ജാഫര്‍ നിലമ്പൂര്‍
നിലമ്പൂര്‍• റീവാല്വേഷവേഷനില്‍ മാര്‍ക്ക് കൂടിയാല്‍ പരീക്ഷാപേപ്പര്‍ ആദ്യം നോക്കിയ അധ്യാപകര്‍ക്ക് പിഴ ചുമത്താന്‍ ഉത്തരവിറക്കി കാലിക്കറ്റ് സര്‍വകലാശാല. പുനര്‍ മൂല്യനിര്‍ണയത്തില്‍ (റീവാല്വേഷന്‍) വിദ്യാര്‍ഥിക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചാല്‍ ആദ്യം പരീക്ഷാ പേപ്പര്‍ നോക്കി മാര്‍ക്കിട്ട അധ്യാപകന് ഉള്‍പ്പെടെ പിഴ ചുമത്തുമെന്നാണ് കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
ചീഫ് എക്‌സാമിനര്‍ക്ക് 2,000 രൂപയും, അഡീഷനല്‍ എക്‌സാമിനര്‍ക്ക് 3,000 രൂപയുമാണ് പിഴ. 30ശതമാനമോ അതില്‍ അധികമോ മാര്‍ക്ക് റീവാല്വേഷനിലൂടെ ലഭിച്ചാല്‍ അഡീഷനല്‍ എക്‌സാമിനര്‍, ചീഫ് എക്‌സാമിനര്‍ എന്നിവരോട് വിശദീകരണം ചോദിക്കും. മറുപടി തൃപ്തികരമല്ലെങ്കില്‍ പിഴ ഈടാക്കും. കൂടാതെ ഫലം വന്നതിന് ശേഷം ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയില്‍ (സ്‌ക്രൂട്ടിനിങ്) മാര്‍ക്കില്‍ മാറ്റം കണ്ടെത്തിയാലും ഇതേ രീതിയില്‍ പിഴ ചുമത്തും. നിലവില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ പ്രത്യേക ക്യാംപുകളില്‍ വച്ചാണ് ഉത്തരപേപ്പറുകളുടെ പരിശോധന നടത്തിവരുന്നത്. എക്‌സാമിനര്‍ നോക്കിയ പേപ്പറുകളില്‍ പത്തുശതമാനം മാത്രമേ ചീഫ് എക്‌സാമിനര്‍ പുനഃപരിശോധിക്കുകയുള്ളൂ.
ചീഫ് എക്‌സാമിനര്‍ പുനഃപരിശോധന നടത്താത്ത ബാക്കിവരുന്ന 90 ശതമാനത്തില്‍ പ്രശ്‌നം വന്നിട്ടുണ്ടെങ്കിലും ചീഫ് പിഴ ഒടുക്കേണ്ടിവരും. മുമ്പ് പരീക്ഷാ പേപ്പറുകള്‍ നോക്കിയിരുന്ന അധ്യാപകര്‍ക്ക് സര്‍വകലാശാല ഓരോ പേപ്പറിനും തുക അനുവദിച്ചിരുന്നു. അടുത്തിടെ ഇത് നിര്‍ത്തലാക്കുകയും, നിശ്ചിത എണ്ണം പേപ്പറുകള്‍ നോക്കുന്നത് ജോലിയുടെ ഭാഗമാക്കി മാറ്റുകയും ചെയ്തിരുന്നു. സര്‍വകലാശാലയുടെ ഉത്തരവിനെതിരേ അധ്യാപകരിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments are closed for this post.