2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യത്തെ 56 നിയസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പൊരുങ്ങുന്നു; കേരളത്തില്‍ ഇല്ല

 

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 56 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ബിഹാറിലെ ഒരു ലോക്‌സഭാ സീറ്റിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 3, 7 തീയതികളിലായാണ് ഉപതെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

10 സംസ്ഥാനങ്ങളില്‍ നിന്നുള്ള 54 നിയമസഭാ സീറ്റുകളിലേക്ക് നവംബര്‍ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ബിഹാറില്‍ നിന്നുള്ള ഒരു പാര്‍ലമെന്റ് സീറ്റിലേക്കും മണിപ്പൂരില്‍ നിന്നുള്ള രണ്ട് നിയമസഭാ സീറ്റുകളിലേക്കും നവംബര്‍ ഏഴിനാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ പത്തിന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം കേരളത്തിലേതുള്‍പ്പെടെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിലവില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നും കമ്മീഷന്‍ തീരുമാനിച്ചു. അസം, കേരള, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് വീതം സീറ്റുകളിലും ബെംഗാളിലെ ഒരു സീറ്റിലുമാണ് നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.

ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ എം.എല്‍.എമാരുടെ ഒഴിവിലേക്കാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 27 ഒഴിവുകളാണ് ഇവിടെയുള്ളത്.

ഗുജറാത്തിലെ എട്ട് മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലെ ഏഴ് മണ്ഡലങ്ങളും നവംബര്‍ മൂന്നിന് ജനവിധി രേഖപ്പെടുത്തും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.