2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാനാവുക 30 ലക്ഷം രൂപ: ബത്തേരിയില്‍ എന്‍.ഡി.എ ചെലവിട്ടത് 79.46 ലക്ഷം; വോട്ടുകള്‍ വീണതെല്ലാം എതിര്‍ സ്ഥാനാര്‍ഥിക്ക്, കലാപം അടങ്ങുന്നില്ല 

  • അമിത് ഷായുടെ പരിപാടിയില്‍ നിന്നടക്കം യുവമോര്‍ച്ച നേതൃത്വം വിട്ടുനിന്നു

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത് 79,46,598 രൂപയെന്ന് കണക്കുകള്‍. 77,25,000 രൂപയാണ് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിയത്. 2,21,598 രൂപയുടെ അധിക ചെലവുണ്ടായിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു. ഇത്രയൊക്കെ പണമൊഴുകിയിട്ടും വോട്ടുകളെല്ലാം വീണത് എതിര്‍സ്ഥാനാര്‍ഥികളുടെ പെട്ടിയിലും.
ഒരു സ്ഥാനാര്‍ഥിക്ക് 30 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്‌കര്‍ഷിക്കുമ്പോഴാണ് അതിന്റെ ഒന്നര ഇരട്ടിയോളം രൂപ അധികം ചെലവിട്ടെന്ന കണക്ക് പരസ്യമാക്കപ്പെട്ടിരിക്കുന്നത്.
ഇത് വിരല്‍ചൂണ്ടുന്നത് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തില്‍ വീശിയെറിഞ്ഞ കണക്കില്ലാ പണത്തിലേക്കാണ്. ബി.ജെ.പിയെ വിടാതെ പിന്തുടരുന്ന കുഴല്‍പ്പണ, കോഴ ആരോപണങ്ങള്‍ക്കിടെയാണ് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ചെലവഴിച്ച തുകയുടെ കണക്ക് പുറത്തു വന്നിരിക്കുന്നത്. ഈ കണക്ക് ജെ.ആര്‍.പിയിലെ സി.കെ ജാനു വിരുദ്ധരോ, ബി.ജെ.പിയിലെ വിമത വിഭാഗമോ പുറത്തു വിട്ടുവെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരക്കോടി രൂപയോളം മണ്ഡലത്തിലേക്ക് എത്തിയെന്നാണ് ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ ആരോപിച്ചത്. അവരുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പിന്നാലെ പുറത്തുവരുന്ന കണക്കുകളും.

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലെ ഫണ്ട് ചെലവഴിക്കുന്നത് സംബന്ധിച്ച് മുന്നണിക്കുള്ളില്‍ ആരോപണം ഉയര്‍ന്നിരുന്നു. യുവമോര്‍ച്ച നേതാക്കളും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചെലവുകള്‍ നോക്കി നടത്തിയിരുന്ന ബി.ജെ.പി ജില്ലാ നേതാവും തമ്മില്‍ പണത്തെചൊല്ലി വാക്കേറ്റവും കൈയേറ്റവും വരെയുണ്ടായിരുന്നു. യുവമോര്‍ച്ച നേതൃത്വം ജില്ലയില്‍ അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ നിന്നടക്കം വിട്ടുനിന്ന് പ്രതിഷേധമറിയിച്ചതാണ്. റസിപ്റ്റ് പോലും വാങ്ങാതെയാണ് പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് പണം നല്‍കിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളൊക്കെ ശരിവയ്ക്കുന്നതാണ് പുറത്തെത്തിയ തെരഞ്ഞെടുപ്പ് കണക്ക്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.