
ന്യൂഡല്‍ഹി: ആവശ്യമായ ആയുധശേഷി ഇന്ത്യയ്ക്കില്ലെന്നു വെളിപ്പെടുത്തിയ സി.എ.ജി റിപ്പോര്‍ട്ടില്‍, ഇന്ത്യയുടെ അഭിമാന പദ്ധതിയായ ആകാശ് മിസൈലിന്റെ പരീക്ഷണത്തെയും കടുത്ത രീതിയില്‍ വിമര്‍ശിക്കുന്നു. ആകാശ് മിസൈലിന്റെ ഒട്ടുമിക്ക പരീക്ഷണങ്ങളും പരാജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
”ലക്ഷ്യംവച്ചതിലും അടുത്തായി മിസൈലുകള്‍ പതിച്ചു, നിശ്ചയിച്ച ഗതിവേഗത്തേക്കാള്‍ കുറഞ്ഞ തോതിലാണ് പോയത്, പലതgം ശരിക്ക് പ്രവര്‍ത്തിച്ചില്ല” വെള്ളിയാഴ്ച ലോക്സഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പരീക്ഷണം നടത്തുമ്പോള്‍ നിരവധി നഷ്ടങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് തയ്യാറായിട്ടില്ല.
2013 ന്റെയും 2015 ന്റെയും ഇടയില്‍ ആറു നിശ്ചിത സ്ഥലങ്ങളിലായി മിസൈല്‍ സംവിധാനം സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇന്നുവരെ ഒരിടത്തും ഇതു സ്ഥാപിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 3,619.25 കോടി രൂപ നല്കി ഭാരത് ഇലക്ട്രോണിക് ലിമിറ്റഡില്‍ നിന്നാണ് മിസൈലുകള്‍ വാങ്ങിയത്.
ഇന്ത്യന്‍ സേനയ്ക്ക് ആവശ്യമായ വെടിക്കോപ്പുകളില്ലെന്ന സി.എ.ജി റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
അഞ്ചു വര്‍ഷമായി ഇതേ അവസ്ഥയാണെന്നും വിവിധ വിഭാഗങ്ങളിലായി 40 ശതമാനത്തോളം വെടിക്കോപ്പുകളുടെ കുറവാണു സേനയിലുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
യുദ്ധസമാന സാഹചര്യം ഉണ്ടായാല്‍ ഇന്ത്യന്‍സേനയുടെ പക്കല്‍ പിടിച്ചുനില്ക്കാന് പോലുമുള്ള ആയുധങ്ങള്‍ ഇല്ലെന്നും 2013നു ശേഷം സൈന്യത്തിന്റെ ആയുധശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
Comments are closed for this post.