2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാനഡ; പ്രവാസികള്‍ക്ക് ആശ്വാസം; വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു

കാനഡ; പ്രവാസികള്‍ക്ക് ആശ്വാസം; വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു

കാനഡയുമായുള്ള നയതന്ത്ര പ്രതിസന്ധി ഏറ്റവും കൂടുതല്‍ ആശങ്കയിലാക്കിയത് നമ്മുടെ നാട്ടിലെ വിദ്യാര്‍ഥികളെയാണ്. ഉപരിപഠനത്തിനു ജോലിക്കുമായി കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഇതോടെ തങ്ങളുടെ കരിയര്‍ സ്വപ്‌നങ്ങളില്‍ കരിനിഴില്‍ വീഴുമെന്ന സങ്കടത്തിലാണിപ്പോള്‍. കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നിഷേധിക്കാനുള്ള ഇന്ത്യയുടെ തീരുമാനമൊക്കെ സമാനമായ കടുത്ത നിയമങ്ങളെടുക്കാന്‍ കാനഡയെയും പ്രേരിപ്പിക്കുമോ എന്നായിരുന്നു പലരുടെയും സംശയം. അങ്ങിനെ വന്നാല്‍ ഇതിനോടകം കാനഡയില്‍ താമസമാക്കിയ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഭാവി തുലാസിലാകുമെന്ന കാര്യത്തില്‍ സംശയമില്ല. നേരത്തെ താമസ പ്രതിസന്ധി രൂക്ഷമായതോടെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ കാനഡ തയ്യാറെടുക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതുവരെ അത്തരം കടുത്ത നടപടികളിലേക്ക് കാനഡ കടന്നിട്ടില്ലെന്നത് നമുക്ക് ആശ്വാസം പകരുന്ന കാര്യമാണ്.

ഇപ്പോഴിതാ കാനഡ കുടിയേറ്റം സ്വപ്‌നം കാണുന്ന ഇന്ത്യക്കാര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പുറത്തിറക്കിയിരിക്കുകയാണ് കനേഡിയന്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. എക്‌സ് പ്രസ് എന്‍ട്രി വഴി രാജ്യത്തെത്തുന്നവര്‍ക്കായുള്ള വര്‍ക്ക് പെര്‍മിറ്റില്‍ പുതിയ ഇളവുകള്‍ വരുത്താനാണ് കനേഡിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ മെഡിക്കല്‍ നടപടികളിലാണ് ഇപ്പോള്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ നിയമം

   

ഇനിമുതല്‍ അന്താരാഷ്ട്ര കുടിയേറ്റക്കാര്‍ക്ക് എക്‌സ്പ്രസ് എന്‍ട്രി സ്‌കീം വഴി അപേക്ഷിക്കുന്ന സമയത്ത് മുന്‍കൂര്‍ മെഡിക്കല്‍ പരിശോധനകള്‍ നിര്‍ബന്ധമില്ലാതാക്കാനാണ് പുതിയ തീരുമാനം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്തവരുടെ അപേക്ഷകള്‍ തള്ളരുതെന്നാണ് പ്രോസസിങ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന പുതിയ നിര്‍ദേശം. എപ്പോള്‍ ഇമിഗ്രേഷന്‍ മെഡിക്കല്‍ എക്‌സാമിനേഷന്‍ (IME) ആവശ്യമായി വരും എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കാന്‍ അപേക്ഷകരോട് ആവശ്യപ്പെടും.

പുതിയ നിര്‍ദേശം വന്നതോടെ എക്‌സ്പ്രസ് എന്‍ട്രി അപേക്ഷകര്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഒരു മുന്‍കൂര്‍ മെഡിക്കല്‍ പരിശോധന (യുഎഫ്എം) പൂര്‍ത്തിയാക്കി സമര്‍പ്പിക്കേണ്ടതില്ല. മറ്റ് ഘടകങ്ങള്‍ പരിഗണിച്ച് അവസാനമായിട്ടായിരിക്കും മെഡിക്കല്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുക. നേരത്തെ തന്നെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കാനും അവസരമുണ്ടാകും.

ചുരുക്കത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സമര്‍പ്പിക്കുന്ന വര്‍ക്ക് പെര്‍മിറ്റുകള്‍ ഇമിഗ്രേഷന്‍ വകുപ്പ് തള്ളുകയില്ലെന്നര്‍ത്ഥം. മറ്റ് കാരണങ്ങളാല്‍ അപേക്ഷ നിരസിക്കപ്പെടുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് കൂടി പണം മുടക്കേണ്ടി വരില്ല. എക്‌സ്പ്രസ് എന്‍ട്രിയില്‍, സ്ഥിര താമസത്തിനായി അപേക്ഷകര്‍ ഒരു പൂര്‍ണ്ണ ഇലക്ട്രോണിക് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷിക്കാനുള്ള ക്ഷണം ഇഷ്യൂ ചെയ്ത 60 ദിവസങ്ങള്‍ക്കുള്ളിലാണ് ഇത് ചെയ്യേണ്ടത്.

എക്‌സ്പ്രസ് എന്‍ട്രി സ്‌കീം
കാനഡയിലേക്ക് കുടിയേറ്റം ആഗ്രഹിക്കുന്ന അന്താരാഷ്ട്ര തൊഴിലാളികള്‍ക്ക് വേഗത്തില്‍ വിസ ലഭിക്കുന്ന സ്‌കീമായിരുന്നു ഇത്. ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ് (എഫ്എസ്ഡബ്ല്യുസി), ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ് (എഫ്എസ്ടിസി) എന്നിവയിലൂടെ സാമ്പത്തിക കുടിയേറ്റ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഉപയോഗിക്കുന്ന സംവിധാനമാണ് എക്‌സ്പ്രസ് എന്‍ട്രി. ഇതുവഴി അപേക്ഷിക്കുന്നവര്‍ക്ക് ഒരു മെഡിക്കല്‍ സംഘം സാക്ഷ്യപ്പെടുത്തിയ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഇതുവരെ നിര്‍ബന്ധിതമായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.