2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാലിക്കറ്റ് സര്‍വകലാശാല ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല; ഓപണ്‍ ബിരുദമെടുത്തവര്‍ക്ക് തിരിച്ചടി

ടി. മുംതാസ്

കോഴിക്കോട്; ഓപണ്‍ ബിരുദകോഴ്‌സുകള്‍ക്ക് ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി തയാറാവാത്തത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാവുന്നു.
കേരളത്തില്‍ തുടര്‍ന്നുപോരുന്ന 10 2 3 സമ്പ്രദായം പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഓപണ്‍ ബിരുദകോഴ്‌സുകള്‍ക്ക് വാഴ്‌സിറ്റിയുടെ റഗുലര്‍ ബിരുദത്തിന്റെ ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ തിരസ്‌കരിക്കുന്നത്. രാജ്യത്തെ മറ്റെല്ലാ സര്‍വകലാശാലകളും ഓപണ്‍ ബിരുദത്തിന് ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ചിറ്റമ്മനയം. ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ നിര്‍ദേശം അവഗണിച്ചാണ് യൂനിവേഴ്‌സിറ്റി ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ നിരസിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ രീതികള്‍ തന്നെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 10 2 3 സമ്പ്രദായം മാനദണ്ഡമായി പിന്തുടരേണ്ടതില്ലെന്നും ഓപണ്‍ ബിരുദത്തിന് റഗുലര്‍ ബിരുദത്തിന്റെ ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം നടന്ന അക്കാദമിക് കൗണ്‍സില്‍ യോഗവും ഇക്വലന്‍സിക്കുള്ള അപേക്ഷ നിരസിക്കുകയായിരുന്നു. കാലിക്കറ്റിന്റെ എല്ലാ കോഴ്‌സുകളും ഇഗ്‌നോ അടക്കമുള്ള യൂനിവേഴ്‌സിറ്റികള്‍ അംഗീകരിക്കുന്ന സാഹച്യത്തിലാണ് ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാതെ സര്‍വകലാശാല ഓപണ്‍ ബിരുദധാരികളെ വട്ടംകറക്കുന്നത്. പലവിധ കാരണങ്ങളാല്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് പഠിക്കാന്‍ സാധിക്കാത്തവരാണ് ഓപണ്‍ ബിരുദം എടുക്കാറുള്ളത്. ക്വാളിഫയിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഓപണ്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിച്ച് ഇഷ്ടമുള്ള ബിരുദമെടുക്കാം. കുടുംബത്തിലെ പ്രതിസന്ധികള്‍ കാരണം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിക്കാത്ത പലരും പിന്നീട് ക്വാളിഫയിങ് ടെസ്റ്റ് പാസായി ബിരുദമെടുക്കുകയും തുടര്‍പഠനങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്താത്തിനാല്‍ ഇത്തരത്തില്‍ ഓപണ്‍ ബിരുദമെടുത്തവര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയതിന്റെ പ്രയോജനം ലഭിക്കാതാവുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.