2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സ്ഥാനത്ത് തുടരാന്‍ ചിലര്‍ക്ക് ആക്രാന്തം ; കശാപ്പുകാരന്റെ മനോഭാവം; കാനത്തിനെതിരെ സി ദിവാകരന്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് സി ദിവാകരന്‍. സ്ഥാനത്ത് തുടരാന്‍ ചിലര്‍ക്ക് ആക്രാന്തമാണ്. ഇതൊന്നും കമ്യൂണിസ്റ്റ് രീതിയല്ല. പ്രായപരിധിയെന്നത് എതോ ഗൂഢസംഘത്തിന്റെ തീരമാനമാണെന്നും സിപിഐയില്‍ പ്രായപരിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ദിവാകരന്‍ പറഞ്ഞു.

‘പാര്‍ട്ടി സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു ആക്രാന്തം ചില ആളുകള്‍ക്ക് ആയേ പറ്റൂ, മാറൂല്ല, എനിക്ക് വിജയസാധ്യതയുണ്ട് അതൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്ക് മനസിലാകുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അങ്ങനെ ഒരു ചിന്തയും ഒരു വര്‍ത്തമാനവും അനുവദിക്കാന്‍ പാടുള്ളതല്ല. പാര്‍ട്ടി സമ്മേളനമല്ലേ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ഏത് തീരുമാനവും ശിരസാവഹിക്കുമെന്നല്ലേ പറയേണ്ടത്’ വാര്‍ത്താ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സി ദിവകാരന്‍ പറഞ്ഞു.

‘പാര്‍ലമെന്റ് ഇലക്ഷനില്‍ ഇവിടെ ഒരു ക്രൈസിസ് വന്നത് എല്ലാവര്‍ക്കും അറിയാം. മഹാഭൂരിപക്ഷം പേരും എതിരായിരുന്നു. അന്ന് പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പമാണ് ഞാന്‍ നിന്നത്. ഇവിടെ പാര്‍ട്ടി തീരുമാനമല്ല. ഗൈഡ് ലൈനാണ് നടക്കുന്നത്. സമ്മേളനത്തില്‍ ആര്‍ക്കും മത്സരിക്കാം. ജയിക്കാന്‍ കഴിയുന്നവര്‍ക്ക് അതിന് കഴിയും. സമ്മേളനത്തിലെ കമ്മറ്റി തെരഞ്ഞെടുപ്പില്‍ 50 ശതമാനം നാല്‍പ്പത്തിയഞ്ചിനും അറുപത്തിയഞ്ചിനും ഇടയിലുള്ളവരാവണം. 15 ശതമാനം സ്ത്രീകളാവണം. പട്ടികജാതി പട്ടികവര്‍ഗത്തിന് പ്രത്യേകപരിഗണന വേണം, യുവാക്കള്‍ക്ക് വേണം. ഇതിന്റെ പുറത്ത് 75 വയസ് കഴിഞ്ഞവര്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല’

‘ഏത് മെമ്പറെയും ഏത് ഘടകത്തിലേക്ക് തെരഞ്ഞെടുക്കാമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. ദേശീയ ഘടകം അങ്ങനെ നിര്‍ദേശം വച്ചെങ്കില്‍ ആ നിര്‍ദേശം നടപ്പാക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭരണഘടനയെ ഭേദഗതി ചെയ്ത് മര്യാദയ്ക്ക് വേണം നടപ്പാക്കാന്‍. ആല്ലാതെ ഏതാനും ആളുകളുടെ ഗൂഢസംഘം എന്തെങ്കിലും തീരുമാനിച്ച് നടപ്പാക്കാനാവില്ല. അതിനാണ് ഇവിടെയുള്ള സഖാക്കളുടെ എതിര്‍പ്പ്. ഇത് ചില ആളുകളെ ഒഴിവാക്കാനുള്ള കുറുക്ക് വഴിയായാണ് കാണുന്നത്. എന്നെ പോലെയുള്ളയാളുകല്‍ 75 കഴിഞ്ഞവരാണ്. എനിക്ക് നിര്‍ബന്ധമായും നിന്നേ പറ്റൂ എന്ന് ഒരുകാലത്തും താന്‍ പറഞ്ഞിട്ടില്ല. ആരുടെയും ഗ്രൂപ്പ് പിടിച്ചിട്ടില്ല. ആരെയും താന്‍ സ്വാധിനിച്ചിട്ടില്ല. എപ്പോ വേണമെങ്കിലും പോകാന്‍ തയ്യാറാണ്. പാര്‍ട്ടിയുടെ പരീക്ഷണഘട്ടങ്ങളിലെല്ലാം ഞാന്‍ എന്റെ നിലപാട് എടുത്തിട്ടുണ്ട്. ഇനിയും അത് എടുക്കും. അതില്‍ വിട്ടുവീഴ്ചയില്ല. പ്രായപരിധി നടപ്പാക്കാന്‍ അനുവദിക്കില്ല. ഇത് ഒരുതരം സ്ലോട്ടറിങ്ങ് പോലെയാണ്. റബര്‍ മരമൊക്കെ, കറയൊക്കെ തീരുമ്പോള്‍ പിന്നെ വെട്ടിവില്‍ക്കാമെന്നുള്ള കശാപ്പുകാരന്റെ ഒരു മനോഭാവം സിപിഐ പോലുള്ള ഒരു പാര്‍ട്ടിക്ക് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.