2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഉന്മാദമല്ല, ഉത്ഥാനമാണ് കാംപസുകളിൽ പൂക്കേണ്ടത്

വിചാരവും വിവേകവും അവകാശമാണെന്ന് വിശ്വസിക്കുന്ന വിദ്യാർഥിത്വത്തിന്റെ വീണ്ടെടുപ്പിന് പുതിയ കാലത്ത് പ്രസക്തിയേറിവരികയാണ്. അറിയാനുള്ള അവകാശംപോലെത്തന്നെ ചില കാര്യങ്ങൾ അറിയാതിരിക്കാനുള്ള അവകാശവും മനുഷ്യനുണ്ട്. അറിയാതിരിക്കൽ നന്നാവുന്ന കാര്യങ്ങൾ മാത്രം കൂടുതൽ ദൃശ്യത നേടി ജനകീയമാവുകയും അറിയേണ്ട കാര്യങ്ങൾ അന്യംപോവുകയും ചെയ്യുന്നുവെന്നതാണ് മൊത്തത്തിൽ മതേതര കലാലയ പരിസരങ്ങളുടെ അവസ്ഥ.

പഠിച്ചത് മറക്കാതിരിക്കാനുള്ള ബൗദ്ധികവും ജൈവികവുമായ ഉപായങ്ങളും ഉപകരണങ്ങളും തലങ്ങും വിലങ്ങും നിറയുമ്പോഴും പുതിയ തലമുറക്ക് ധാർമിക മറവിരോഗം ബാധിക്കുന്നത് കാണാതിരുന്നുകൂടാ. വിദ്യാഭ്യാസപ്രക്രിയക്ക് രണ്ട് ലക്ഷ്യങ്ങളാണ് ജ്ഞാന മീമാംസകർ മുന്നോട്ടുവയ്ക്കാറുള്ളത്, വ്യക്തിസംസ്‌കരണവും സാമൂഹികക്ഷേമവും. ഇവയെ ‘വ്യക്തിക്ഷേമം’ അഥവാ കാര്യലാഭം എന്നാക്കിച്ചുരുക്കി എന്നതായിരുന്നു കഴിഞ്ഞ കാലഘട്ടത്തിലെ പ്രതിസന്ധി. കൂടുതൽ പ്രയോജനകരമായ വിദ്യാഭ്യാസം എന്ന ചിന്താഗതികൊണ്ട് സാമൂഹികാഘാതങ്ങൾ ഉണ്ടായതായി പറയപ്പെട്ടിട്ടില്ല. പക്ഷേ ഇപ്പോഴത്തെ പ്രതിസന്ധി വ്യക്തിബോധത്തെ പരിധിക്കപ്പുറം വികസിപ്പിച്ചും സാമൂഹികബോധത്തെ അതിനനുസരിച്ച് അട്ടിമറിച്ചും വ്യക്തിക്കും സമൂഹത്തിനും നാശം മാത്രം വിതക്കുംവിധം മുൻഗണനാക്രമങ്ങൾ അട്ടിമറിക്കപ്പെട്ടു എന്നതാണ്.
കലാലയം കലാപാലയങ്ങളാവുന്ന വിധം രാഷ്ട്രീയ അതിക്രമങ്ങൾ പരമ്പരകളായി തുടർന്നിരുന്ന കാംപസ് വാർത്തകളേക്കാൾ അപകടകരം ഇപ്പോൾ കേൾക്കുന്ന സാംസ്‌കാരികമായ അവക്രമ വിന്യാസങ്ങുടെ വാർത്തകളാണ്. സ്വകാര്യത, മാന്യത, സദാചാരം തുടങ്ങി മാനുഷികമൂല്യങ്ങൾ അപഹസിക്കപ്പെടുന്നു. ഭൂമിശാസ്ത്രപരവും പരമ്പരാഗതവുമായ ഉപചാരമര്യാദകൾ പരിഹാസ്യമാവുന്നു. ആർക്കോ വേണ്ടി ആർക്കുമല്ലാതാവുന്ന വിദ്യാർഥിത്വത്തെ യാഥാർഥ്യ ബോധത്തിലേക്ക് സംവാദാത്മകമായി പുനരാനയിക്കാനാണ് ശ്രമങ്ങൾ നടക്കേണ്ടത്.

നമ്മുടെ കാംപസുകളിൽ ലിംഗരാഷ്ട്രീയവും ലൈംഗിക ചർച്ചകളും പരിധിക്കപ്പുറം സ്ഥാനംപിടിക്കുന്നതിന് പിറകിൽ കൃത്യമായ സാംസ്‌കാരിക പശ്ചാത്തലമുണ്ട്. ലിംഗാതീത പ്രണയവും സ്വയംഭോഗ ദിനവുമെല്ലാം പരസ്യമായി പ്രോത്സാഹിപ്പിക്കപ്പെടുകയും അതിനൊത്ത അവകാശയുക്തി കൃത്രിമമായി വാർക്കപ്പെടുകയും ചെയ്യുകയാണ്. ലോകാടിസ്ഥാനത്തിൽ തന്നെയാണ് ആ ചരടുകൾ വിന്യസിക്കുന്നത്.
അമേരിക്കൻ ഫെമിനിസ്റ്റ് കേറ്റ് മില്ലറ്റ് രചിച്ച Sexual politics എന്ന രചന 1970ൽ പുറത്തിറങ്ങിയതിന് ശേഷമാണ് ലൈംഗിക രാഷ്ട്രീയ സിദ്ധാന്തങ്ങൾ ലോകരാഷ്ട്രീയത്തിലെ പ്രധാന ചർച്ചയാവുന്നത്. ആണധികാര ലോകഘടനയെ എതിർത്ത് ലിംഗ സമത്വമുറപ്പിക്കാനുള്ള രാഷ്ട്രീയായുധം സാമ്പത്തിക, സാംസ്‌ക്കാരിക ഉപകരണങ്ങളല്ല, ശാരീരികതയുടെ സാധ്യതകൾ തന്നെയാണെന്ന അതുവരെ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെപോയ വീക്ഷണത്തിന് പടിഞ്ഞാറൻ ലോകത്ത് വമ്പൻ സ്വീകാര്യത ലഭിച്ചു. പ്രണയത്തിന് ലിംഗഭേദമില്ലെന്ന തലക്കെട്ടോടെ കേരളത്തിലെ കാംപസുകളിൽ വരെ എത്തിനിൽക്കുന്നു ആ ചിന്താഗതിയുടെ സ്വാധീനം. ‘ലോകം ഉറങ്ങുകയായിരുന്നു, കേറ്റ് മില്ലറ്റ് അതിനെ ഉണർത്തി’ എന്നാണ് പ്രസ്തുത കൃതി വാഴ്ത്തപ്പെട്ടത്.

നിലനിൽക്കുന്ന സാമൂഹികഘടനക്കെതിരായ ലൈംഗിക കലാപാഹ്വാനങ്ങളായിരുന്നു അതിൽ നിറയെ. യൂറോപ്പ്, പ്രത്യേകിച്ച് സ്‌കാൻഡിനോവിയൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന ലൈംഗിക രാഷ്ട്രീയം സത്യാനന്തരകാല സാമൂഹികഘടനയും വിവരസാങ്കേതിക വിപ്ലവങ്ങൾ വഴി ആർജിച്ച ദൃശ്യതയും വഴി അമേരിക്ക, കിഴക്കനേഷ്യൻ രാജ്യങ്ങൾ തുടങ്ങിയയിടങ്ങളിലേക്കും പടർന്നു. പ്രകൃതിവിഭവങ്ങളുടെ ചൂഷണങ്ങളേക്കാൾ ലാഭകരമായ വ്യാപാരമായി ലൈംഗികതയെ പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങളായി ജെൻഡർ രാഷ്ട്രീയത്തിന് പിന്നീട് ഗതിമാറ്റം സംഭവിച്ചു. ലൈംഗികതയെ ജൈവികപ്രക്രിയ എന്നതിലുപരി അതിന്റെ വിനോദ-വ്യവസായ സാധ്യത സൈദ്ധാന്തികമായി അവതരിപ്പിക്കപ്പെട്ടു. 19ാം നൂറ്റാണ്ടിൻ്റെ അവസാനം പുറത്തുവന്ന ക്വിയർ തിയറി പിന്നീട് ജനാധിപത്യ സംവിധാനങ്ങളെ ആധുനികം/അനാധുനികം എന്ന് രണ്ട് വിഭാഗമാക്കാൻ മാത്രമുള്ള ശക്തിയാർജിച്ചു. അങ്ങേയറ്റം പ്രകൃതിവിരുദ്ധമായ സിദ്ധാന്തമായിരുന്നു അത്. മഴവില്ലിലെ വർണരാജിയിലെ നിറങ്ങളെപ്പോലെ എതിർവർഗ പ്രണയിക്കും സ്വവർഗ പ്രണയിക്കുമിടയിൽ പലതരം ലൈംഗികാഭിനിവേശങ്ങളുണ്ട്. അവയെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് ക്വിയർ. അതനുസരിച്ച്, ഋതുമതിത്വം പ്രാപിക്കുന്ന ഒരാൾ തന്റെ ലൈംഗികമായ മനോനിലയനുസരിച്ച് ഇഷ്ടമുള്ള ലിംഗത്തിലേക്ക് മാറുകയാണ് ചെയ്യുക. അതൊരുപക്ഷേ, ഉടലിനെ ഉടച്ചുകളഞ്ഞോ വേഷഭേദം വരുത്തിയോ അല്ലാതെയോ ആവാം. ഇതേ രാഷ്ട്രീയ ഏജൻസികൾ കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്ന ജെൻട്രൽ ന്യൂട്രൽ ആശയങ്ങൾ അതിന്റെ ബാക്കിയായി വായിക്കപ്പെടണം. അത് ചിലയിടങ്ങളിൽ ഭാഷയിലെ സർവനാമങ്ങൾ മുതൽ ശൗചാലയങ്ങൾ വരെ ന്യൂട്രലാക്കി പരാജയപ്പെട്ടതാണ്. ആ വഴിയിലാണ് ഇവിടെ പള്ളിക്കൂടത്തിലെ വസ്ത്രത്തിൽ ലിംഗാതീത സങ്കൽപ്പം തുടങ്ങിയത്. പിന്നീട് ഭരണനിർവഹണ കാര്യാലയങ്ങളിലും കലാലയങ്ങളിലും സ്ത്രീകളെ വേറിട്ടുനിർത്തുന്ന പദാവലികൾ വേണ്ടെന്ന കാഴ്ച്ചപ്പാട് അവതരിപ്പിക്കപ്പെട്ടു. അതിന്റെ ചുറ്റുവട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് കാംപസുകളിൽ ലിംഗാതീത പ്രണയ സങ്കൽപ്പത്തിന് വേണ്ടി കൊടികളുയരുന്നത്.
നിയോലിബറലിസം മുന്നോട്ടുവയ്ക്കുന്ന വ്യക്തിസ്വാതന്ത്ര്യവാദമാണ് വിദ്യാർഥിബോധത്തെ ഇവിടെ കാര്യമായി വിഴുങ്ങുന്നത്. സ്വതന്ത്രചിന്തയുടെ രാഷ്ട്രീയമാണത്. സാമൂഹികവും അധികാരപരവുമായ സ്ഥാപനങ്ങൾക്കോ മനുഷ്യാതീത കാഴ്ചപ്പാടുകൾക്കോ ഏതൊരുവ്യക്തിയുടെയും കർമ-ധർമങ്ങളുടെ ധാർമികത നിർവചിക്കാനോ അവയെ മൂല്യനിർണയം നടത്താനോ അർഹതയില്ല എന്ന സാക്ഷാൽ അരാഷ്ട്രീയവാദമാണ് ആ രാഷ്ട്രീയം. കൃത്രിമ ലൈംഗികതയെ ജനാധിപത്യപരമായി ഉൾക്കൊള്ളുന്നതിനപ്പുറം ക്വിയർ സമൂഹം പോലും ആവശ്യപ്പെടാത്തത്ര വിസിബിലിറ്റി കാംപസുകളിൽ നൽകുന്നത് സദുദ്ദേശ്യപരമല്ല.
അടിസ്ഥാനപ്രശ്‌നം പ്രണയത്തെ ലിംഗാതീതമാക്കിയതല്ല. കാംപസുകളുടെ പ്രതിസ്വരങ്ങളിൽ ലൈംഗികത കലർത്തുന്നതാണ്. ജനനേന്ദ്രിയം കാണിച്ച് നടക്കുന്ന മദ്യപന്മാരെ പോലും പൊലിസ് പൊക്കുന്ന നാട്ടിൽ ജനനേന്ദ്രിയങ്ങളുടെ കലാപ്രദർശനം വിപ്ലവമാവുന്നതിന്റെ പേര് വിപ്ലവം എന്നാക്കാം. പക്ഷേ കേവലം ലൈംഗിക വിപ്ലവം മാത്രം.

ക്വിയർ വിഭാഗങ്ങളെ ജനാധിപത്യപരമായി ഉൾക്കൊള്ളുന്നതിനോ അവരർഹിക്കുന്ന മാനുഷികയിടം വകവച്ചുകൊടുക്കുന്നതിനോ ആരും എതിരല്ല. അത്തരം മനോഘടന കൃത്രിമമോ അടിച്ചേൽപ്പിക്കപ്പെടുന്നതോ ആണെന്ന മറുവാദമാണ് ശാസ്ത്രീയമായി പ്രബലം. ഇത്തരം മാംസനിബദ്ധ രാഷ്ട്രീയവും കാമോക്‌സൈഡ് വിപ്ലവങ്ങളും മാനുഷികതക്ക് എതിരായതിനാലാന്ന് സാമാന്യ മനുഷ്യർ അതിനെ എതിർക്കുന്നത്. മുസ്‌ലിംകളാണ് തങ്ങളെ ഇക്കാര്യത്തിൽ വല്ലാതെയെതിർക്കുന്നത് എന്ന പരിഭവം പലരും പങ്കുവയ്ക്കുന്നുണ്ട്. മനുഷ്യരെ ഘട്ടംഘട്ടമായി കേവലം രാസതരംഗങ്ങൾ നിയന്ത്രിക്കുന്ന മുന്തിയ മൃഗം മാത്രമാക്കുന്ന ഒച്ചപ്പാടുകളെ കാഴ്ചപ്പാടുള്ളവർ എതിർത്തിരിക്കും. ന്യായങ്ങൾ നിരത്തി സംവാദമൊരുക്കാൻ തയാറാകാതെ അധികാരബലംകൊണ്ട് ചിന്തിക്കുന്നവർക്ക് അപരശബ്ദം അപശബ്ദം മാത്രമായിരിക്കും.
രാഷ്ട്രീയദിശാബോധമുള്ള വിദ്യാർഥിത്വത്തെ ഇന്ത്യ എന്ന ആധുനിക യാഥാർഥ്യം തേടുന്നുണ്ട്. രാജ്യത്ത് മുസ്‌ലിം പെൺകുട്ടികൾക്ക് വാടക നിശ്ചയിക്കുന്ന അനാശ്യാസ സൈബർ ബുള്ളിങ്ങും ബോഡി ഷെയിമിങ്ങും നടക്കുമ്പോഴാണ് ഉത്തരവാദിത്വപ്പെട്ടവർ പെൺകുട്ടികൾക്ക് ലെസ്ബിയൻ പൈങ്കിളികൾ ചൊല്ലിക്കൊടുക്കുന്നത്. വിമർശനങ്ങൾ സെലക്ടീവാവുന്നത് കാംപസുകളുടെ മതേതര ആരോഗ്യത്തെയാണ് ബാധിക്കുക. ഇത്തരമൊരു സാഹചര്യത്തിലാണ് എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് സംസ്ഥാനത്തെ പ്രധാന മതേതര കാംപസുകളിൽ സന്ദർശനം നടത്തി ധൈഷണിക സംവാദമൊരുക്കാൻ യാത്ര തിരിച്ചിരിക്കുന്നത്. ഏതെങ്കിലും വിഭാഗത്തെ പ്രത്യേകം ലക്ഷ്യംവച്ചുകൊണ്ടല്ല യാത്ര. സത്യത്തോടും പരമ്പരാഗത വഴികളോടും മാത്രമേ പ്രസ്ഥാനത്തിന് ആത്യന്തിക പ്രതിബദ്ധതയുള്ളൂ. എങ്ങും ആലക്തിക ദീപങ്ങൾ രാവും പകലും തിളങ്ങി ഇരുൾ കാണാനില്ലാത്ത വിധം പുരോഗതി പ്രാപിച്ച ഇക്കാലത്ത് ഇരുട്ട് ജനങ്ങളുടെ മനസിലേക്കാണ് താമസം മാറിയത്. അവിടെ, ഒരു തരിയെങ്കിൽ തരി , അത്രയെങ്കിലും തിരിച്ചറിവിന്റെ പ്രകാശരശ്മികൾ പൊഴിക്കാനുള്ള ശ്രമമാണിത്. സമാനമനസ്‌കരായ വിദ്യാർഥി സമൂഹത്തിന്റെ പിന്തുണയും സംഘടന പ്രതീക്ഷിക്കുന്നു.

(എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയാണ് ലേഖകൻ)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.