നടപടി വി.കെ പ്രശാന്ത്, കെ. മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്ത സമരത്തിനെതിരെ
തിരുവനന്തപുരം: സി.എ.എ വിരുദ്ധ സമരത്തിന്റെ പേരില്‍ വട്ടിയൂര്‍ക്കാവ് മുസ്‌ലിം ജമാഅത്ത് ഭാരവാഹികളടക്കം അഞ്ചുപേര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ്. സ്ഥലം എം.എല്‍.എ വി.കെ പ്രശാന്ത്, കെ. മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്ത സമരത്തിനെതിരെയാണ് പൊലിസ് കേസെടുത്തത്. അന്നത്തെ മഹല്ല് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി, കമ്മിറ്റിയിലെ ഒരംഗം എന്നിവര്‍ക്കാണ് സമന്‍സ് ലഭിച്ചത്. പൊതുനിരത്തില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ ജാഥയോ പ്രകടനമോ നടത്താന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചു, നെട്ടയം ജങ്ഷനില്‍ അന്യായമായി സംഘം ചേര്‍ന്നു, കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും തടസം സൃഷ്ടിച്ച് പ്രകടനം നടത്തി എന്നീ കുറ്റങ്ങളാണ് ഭാരവാഹികള്‍ക്കുമേല്‍ ചുമത്തിയാണ് കേസ്.
2020 ജനുവരി 19നായിരുന്നു വട്ടിയൂര്‍കാവ് ജമാഅത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. നെട്ടയത്തുനിന്ന് വട്ടിയൂര്‍ക്കാവിലേക്ക് മാര്‍ച്ചും തുടര്‍ന്ന് വട്ടിയൂര്‍ക്കാവില്‍ പ്രതിഷേധ സംഗമവുമാണ് നടന്നത്. പൊലിസ് കേസെടുത്ത കാര്യം ഭാരവാഹികള്‍ അറിഞ്ഞിരുന്നില്ല. കോടതിയില്‍നിന്ന് സമന്‍സ് ലഭിച്ച കാര്യം പൊലിസ് സ്റ്റേഷനില്‍നിന്ന് വിളിച്ചറിയിച്ചപ്പോഴാണ് ഇക്കാര്യം ഭാരവാഹികള്‍ അറിയുന്നത്.
പൗരത്വ പ്രക്ഷോഭത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ നടപടി.ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് 2021 ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പൗരത്വപ്രക്ഷോഭത്തിലെ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങള്‍ അനുസരിച്ച് മാത്രമേ മുന്നോട്ടുപോകാനാവൂ എന്നാണ് കഴിഞ്ഞ ദിവസം മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞത്.
ഏക സിവില്‍കോഡിനെതിരെ സി.പി.എം യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത സമയത്താണ് പൗരത്വ സമരക്കാലത്തെ കേസുകളില്‍ നിയമനടപടി തുടരുന്നത് എന്നതിന് വളരെ പ്രധാന്യമുണ്ട്. പൗരത്വസമരക്കാലത്തെ കേസുകള്‍ പിന്‍വലിച്ച ശേഷം പുതിയ പ്രക്ഷോഭം ആലോചിക്കാമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്.
Comments are closed for this post.