2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.പി ഭീകരതയുടെ മറ്റൊരു മുഖം: സി.എ.എ പ്രക്ഷോഭത്തിനിടെ അക്രമം നടത്തിയവരെന്ന് കാട്ടി ഫോട്ടോയും വിലാസമടക്കം പതിച്ച് കൂറ്റന്‍ ഹോര്‍ഡിങ്ങുകള്‍

 

ലഖ്‌നോ: സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ അക്രമം നടത്തിയവരെന്ന് ആരോപിച്ച് നൂറു കണക്കിന് ആളുകളുടെ ഫോട്ടോയും വിലാസവും ഹോര്‍ഡിങ്ങില്‍ പതിച്ച് യു.പി സര്‍ക്കാര്‍. പൊതുമുതല്‍ നശിപ്പിച്ചതിന് ഇന്ന സംഖ്യ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹോര്‍ഡിങ് സ്ഥാപിച്ചിരിക്കുന്നത്. നഷ്ടപരിഹാരം വൈകാതെ നല്‍കിയില്ലെങ്കിലും സ്വത്ത് കണ്ടുകെട്ടുമെന്നും ഹോര്‍ഡിങ്ങില്‍ പറയുന്നു.

ഇവരില്‍ എല്ലാവര്‍ക്കും വ്യക്തിപരമായി ഇതുസംബന്ധിച്ച നോട്ടീസ് നേരത്തെ കൊടുത്തിരിക്കെ, എന്തിനാണ് പൊതുസ്ഥലത്ത് പതിച്ചതെന്ന ചോദ്യമാണ് ഉയരുന്നത്. ഉത്തര്‍പ്രദേശ് തലസ്ഥാന നഗരിയായ ലഖ്‌നൗവിലാണ് കൂറ്റന്‍ ഹോര്‍ഡിങ്ങുകള്‍ ഉയര്‍ന്നിരിക്കുന്നത്.

   

എല്ലാവര്‍ക്കുമെതിരായ കേസ് കോടതിയില്‍ നില്‍ക്കേയാണ് പൊതുസ്ഥലത്ത് പതിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ആക്ടിവിസ്റ്റ് സദഫ് ജാഫര്‍, അഭിഭാഷകന്‍ മുഹമ്മദ് ഷുഹൈബ്, ദീപക് കബീര്‍, മുന്‍ ഐ.പി.എസ് ഓഫിസര്‍ എസ്.ആര്‍ ദാരാപുരി തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളും ഹോര്‍ഡിങ്ങില്‍ ഉണ്ട്.

ഇവരില്‍ പലരും ഇപ്പോള്‍ കോടതിയില്‍ ജാമ്യം കിട്ടി പുറത്തുമാണ്. ആവശ്യമായി തെളിവ് ഹാജരാക്കുന്നതില്‍ പൊലിസ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇതില്‍ പലര്‍ക്കും ജാമ്യം അനുവദിച്ചത്.

 

‘ഞങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടു, മര്‍ദിക്കപ്പെട്ടു, ജയിലിലാക്കപ്പെട്ടു, പിന്നീട് ജാമ്യവും ലഭിച്ചു. ഞങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള പുതിയ അടവാണിത്. ജയിലിലായിരിക്കുമ്പോള്‍ തന്നെ എനിക്ക് വസൂലാക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. ഞാന്‍ ജയിലിലായിരിക്കെ മറ്റൊരു ഉദ്യോഗസ്ഥനു മുന്‍പില്‍ എങ്ങനെയാണ് എന്റെ കേസില്‍ വാദിക്കാനാവുകയെന്ന് ഞാന്‍ സൂപ്രണ്ട് മുഖേന ചോദിച്ചിരുന്നു. എനിക്കൊരു മറുപടിയും തന്നില്ല. എന്നെ ഒരാള്‍ പോലും കേള്‍ക്കാതെ അവര്‍ എനിക്ക് വസൂലാക്കല്‍ ഉത്തരവും അയച്ചു’- ദീപക് കബീര്‍ പറഞ്ഞു.

‘നിങ്ങള്‍ക്ക് ഞങ്ങളുടെ വിലാസം അറിയാം, ഞങ്ങള്‍ക്ക് നോട്ടീസും തന്നു. പിന്നെന്തിനാണ് ഇത്? ഇത് ഭയം സൃഷ്ടിക്കാന്‍ വേണ്ടിയാണോ? അങ്ങനെയാണെങ്കില്‍ ആ സര്‍ക്കാരിനെ എങ്ങനെയാണ് നല്ല സര്‍ക്കാരെന്ന് പറയാനാവുക?’- അദ്ദേഹം ചോദിച്ചു.

ഡിസംബറില്‍ യു.പിയില്‍ നടന്ന സംഘര്‍ഷത്തിനു പിന്നാലെയാണ് സി.എ.എ വിരുദ്ധ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ വ്യാപകമായി പൊലിസ് വേട്ടയാടല്‍ നടക്കുന്നത്. കാണ്‍പൂരില്‍ ഒരാളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഫെബ്രുവരിയില്‍ അലഹബാദ് ഹൈക്കോടതി തടഞ്ഞിരുന്നു.

ഇവരുടെ ചിത്രങ്ങള്‍ പതിച്ച് ഹോര്‍ഡിങ് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് ഉത്തരവിട്ടതെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘പ്രതികാരം’ എന്ന വാക്കുപയോഗിച്ച് നേരത്തെ യോഗി വിവാദത്തില്‍പ്പെട്ടിരുന്നു. ഞാന്‍ നേരിട്ട് തന്നെ ഈ വിഷയം പരിശോധിക്കുമെന്നും എല്ലാവരെയും തിരിച്ചറിഞ്ഞ് പ്രതികാരം ചെയ്യുമെന്നും യോഗി പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.