കാര്‍ ഏതാണെങ്കിലും കാറിന്റെ ടയര്‍ മോശമാണെങ്കില്‍പ്പിന്നെ ഒന്നിനും കൊള്ളില്ല. വാഹനങ്ങളുടെ കാര്യക്ഷമതയിലും സുരക്ഷയിലും ടയറുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍ മിക്കവരും വാഹനം വാങ്ങുമ്പോള്‍ ഇത് ശ്രദ്ധിക്കാറ് പോലുമില്ല. പൊതുവെ എല്ലാവരും കാറിന്റെ നിലവിലുള്ള ടയര്‍ മാറ്റി പുതിയതിലേക്ക് മാറ്റുന്നതിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുക. എന്നാല്‍ എങ്ങനെ കാര്‍ ടയറുകളുടെ ആയുസ്സ് ദീര്‍ഘിപ്പിച്ച് ഈ ചെലവ് കുറയ്ക്കാം എന്നതിനെപ്പറ്റി പലര്‍ക്കും അറിവില്ല. ഇതാ നിങ്ങളുടെ കാര്‍ ടയറുകളുടെ ആയുസ്സ് വര്‍ധിപ്പിക്കാനുള്ള പത്ത് എളുപ്പവഴികള്‍.
ടയര്‍ മര്‍ദ്ദം
ശരിയായ മര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതാണ് ടയറുകളുടെ ആയുസ്സ് കൂട്ടുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം. ടയറില്‍ മുഴുവനായി കാറ്റ് നിറച്ചാല്‍ മികച്ച മൈലേജും കണ്‍ട്രോളും കിട്ടുമെന്നൊരു ധാരണ പൊതുവിലുണ്ട്. എന്നാലിത് തെറ്റാണ്. ഇത് ടയറുകള്‍ക്ക് പെട്ടെന്ന് പോറലേല്‍ക്കാന്‍ കാരണമാവുകയും അതുവഴി ടയറുകള്‍ നശിച്ച് പോവുകയും ചെയ്യുന്നു. മാത്രമല്ല ഇത് കാറിന്റെ സസ്‌പെന്‍ഷന്‍ ഘടകങ്ങള്‍ക്കും കാതലായ കേടുപാടുകളുണ്ടാക്കും.
വീല്‍ ഘടനയും നിയന്ത്രണവും
ടയറുകള്‍ക്ക് ഒടിവും ചതവുമില്ലാതെ സൂക്ഷിക്കുന്ന ഒരു കാറിന് അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് ശരിവച്ചിട്ടുള്ള നിയന്ത്രണം ലഭിക്കുന്നതാണ്.
സ്ഥിരമായി പൊട്ടിപ്പെളിഞ്ഞ പാതകളിലൂടെ വാഹനമോടിക്കുന്ന ഒരാളാണെങ്കില്‍, ഓരോ 5,000 കിലോമീറ്റര്‍ ഓട്ടത്തിന് ശേഷം കാറിന്റെ വീല്‍ ഘടന പരിശോധിക്കുന്നത് നല്ലതായിരിക്കും. കാരണം ഇത്തരം പാതകളിലൂടെയുള്ള നിരന്തര ഓട്ടം കാറിന്റെ വീലുകളുടെ ഘടനയില്‍ മാറ്റം വരുത്തും
ടയര്‍ റൊട്ടേഷന്‍
നിര്‍മ്മാതാക്കള്‍ നിര്‍ദേശിക്കുന്ന ഇടവേളകളില്‍ കാറിന്റെ ടയറുകളുടെ സ്ഥാനം മാറ്റേണ്ടതാണ്. ടയര്‍ റൊട്ടേഷന്‍ എന്ന ഈ പ്രക്രിയയില്‍ സ്‌പെയര്‍ ടയറിനെക്കൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഇത്തരത്തില്‍ ചെയ്യുന്നത് ടയറുകള്‍ക്ക് ദീര്‍ഘായുസ്സ് പ്രദാനം ചെയ്യുന്നതാണ്.
വാല്‍വുകളും വാല്‍വ് ക്യാപ്പുകളും മാറ്റുക
പഴയ ടയറുകള്‍ മാറ്റി പുത്തനാക്കുമ്പോള്‍ വാല്‍വുകളും വാല്‍വ് ക്യാപ്പുകളും കൂടി പുത്തനാക്കി മാറ്റാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം കാറിന്റെ ഈ ഘടകങ്ങള്‍ കാലാകാലത്തിന് മാറ്റിയില്ലെങ്കിലത് ടയറുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ കാരണമാകും. അത് കൊണ്ട് തന്നെ പുതിയ ടയറിലേക്ക് മാറുമ്പോള്‍ ഈ ഘടകങ്ങള്‍ കൂടി മാറ്റിയാല്‍ നന്നായിരിക്കും.
മാന്യമായ ഡ്രൈവിങ്
മാന്യമായ രീതിയിലുള്ള ഡ്രൈവിംഗ് നിങ്ങളുടെ കാറിന്റെ ഇന്ധനക്ഷമത കൂട്ടുമെന്ന് മാത്രമല്ല ടയറുകള്‍ക്ക് കൂടി മുതല്‍ക്കൂട്ടാവും. കടുത്ത രീതിയിലുള്ള ബ്രേക്കിംഗും ആക്‌സിലറേഷനും ടയര്‍ ആയുസ്സ് കുറയ്ക്കും.
പൊട്ടിപ്പൊളിഞ്ഞ പാതകള്‍ ഒഴിവാക്കൂ
പൊട്ടിപ്പൊളിഞ്ഞതും കുഴികളുള്ളതുമായ റോഡുകളിലൂടെയുള്ള ഡ്രൈവുകള്‍ എളുപ്പത്തില്‍ ടയര്‍ കേടാക്കും. ഇത്തരത്തിലുള്ള വഴികള്‍ ടയറിന് പഞ്ചറുകളും മറ്റും ഉണ്ടാക്കും. അത് കൊണ്ട് തന്നെ ഈ വഴികളിലൂടെയുള്ള ഡ്രൈവുകള്‍ കഴിവതും ഒഴിവാക്കുക. ഇല്ലെങ്കില്‍ പരമാവധി വേഗം കുറച്ച് ഡ്രൈവ് ചെയ്യുക.
ഓവര്‍ലോഡിംഗ് പാടില്ല
ലഗേജുകളും മറ്റുമായി അമിതഭാരം കയറ്റിക്കൊണ്ടുള്ള യാത്രകള്‍ കാറുകളുടെ ടയറുകള്‍ക്ക മാത്രമല്ല സസ്‌പെന്‍ഷന്‍ ഘടകങ്ങള്‍ക്കും കാര്യമായ കേടുപാടുകളുണ്ടാക്കും. സാധാരണ പഞ്ചറുകള്‍ക്ക് മാത്രമല്ലിത് വഴിവയ്ക്കുക മറിച്ച് ടയറുകള്‍ പൊട്ടിത്തെറിക്കാനും ഇടയാക്കും.
പഞ്ചറായ ടയര്‍ ഉടനടി ശരിയാക്കുക
യാത്രക്കിടയില്‍ നിങ്ങളുടെ കാറിന്റ ടയര്‍ പഞ്ചറാവുകയാണെങ്കില്‍ ഉടന്‍ തന്നെ ശരിയാക്കുക. പഞ്ചറായ ടയര്‍ കൊണ്ട് ദീര്‍ഘദൂരം ഡ്രൈവ് ചെയ്യാതിരിക്കുക, ഇത് കാറിന്റെ വശങ്ങളില്‍ കോട്ടം ചെയ്യും.
സ്പീഡ് കുറയ്ക്കുക
കോണ്‍ക്രീറ്റ് റോഡുകളിലെ അമിതവേഗം കാറിന്റെ ടയറുകള്‍ എളുപ്പത്തില്‍ നശിച്ചുപോവാന്‍ കാരണമാവും. സിമന്റ് പ്രതലങ്ങളിലൂടെയുള്ള അമിതവേഗം ടയറുകളെ എളുപ്പത്തില്‍ ചൂടാക്കുകയും ഇതുവഴി ടയറിന് തേയ്മാനം സംഭവിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള റോഡുകളില്‍ പരമാവധി വേഗം കുറയ്ക്കുകയോ പെട്ടെന്നുള്ള ബ്രേക്കിംഗ്, ആക്‌സിലറേഷന്‍ എന്നിവ ഒഴിവാക്കുകയോ ആണ് ചെയ്യേണ്ടത്.
ഐഎസ്‌ഐ മുദ്രയുള്ള ടയര്‍ വാങ്ങുക
താഴ്ന്ന നിലവാരത്തിലുള്ള ടയറുകള്‍ ഉപയോഗിക്കുന്നതിന് പകരം കാറിനായി ഐഎസ്‌ഐ മുദ്രയുള്ള ടയര്‍ തന്നെ വാങ്ങുക. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ടയറുകള്‍ കഴിവതും ഒഴിവാക്കി നിങ്ങളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുക.
Comments are closed for this post.