തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാക്കള്‍ പ്രതിയാകില്ല. നിലവില്‍ ബി.ജെ.പി നേതാക്കള്‍ ആരും തന്നെ പ്രതിപ്പട്ടികയിലില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.കെ.സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീടായിരിക്കും ആലോചിക്കുക
കേസില്‍ കുറ്റപത്രം ജൂലൈ 24-ന്ഇരിഞ്ഞാലക്കുട കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിക്കുക. കേസില്‍ ആകെ 22 പ്രതികളാണുള്ളത്.
കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രന്‍ ഹാജരായിരുന്നു. ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കവര്‍ച്ചക്കേസില്‍ പരാതി നല്‍കിയ ധര്‍മരാജനും കെ സുരേന്ദ്രനും ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഇതിനോടകം ഇരുപത്തി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കോടി 45 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.
കവര്‍ച്ചാ പണം മുഴുവന്‍ കണ്ടെടുക്കുക ദുഷ്‌കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.
ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബി.ജെ.പി. നേതാക്കളില്‍ നിന്ന് കിട്ടിയിട്ടില്ല. അതിനാല്‍ ഇത് ഒരു കവര്‍ച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അതേസമയം വിമര്‍ശനവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. കേസില്‍ ബിജെപിയും സര്‍ക്കാരും ഒത്തുതീര്‍പ്പിലെത്തിയെന്നാണ് ചെന്നിത്തല ആരോപിച്ചത്. ബിജെപി നേതാക്കളെ കേസില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നു തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സിപിഎമ്മും ബിജെപിയും ധാരണയുണ്ടാക്കിയതാണെന്നും ചെന്നിത്തല ആരോപിച്ചു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന നീക്കമാണുണ്ടായതെന്നും ചെന്നിത്തല വിമര്‍ശിച്ചു.
Comments are closed for this post.