
കൊച്ചി: കേരള കോണ്‍ഗ്രസ് (ജേക്കബ്) നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റുകള്‍ ആവശ്യപ്പെടും. പിറവം കൂടാതെ പല കാലങ്ങളില്‍ മത്സരിച്ചിരുന്ന തരൂര്‍, അങ്കമാലി, ഉടുമ്പന്‍ചോല എന്നീ സീറ്റുകള്‍ കൂടിയാണ് ഇക്കുറി യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെടുക. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി ഹൈപവര്‍ കമ്മിറ്റി യോഗത്തിലുണ്ടാകും.
പല സാഹചര്യങ്ങളിലായി പാര്‍ട്ടി വിട്ടുകൊടുത്ത സീറ്റുകളാണ് തരൂര്‍, അങ്കമാലി, ഇടുമ്പന്‍ചോല എന്നിവ. എന്നാല്‍ എന്തു സാഹചര്യം വന്നാലും ഇത്തവണ സീറ്റുകളൊന്നും തന്നെ വിട്ടുകൊടുക്കേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. ആവശ്യം അനുഭാവവപൂര്വം പരിഗണിക്കാമെന്ന് യു.ഡി.എഫ് നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
പിറവത്ത് നിലവിലെ എം.എല്‍.എ അനൂപ് ജേക്കബ് തന്നെയാകും സ്ഥാനാര്‍ഥി. അനൂപിന്റെ സഹോദരി അമ്പിളി ജേക്കബും മത്സര രംഗത്തുണ്ടാകുമെന്ന് സൂചനയുണ്ട്. എന്നാല്‍ മറ്റിടങ്ങളിലെ സ്ഥാനാര്‍ഥികള്‍ ആരൊക്കെ എന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് കോണ്‍ഗ്രസിനായി അങ്കമാലി വിട്ടുകൊടുക്കേണ്ടിവന്നിരുന്നു.
പകരം സീറ്റെന്ന കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും വാഗ്ദാനം ഒരു ചര്‍ച്ചയ്ക്കുപോലും നില്‍ക്കാതെ മുന്‍ ചെയര്മാന് ജോണി നെല്ലൂര്‍ നിരാകരിച്ചെന്നാണ് അനൂപ് വിഭാഗത്തിന്റെ ആരോപണം. അതോടെ നാലു സീറ്റുകളില്‍ വരെ മത്സരിച്ച പാര്‍ട്ടി ഒരൊറ്റ സീറ്റിലേക്കു ചുരുങ്ങി. അനൂപ് ജേക്കബ് നിയസഭയിലെത്തിയതു മാത്രമാണ് ആശ്വാസം.
എന്നാല്‍ അനൂപുമായുള്ള പോരിനെ തുടര്‍ന്ന് ജോണി വിഭാഗം 2020 മാര്‍ച്ച് ഏഴിന് പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ ജോസഫ് ഗ്രൂപ്പ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ ഇടയുള്ളതുകൂടി കണക്കിലെടുത്താണ് വിട്ടുവീഴ്ച വേണ്ടെന്ന കേരള കോണ്‍ഗ്രസി(ജേക്കബ്)ന്റെ നിലപാട്. എന്നാല്‍ ജോണി നെല്ലൂര്‍ പോയതോടെ ശക്തി ക്ഷയിച്ച പാര്‍ട്ടിയുടെ ആവശ്യത്തോട് മുന്നണി നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നത് അവ്യക്തമാണ്.
Comments are closed for this post.