്ചപ്പോള്‍ ബാക്കി തുക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴയായി വിതരണം ചെയ്തുവെന്നാണ് കേസ്. കരാര്‍ ഏറ്റെടുത്ത യൂണിടേക് എംഡി സന്തോഷ് ഈപ്പനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.

   

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, യുഎഇ കോണ്‍സുലേറ്റിലെ പ്രമുഖര്‍ എന്നിവര്‍ക്കെല്ലാം അഴിമതിയില്‍ പങ്കുണ്ടെന്നാണ് സിബിഐ കണക്കുകൂട്ടുന്നത്. ഇടപാടിന് ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നാണ് എഫ് ഐ ആറില്‍ ഉളളത്.

അതേസമയം, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തനിയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.