2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

കടിഞ്ഞാൺ വേണം കൊലയാളി ബസുകൾക്ക്


ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകട വാർത്ത നടുക്കത്തോടെയാണ് വ്യാഴാഴ്ച പുലരിയിൽ കേരളീയ സമൂഹം ശ്രവിച്ചത്. എറണാകുളം മുളന്തുരുത്തി ബസലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ കുട്ടികൾ ഊട്ടിയിലേക്ക് വിനോദയാത്ര പോയ ലുമിനസ് ടൂറിസ്റ്റ് ബസാണ് അപകടമുണ്ടാക്കി അഞ്ചു വിദ്യാർഥികളടക്കം ഒമ്പതുപേരുടെ അന്ത്യത്തിന് ഇടയാക്കിയത്. അമിതവേഗതയിൽ പാഞ്ഞ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു. അപകട സമയത്ത് ബസിന്റെ വേഗത 97.7 കിലോമീറ്ററായിരുന്നു എന്നതിൽ നിന്നുതന്നെ കൊലയാളി ബസിലാണ് വിദ്യാർഥികൾ മരണത്തിലേക്ക് യാത്ര ചെയ്തതെന്ന് വ്യക്തം. അപകടമുണ്ടായ ഉടൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെ കൊല്ലം ചവറയിൽ വച്ച് ഇയാൾ പൊലിസ് പിടിയിലാവുകയും ചെയ്തു.

അപകടം വരുത്തിയ ബസിനെതിരേ നിയമലംഘനത്തിന് നിരവധി കേസുകൾ നിലവിലുണ്ട്. ലുമിനസ് പോലുള്ള ടൂറിസ്റ്റ് ബസുകൾ അത്തരം കേസുകളൊന്നും വകവയ്ക്കാതെ നിയമം ലംഘിച്ചുകൊണ്ട് പിന്നെയും നിരത്തിലൂടെ ചീറിപ്പായുകയാണ്. ഇങ്ങനെ സർവിസ് നടത്തണമെങ്കിൽ മോട്ടോർവാഹന വകുപ്പിന്റേയും പൊലിസിന്റേയും സഹായം ഉണ്ടായിരിക്കണം. അതുകൊണ്ടാണ് ഹൈക്കോടതി ചോദിച്ചത്, അപകടം വരുത്തിയ ലുമിനസ് ബസിന് ആരാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുകയാണിപ്പോൾ.
മുമ്പത്തേതിൽനിന്നു വ്യത്യസ്തമായി സംസ്ഥാനത്തുനിന്ന് വിനോദയാത്രകൾ വർധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ടൂറിസ്റ്റ് ബസ് സർവിസ് വൻ വ്യവസായമായി വളർന്നിരിക്കുന്നു. വിനോദയാത്രാ സംഘങ്ങളെ ആകർഷിക്കാനായി നിയമവിരുദ്ധമായ പല സംവിധാനങ്ങളും ഇത്തരം ബസുകളിൽ സാധാരണമാണ്. ഇത്തരം നിയമ ലംഘനങ്ങൾക്കുനേരെ പൊലിസും ഗതാഗതവകുപ്പും കണ്ണടയ്ക്കുന്നു. ബസിനു മുകളിൽ അപകടകരമായ രീതിയിൽ പൂത്തിരി കത്തിക്കുന്നു എന്ന വ്യാജേന ആളിപ്പടരുന്ന തീക്കുണ്ഡങ്ങൾ ഒരുക്കാൻ വരെ ടൂറിസ്റ്റ് ബസിലെ ജീവനക്കാർക്ക് ധൈര്യം കിട്ടുന്നത് ഇതിനാലാണ്.

ടൂറിസ്‌റ്റ് ബസുകളുടെ നിയമലംഘനം തടയാൻ മോട്ടോർവാഹന വകുപ്പ് ഓപറേഷൻ തണ്ടർ എന്ന പേരിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ 2019ൽ തീരുമാനിച്ചിരുന്നു. ഇതിലൂടെ എത്ര ബസുകൾക്കെതിരേയാണ് വകുപ്പ് നടപടിയെടുത്തത്? കൊല്ലം പെരുമൺ എൻജിനിയറിങ് കോളജിൽ കൊമ്പൻ എന്ന പേരുള്ള ടൂറിസ്റ്റ് ബസിന് മുകളിൽ കത്തിച്ച പൂത്തിരിയിൽ നിന്നു തീ പടർന്നതിനെത്തുടർന്ന് കഴിഞ്ഞ ജൂലൈയിൽ മോട്ടോർവാഹന വകുപ്പ് വീണ്ടും ‘കർശന’ നടപടികളുമായി രംഗത്തെത്തിയിരുന്നു. പത്തനംതിട്ടയിൽ അന്ന് നടത്തിയ പരിശോധനയിൽ കൊമ്പൻ ടൂറിസ്റ്റ് ബസുകളുടെ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 36000 രൂപ മാത്രമാണ് പിഴയായി മോട്ടോർ വാഹനവകുപ്പ് അന്ന് ഈടാക്കിയത്. 2019ൽ അഞ്ചൽ ഈസ്റ്റ് സ്‌കൂളിൽ വിനോദയാത്രക്ക് മുന്നോടിയായി ടൂറിസ്റ്റ് ബസ് അഭ്യാസ പ്രകടനം നടത്തിയതിനെതിരേയുണ്ടായ നടപടിയിൽ ബസ് ഉടമകൾ പ്രതിഷേധിച്ചതും അഭ്യാസ പ്രകടനങ്ങളെ ന്യായീകരിച്ചതും അത്തരം ഡ്രൈവർമാരെ വീണ്ടും നിയോഗിക്കുമെന്നും വെല്ലുവിളിച്ചതും മറക്കാറായിട്ടില്ല.

കുട്ടികളെ ചുറ്റിലും നിർത്തി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തുക എന്നത് ടൂറിസ്റ്റ് ബസുകളുടെ പതിവ് പരിപാടിയാണ്. വിനോദയാത്രയ്ക്ക് മുമ്പുള്ള ഇത്തരം അപകടകരമായ അഭ്യാസ പ്രകടനങ്ങൾക്ക് ഇതുവരെ കടഞ്ഞാണിടാനായിട്ടില്ല. ബസലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ കുട്ടികൾ എന്തുമാത്രം ആഹ്ലാദാരവങ്ങളോടെയായിരിക്കും ഊട്ടിയിലേക്കുള്ള ഉല്ലാസയാത്രയ്ക്കായി ലുമിനസ് ബസിൽ കയറിയിരുന്നിട്ടുണ്ടാവുക. 42 വിദ്യാർഥികളിൽ അഞ്ചുപേരും ഒരു അധ്യാപകനും അതവരുടെ അന്ത്യ യാത്രകുമെന്ന് ഒരിക്കലും ഓർത്തുകാണില്ല. ഡ്രൈവർ വരുത്തിവച്ച അതിനിഷ്ഠുരമായ ക്രൂരകൃത്യമാണ് ഒമ്പതുപേരുടെ ജീവൻ കവർന്നത്. ദീർഘയാത്ര കഴിഞ്ഞെത്തിയ ഡ്രൈവർ ക്ഷീണിതനായിരുന്നു. യാത്ര പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾ അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ്. താൻ ഊർജസ്വലനാണെന്നും ദീർഘകാലത്തെ പരിചയസമ്പത്തുള്ള ഡ്രൈവറാണെന്നും പറഞ്ഞായിരുന്നു അയാൾ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നത്. അമിത വേഗം കുറയ്ക്കണമെന്ന് ഒന്നുരണ്ടുതവണ ഡ്രൈവർ ജോമോനോട് പറഞ്ഞെങ്കിലും അയാൾ ചെവിക്കൊണ്ടില്ലെന്ന് അപകടത്തിൽ നിന്നു രക്ഷപ്പെട്ട വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു.

വേഗപ്പൂട്ട് നിർബന്ധമാക്കിയ നിയമം നിലനിൽക്കെ 97.2 കിലോമീറ്റർ വേഗതയിൽ ബസ്ഓടിക്കാൻ ഡ്രൈവർക്ക് കഴിഞ്ഞെങ്കിൽ ഈ നിയമ ലംഘനത്തിന് കൂട്ടുനിന്നവരും പ്രതികളാകേണ്ടതാണ്. വിനോദയാത്രാ വിവരം സ്‌കൂൾ അധികൃതർ മോട്ടോർവാഹനവകുപ്പിനെ മുൻകൂട്ടി രേഖാമൂലം അറിയിക്കണമെന്നാണ് നിയമം. ബസലിയോസ് വിദ്യാനികേതൻ സ്‌കൂൾ അധികൃതർ അത് പാലിച്ചില്ല.

നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ച്, കാതടപ്പിക്കുന്ന ഹോണുകൾ മുഴക്കി ടൂറിസ്റ്റ് ബസുകൾ റോഡിലൂടെ ചീറിപ്പായുന്നത് അവസാനിപ്പിക്കണം. വലിയ അപകടം ഉണ്ടാകുമ്പോൾ മാത്രം സടകുടഞ്ഞെഴുന്നേൽക്കുന്ന മോട്ടോർവാഹന വകുപ്പിന്റെ പ്രവർത്തനങ്ങളിലും മാറ്റം ഉണ്ടാകണം. അശ്രദ്ധയോടെ അമിത വേഗതയിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കണം. ടൂറിസ്റ്റ് ബസുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നത് നിയമം പാലിച്ചു തന്നെയാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മോട്ടോർവാഹന വകുപ്പിന്റെ എല്ലാ പരിശോധനകളും പൂർത്തിയാക്കിയതിനു ശേഷമേ സ്‌കൂളുകളിൽ നിന്ന് ടൂറിസ്റ്റ് ബസുകളെ വിനോദ യാത്രക്കായി നിരത്തിലിറക്കാവൂ. നിയമങ്ങൾ കർശനമായി പാലിച്ചാൽ തന്നെ ടൂറിസ്റ്റ് ബസുകൾ ഉണ്ടാക്കുന്ന റോഡപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം. പൂർത്തിയാക്കാനാവാത്ത യാത്രകൾ പാതിവഴിയിൽ രക്തത്തിൽ കുതിർത്ത് അവസാനിപ്പിക്കേണ്ടിവരുമ്പോൾ ആ കുട്ടികളെ കുറിച്ചുള്ള ഓർമകൾ രക്ഷിതാക്കളുടെ ഉള്ളിൽ നീറിപ്പടരുന്ന അഗ്‌നിയായി, അവസാനിക്കാത്ത കണ്ണീർക്കണങ്ങളായി ജീവിതാന്ത്യം വരെ ഉണ്ടാകുമെന്ന് വാഹനങ്ങളെ കളിപ്പാട്ടങ്ങളായി കരുതുന്ന ഡ്രൈവർമാർ ഓർക്കുന്നത് നന്ന്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.