2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സി.ബി.ഡി.സി നാളത്തെ കറന്‍സിയോ?

ഡോ.എന്‍.പി അബ്ദുല്‍ അസീസ്

കുറച്ചുവര്‍ഷങ്ങളായി ജനപ്രിയമായിക്കൊണ്ടിരിക്കുന്ന കറന്‍സികളാണ് ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍. വിവിധ എക്‌സ്‌ചേഞ്ചുകളിലായി 11000ലധികം ക്രിപ്‌റ്റോകറന്‍സികളാണ് ട്രേഡ് ചെയ്യപ്പെടുന്നത്. ഇതെല്ലാം സ്വകാര്യവ്യക്തികളും ഡെവലപ്പര്‍മാരും കമ്പനികളുമാണ് വികസിപ്പിച്ചെടുത്തത്. രാജ്യത്തുടനീളം നിരവധിയാളുകളാണ് ഇത്തരം ക്രിപ്‌റ്റോകറന്‍സികളിലായി ചെറുതും വലുതുമായ സംഖ്യകള്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അനിയന്ത്രിതമായ ഈ സ്വകാര്യ കറന്‍സികളിലെ വര്‍ധിച്ചുവരുന്ന ഇടപാടുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും നമ്മുടെ രാജ്യത്ത് നിയമപരമായ അംഗീകാരമില്ല. ഈ കറന്‍സികളുടെ ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും സാമ്പത്തിക, പ്രവര്‍ത്തന, നിയമസുരക്ഷയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. മാത്രമല്ല, ഈ കറന്‍സികളുടെ മൂല്യം വളരെയധികം അസ്ഥിരമായതിനാല്‍ ഇത് രാജ്യങ്ങളുടെ വളര്‍ച്ചയേയും സാമ്പത്തിക സ്ഥിരതയേയും പ്രതികൂലമായി ബാധിക്കുമെന്ന് ലോകത്തിലെ സെന്‍ട്രല്‍ ബാങ്കുകള്‍ തന്നെ മനസ്സിലാക്കിത്തുടങ്ങി. എന്നാല്‍ ഇത്തരം കറന്‍സികള്‍ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നതിനുമുമ്പ്, സര്‍ക്കാരുകള്‍ കുറഞ്ഞ ചെലവില്‍ സുരക്ഷിതവും സൗകര്യപ്രദവും പ്രതിരോധശേഷിയുമുള്ള ഡിജിറ്റല്‍ ബദലുകള്‍ രാജ്യത്ത് കൊണ്ടുവരേണ്ടതുണ്ട്. അങ്ങനെയാണ് ഇന്ത്യ, ചൈന, യു.എസ് തുടങ്ങി 85 ശതമാനം രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളും സ്വന്തം ഡിജിറ്റല്‍ കറന്‍സികള്‍ ആരംഭിക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. തല്‍ഫലമായി ഉടലെടുത്ത കറന്‍സിയാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികള്‍ (സി.ബി.ഡി.സി).
ഡിജിറ്റലൈസ് ചെയ്തതും എന്നാല്‍ നിയന്ത്രിക്കപ്പെടുന്നതുമായ ഒരു പരമാധികാര വെര്‍ച്വല്‍ കറന്‍സിയാണിത്. ഇത് പണത്തിന് തുല്യമായിരിക്കും. ഇതിന്റെ രൂപകല്‍പന, പണനയം, സാമ്പത്തിക സ്ഥിരത, പേയ്‌മെന്റ് സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായിരിക്കും. രാജ്യത്തിന്റെ ഔദ്യോഗിക കറന്‍സിയുടെ ഇലക്ട്രോണിക് റെക്കോര്‍ഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ ടോക്കണാണിത്. അത് വിനിമയ മാധ്യമം, സാധന സേവനങ്ങളുടെ മൂല്യനിര്‍ണയം, മൂല്യശേഖരം പോലെയുള്ള പണത്തിന്റെ എല്ലാ അടിസ്ഥാനധര്‍മങ്ങളും നിറവേറ്റുന്നു. മിക്കവാറും ഭാവിയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടാന്‍ പോകുന്ന കറന്‍സികളാണിത്. സാമ്പത്തിക അനിശ്ചിതത്വത്തിന്റെയും ദ്രുതഗതിയിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെയും പശ്ചാത്തലത്തിലാണ് ഇത്തരം കറന്‍സികള്‍ കൊണ്ടുവരുന്നത്. ലോകത്തിലെതന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫൈനാന്‍ഷ്യല്‍ ടെക്‌നോളജിയുടെ വിപണികളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗൂഗിള്‍ പേ, ആമസോണ്‍ പേ, ഫോണ്‍ പേ പോലെയുള്ള യു.പി.ഐ പേയ്‌മെന്റുകളില്‍ ഇന്ത്യ അതിശയകരമായ മുന്നേറ്റമാണ് നടത്തിയത്. അതുപോലെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികളും ലോകരാജ്യങ്ങള്‍ക്കിടയില്‍ ചരിത്രം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണുള്ളത്.
കഴിഞ്ഞ കേന്ദ്രബജറ്റില്‍ അവതരിപ്പിച്ച ആര്‍.ബി.ഐയുടെ ഡിജിറ്റല്‍ കറന്‍സികള്‍ 2023 മുതല്‍ ഘട്ടംഘട്ടമായി പുറത്തിറങ്ങാന്‍ പോകുകയാണ്. 1934ലെ ആര്‍.ബി.ഐ ആക്ടില്‍ ഉചിതമായ ഭേദഗതിയോടെയും നിയമപരമായ ചട്ടക്കൂട് നല്‍കിക്കൊണ്ടുമാണ് ഇത്തരം കറന്‍സികള്‍ കൊണ്ടുവരുന്നത്. പേപ്പര്‍കറന്‍സിയുടെ ഉപയോഗം കുറഞ്ഞുവരുന്ന(അല്ലെങ്കില്‍ കുറച്ചുകൊണ്ടുവരുന്ന) സാഹചര്യത്തില്‍, കറന്‍സിയുടെ കൂടുതല്‍ സ്വീകാര്യമായ ഡിജിറ്റല്‍ രൂപത്തെ ജനകീയമാക്കാനാണ് സെന്‍ട്രല്‍ ബാങ്ക് ശ്രമിക്കുന്നത്. സ്വകാര്യ വെര്‍ച്വല്‍ കറന്‍സികളുടെ വര്‍ധിച്ചുവരുന്ന ആവശ്യം സെന്‍ട്രല്‍ ബാങ്ക് നിറവേറ്റുകയാണ് ചെയ്യുന്നത്. അതുവഴി ഇത്തരം സ്വകാര്യ കറന്‍സികളുടെ ദോഷകരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ക്രിപ്‌റ്റോകറന്‍സിയും ആര്‍.ബി.ഐ പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയും ഒരുപോലെയാണോ എന്നും രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്നുമുള്ള ആശയകുഴപ്പത്തിലാണ് പൊതുജനങ്ങള്‍. എന്നാല്‍ ക്രിപ്‌റ്റോകറന്‍സികളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ കറന്‍സികള്‍. ഡിജിറ്റല്‍ കറന്‍സികള്‍ ആന്തരികമൂല്യമുള്ള ക്യാഷിന്റെ (സാധാരണ ഉപയോഗിക്കുന്ന) ഡിജിറ്റല്‍ പതിപ്പായിരിക്കും. മറ്റ് ക്രിപ്‌റ്റോകറന്‍സികളുടെ ഡിമാന്‍ഡ്, വിലയിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയുമായി ഇതിന് യാതൊരു ബന്ധവുമുണ്ടായിരിക്കില്ല. സര്‍ക്കാരിന്റെ പിന്തുണയോടെ പരമാധികാര സ്വഭാവമുള്ള നിയന്ത്രിത കറന്‍സികളായിരിക്കും. ചുരുക്കത്തില്‍, ഇത് രാജ്യത്ത് ഉപയോഗിക്കുന്ന നിയമപരമായ കറന്‍സിയുടെ ഡിജിറ്റല്‍രൂപമാണ്. മറുവശത്ത്, ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഗവണ്‍മെന്റോ സെന്‍ട്രല്‍ ബാങ്കോ യാതൊരുവിധ പിന്തുണയും നല്‍കുന്നില്ല. ഒരു സെന്‍ട്രല്‍ ബാങ്കിനും ഇത്തരമൊരു കറന്‍സിയുടെമേല്‍ നിയന്ത്രണവുമില്ല. അതിന്റെ വിനിമയമൂല്യം നിര്‍ണയിക്കാനോ വിതരണം നിയന്ത്രിക്കാനോ സാധിക്കുകയുമില്ല. രാജ്യത്ത് പണപ്പെരുപ്പം പണച്ചുരുക്കവും പരിശോധിച്ച് സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താനും കഴിയുകയില്ല.
ഒരു ക്രിപ്‌റ്റോകറന്‍സി വികേന്ദ്രീകൃത ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയ വിനിമയ മാധ്യമമാണ്. ഈ വികേന്ദ്രീകൃത സ്വഭാവമാണ് ഇതിന്റെ പ്രധാന പോരായ്മയും; അതായത് ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ അല്ലെങ്കില്‍ കേന്ദ്ര അധികാരികള്‍ തുടങ്ങിയ ഇടനിലക്കാരില്ലാത്ത ഒന്നാണ്. കൂടാതെ, അതിന്റെ മൂല്യം സ്വതന്ത്ര കമ്പോള ശക്തികളാലാണ് (ഉലാമിറ മിറ ൗെുുഹ്യ) നിര്‍ണയിക്കപ്പെടുന്നത്. ഒരു ചരക്കുമായും ഇതിനെ ബന്ധിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇതിന് അന്തര്‍ലീനമായ മൂല്യമൊന്നുമില്ല. നേരെമറിച്ച്, ആര്‍.ബി.ഐ നല്‍കുന്ന ഡിജിറ്റല്‍ കറന്‍സികള്‍ (സി.ബി.ഡി.സി) കേന്ദ്രീകൃത നിയമപരമായ അല്ലെങ്കില്‍ നിഷേധിക്കാനാവാത്ത ഒന്നാണ്. നിലവിലുള്ള കറന്‍സി ഉപയോഗിച്ച് അത് പരസ്പരം കൈമാറ്റം ചെയ്യാവുന്നതുമാണ്. രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്ക് വിതരണം ചെയ്യുന്നതുകൊണ്ട് ചരക്കുകളും സേവനങ്ങളും വാങ്ങുന്നതിനുള്ള നിയമപരമായ അംഗീകാരം ഈ കറന്‍സികള്‍ക്കുണ്ടായിരിക്കും.
ക്രിപ്‌റ്റോകറന്‍സി സ്വകാര്യമായ സൃഷ്ടിയായതുകൊണ്ടുതന്നെ ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് വലിയ ഭീഷണിയായാണ് സൃഷ്ടിക്കുന്നത്. ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്നയാളുകള്‍ അവരുടെ സ്വന്തം ഉത്തരവാദിത്വത്തിലാണ് ഇത് ചെയ്യുന്നത്. ഇവയ്ക്ക് അടിസ്ഥാനപരമായ ആസ്തികളൊന്നുമില്ലെന്ന് അവര്‍ അറിഞ്ഞിരിക്കണം. എന്നാല്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന അതേ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികളിലും ഉപയോഗിക്കാന്‍ പോകുന്നത്. സുതാര്യത, വിശ്വാസം, സുരക്ഷ, വേഗത തുടങ്ങി ഒട്ടനവധി അന്തര്‍ലീനഗുണങ്ങളുള്ള ഒരു നൂതന സാങ്കേതികവിദ്യയാണ് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി. അനുവദനീയമായ ബ്ലോക്ക്‌ചെയിന്‍ നെറ്റ്‌വര്‍ക്കില്‍, സെന്‍ട്രല്‍ ബാങ്കും പങ്കാളി ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും നോഡുകള്‍ ഹോസ്റ്റുചെയ്യുന്നതിലൂടെ അതത് കക്ഷികള്‍ക്ക് ഇടപാടുകള്‍ സുരക്ഷിതമാക്കാനാവും. അവരെക്കൂടാതെ, മറ്റാര്‍ക്കും അനുവദനീയമായ ബ്ലോക്ക്‌ചെയിനിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല.
സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍കറന്‍സികള്‍ കൂടുതല്‍ ശക്തവും കാര്യക്ഷമവും വിശ്വസനീയവും നിയന്ത്രിതവും നിയമാനുസൃതവുമായ പേയ്‌മെന്റ് ഓപ്ഷനാകുമെന്നതില്‍ സംശയമില്ല. ഇത് പുറത്തിറങ്ങുന്നതോടെ ഇപ്പോള്‍ രാജ്യത്തിനകത്ത് പ്രചാരത്തിലുള്ള നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചേക്കാം. പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പ്രായോഗികമായ മാറ്റം സമീപഭാവിയില്‍ നമുക്ക് കാണാന്‍ സാധിക്കും. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഒരു വലിയ മുന്നേറ്റമായിരിക്കുമിത്. നികുതിവെട്ടിപ്പ്, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ ലഘൂകരിക്കാനാകും. കറന്‍സി അച്ചടിക്കുന്നതിനും കൊണ്ടുപോകുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചെലവ് കുറയ്ക്കാനാകും. ബാങ്കുകളുടെ പണമിടപാടുകള്‍ കുറയ്ക്കുന്നതിന് സാധ്യമാകുന്നിടത്തെല്ലാം ഡിജിറ്റല്‍ കറന്‍സി ഉപയോഗപ്പെടുത്തും. കൂടാതെ, നിലവിലുള്ള പേയ്‌മെന്റ് സംവിധാനങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാനും ആര്‍.ബി.ഐക്ക് കഴിയും.
എന്നാല്‍ ഗ്രാമീണ അനൗപചാരികഅസംഘടിത മേഖലകള്‍ കൂടുതലുള്ള ഇന്ത്യാ മഹാരാജ്യത്ത് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികള്‍ എങ്ങനെ ഫലപ്രദമായി പ്രായോഗികമാക്കാം എന്നതൊരു വലിയ ആശങ്കയാണ്. ബാങ്കുകളുടെ താരതമ്യേന കുറഞ്ഞ വിശ്വാസ്യതയും വലിയ അനൗപചാരികഅസംഘടിത മേഖലയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഗ്രാമീണ മേഖലകളിലെ സാങ്കേതികവിദ്യയിലുള്ള പരിചയക്കുറവ് മറ്റൊരു പ്രശ്‌നമാണ്. പരിമിതമായ ഡിജിറ്റല്‍ സംവിധാനങ്ങളും അപര്യാപ്തമായ അടിസ്ഥാന ഡിജിറ്റല്‍ സൗകര്യങ്ങളും സാമ്പത്തിക നിരക്ഷരതയും ഈ കറന്‍സിയുടെ വിജയത്തെ പരിമിതപ്പെടുത്തിയേക്കാം. അതുപോലെ സൈബര്‍ സുരക്ഷയിലെ അപകടസാധ്യതകള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്. ഇന്ത്യയില്‍ നിക്ഷേപാവശ്യാര്‍ഥം വാങ്ങുന്ന ബിറ്റ്‌കോയിന്‍ പോലെയുള്ള സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സെന്‍ട്രല്‍ ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സികള്‍ ബദലാകാനുള്ള സാധ്യതകള്‍ കുറവുമാണ്. ഏതായാലും രാജ്യത്തെ ക്രയവിക്രയ മണ്ഡലത്തില്‍ കറന്‍സി സങ്കല്‍പം പൊളിച്ചെഴുതപ്പെടുന്ന ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധരായില്ലെങ്കില്‍ രാജ്യം നേരിടാന്‍ പോകുന്നത് അപ്രതീക്ഷിതമായ സാമ്പത്തിക ദുരന്തങ്ങളായിരിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.