
ന്യൂഡല്‍ഹി: മുന്‍നിര വ്യവസായികളായ മുകേഷ് അംബാനിയേയും ഗൗതം അദാനിയേയും കോണ്‍ഗ്രസ് പാര്‍ട്ടി നിരന്തരം അധിക്ഷേപിക്കുകയാണെന്ന് കോണ്‍ഗ്രസ് വിട്ട ഗുജറാത്തിലെ പാട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. ഈ വ്യവസായികള്‍ കഠിനാധ്വാനത്തിലൂടെയാണ് മുന്നേറിയതെന്നും പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് എന്നതുകൊണ്ട് മാത്രം അവരെ ലക്ഷ്യമിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു ബിസിനസുകാരന് ഉയരുന്നത് അവന്റെ അല്ലെങ്കില്‍ അവളുടെ സ്വന്തം അധ്വാനം കൊണ്ടാണ്. നിങ്ങള്‍ക്ക് അദാനിയെയോ അംബാനിയെയോ എല്ലാ തവണയും അധിക്ഷേപിക്കാന്‍ കഴിയില്ല. പ്രധാനമന്ത്രി ഗുജറാത്തില്‍ നിന്നുള്ളയാളാണെന്നത് കൊണ്ട്, അംബാനിയോടും അദാനിയോടും എന്തിനാണ് നിങ്ങളുടെ ദേഷ്യം? ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു വഴി മാത്രമാണ്’ അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മൂന്ന് വര്‍ഷം പാഴാക്കിയെന്ന് പറഞ്ഞ ഹാര്‍ദിക് പട്ടേല്‍, താന്‍
കോണ്‍ഗ്രസിലെ പാര്‍ട്ടിയില്‍ ഇല്ലായിരുന്നുവെങ്കില്‍ ഗുജറാത്തിനായി കൂടുതല്‍ നന്നായി പ്രവര്ത്തിക്കാനാകുമായിരുന്നുവെന്ന് അവകാശപ്പെട്ടു.
‘പാര്‍ട്ടിയിലായിരിക്കുമ്പോള്‍ എനിക്ക് ഒരിക്കലും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടില്ല, കോണ്‍ഗ്രസ് എനിക്ക് ഒരു ജോലിയും നല്‍കിയിട്ടില്ല,’ അദ്ദേഹം പറഞ്ഞതായി എഎന്‍ഐ പറഞ്ഞു.