2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സോളാര്‍ പീഡനക്കേസ് സി.ബി.ഐയ്ക്ക് വിട്ടതിലൂടെ പരാതിക്കാരിക്ക് സ്വാഭാവിക നീതി ലഭ്യമാക്കുകയാണ് ചെയ്തത്: എ. വിജയരാഘവന്‍

 

തിരുവനന്തപുരം: പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ച്, അവര്‍ക്ക് സ്വാഭാവിക നീതി ലഭ്യമാക്കുകയാണ് സോളാര്‍ പീഡനക്കേസ് സി.ബി.ഐയ്ക്ക് വിട്ടതിലൂടെ സര്‍ക്കാര്‍ ചെയ്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍. ഇത് സംബന്ധിച്ച് അന്വേഷണ കമ്മീഷന്‍ ഉണ്ടായതാണ്. അതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതാണ്. സമൂഹത്തിന്റെ സാമാന്യ സഭ്യതയുടെ പുറത്ത് നടന്ന കാര്യങ്ങളാണ്. ആ നിലയില്‍ വന്ന വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതുമാണ്. പരാതിക്കാരി അതുസംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്വാഭാവികമായി ആ നിലയില്‍ ഒരു തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായ നടപടിക്രമമാണിത്. പരാതിക്കാരി അത്തരമൊരു ആവശ്യമുന്നയിക്കുമ്പോള്‍ സ്വാഭാവിക നീതി എന്ന നിലയില്‍ ചെയ്തിട്ടുള്ള കാര്യമാണ്. അതിനോട് മറ്റൊരു തരത്തില്‍ സമീപിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യേണ്ട കാര്യമില്ല. സി.ബി.ഐ അന്വേഷണത്തിന് ഒരു കേസ് വിടുക എന്നത് പരാതിക്കാര്‍ ആവശ്യം ഉന്നയിക്കുന്ന സന്ദര്‍ഭത്തിലാണ്. സമൂഹത്തില്‍ നിയമവാഴ്ച നിലനില്‍ക്കേണ്ടതുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ വിശദമായ അന്വേഷണം നടത്തി. ഉമ്മന്‍ചാണ്ടി തന്നെ കമ്മീഷന് മുന്നില്‍ തെളിവ് നല്‍കിയിട്ടുള്ളതാണ്. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് വന്നതാണ്. അതിന്റെ സ്വാഭാവിക നടപടി എന്ന നിലയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തതാണ്. മറ്റൊരു തരത്തില്‍ അത് വ്യാഖ്യാനിക്കേണ്ടതില്ല. ഇടതുപക്ഷം തെറ്റായ സമീപനം സ്വീകരിക്കാറില്ല. ഇക്കാര്യത്തിലും സാധാരണ നീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ നിയമവാഴ്ചയില്‍ പറയുന്ന കാര്യങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്.

സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണിത്. കഴിഞ്ഞ ഭരണത്തിന്റെ അവസാന കാലത്ത് ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.