കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ പങ്കെടുത്ത 300 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ആര്‍.പി.എഫ് എസ്.ഐ എം.പി ഷിനോജ്കുമാറിന്റെ പരാതിയിലാണ് നടപടി. കോഴിക്കോട് ടൗണ്‍, റെയില്‍വേ പൊലിസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് കേസെടുത്തത്.
റെയില്‍വേയുടെ മുതല്‍ നശിപ്പിച്ചതിനും അതിക്രമിച്ച് കടന്നതിനും പൊലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ പ്രതിഷേധത്തിനിടെ പൊലിസ് പ്രതിരോധം മറികടന്ന് പ്രവര്‍ത്തകര്‍ പ്ലാറ്റ്‌ഫോമില്‍ കയറി, ഒന്നാം പ്ലാറ്റ്‌ഫോമില്‍ നൂറോളം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും റെയില്‍വേ സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. തിരിച്ചിറങ്ങിയ പ്രവര്‍ത്തകര്‍ ആര്‍പിഎഫ് ബാരിക്കേഡുകള്‍ മറിച്ചിട്ടു. പ്രവര്‍ത്തകര്‍ ടയര്‍ കത്തിച്ചും പ്രതിഷേധിച്ചു. റെയില്‍വേ സ്റ്റേഷന്‍ മുറ്റത്താണ് ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചത്.
പ്ലാറ്റ്‌ഫോമിനകത്തുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ബോര്‍ഡ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതിനെ തുടര്‍ന്ന് എംഎല്‍എ ടി. സിദ്ധിഖും പൊലിസുമായി വാക്കേറ്റമുണ്ടായി. സംഘര്‍ഷത്തില്‍ എന്‍എസ്‌യുഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ.എം അഭിജിത്തിന് പരുക്കേറ്റു. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ കുഴഞ്ഞുവീഴുകയും ചെയ്തു.
Comments are closed for this post.