സൈനുദ്ദീന്‍ സിദാന്‍
കോഴിക്കോട്: ഒരുമാസത്തിനിടെ രണ്ട് സെമസ്റ്ററുകളിലെ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പരീക്ഷ കണ്‍ട്രോളറുമായി ചര്‍ച്ച നടത്തിയിട്ടും പരിഹാരമില്ലാതെ കാലിക്കറ്റ് സര്‍വകലാശാല വിദൂര പഠന വിദ്യാര്‍ഥികള്‍. കാലിക്കറ്റ് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്റെ പി.ജി പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് 2020-21 ബാച്ചിലെ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് ഇന്നലെ നടന്ന ചര്‍ച്ചയാണ് ഫലംകാണാതെപോയത്.
ഒരുമാസത്തിനിടെ രണ്ട് സെമസ്റ്ററുകളിലെ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിന് പരീക്ഷാ കണ്‍ട്രോളര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. കോഴ്‌സ് തുടങ്ങിയ ആദ്യം വര്‍ഷം പരീക്ഷകളൊന്നും നടത്താതെ, ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകകളാണ് ഒരു മാസത്തിനിടെ അധികൃതര്‍ നടത്താനൊരുങ്ങുന്നത്. ആദ്യ സെമസ്റ്റര്‍ ഇതിനോടകം എഴുതിക്കഴിഞ്ഞു. ഒന്നാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ ഏഴു ദിവസത്തിന് ശേഷം രണ്ടാം സെമസ്റ്റര്‍ പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. വിജ്ഞാപനത്തിന് ശേഷം 12 ദിവസമാണ് പരീക്ഷയ്ക്ക് തറാറാകാന്‍ സമയമുള്ളെത് എന്നത് ഏറെ ആശങ്കാജനകമാണ്.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, മറ്റു ജോലികളും ചെയ്തുവരുന്നവരാണ് പഠിതാക്കളിലേറയും. തുടരെതുടരെ നടത്തുന്ന പരീക്ഷ ഒരുപോലെ എല്ലാ വിഭാഗം വിദ്യാര്‍ഥികളെയും ബാധിക്കുന്നുണ്ട്. ഇതിനിടയില്‍ മാര്‍ച്ച് ഒന്നിന് നെറ്റ് പരീക്ഷയും നടക്കുന്നുണ്ട്. ഏത് പരീക്ഷയ്ക്ക് പങ്കെടുക്കണമെന്ന് അറിയാതെ വലയുകയാണ് വിദ്യാര്‍ഥികള്‍. ധൃതി കൂട്ടിയുള്ള പരീക്ഷകള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ക്ക് പരാതി സമര്‍പ്പിച്ചിരുന്നു. ഇതിന് സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമില്ലാതെ വന്നപ്പോഴാണ് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ചര്‍ച്ച നടന്നിട്ടും തീരുമാനം അനുകൂലമാകാത്തതിനാല്‍ നിയമനടപകള്‍ തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments are closed for this post.