
കോട്ടയം: ഏറ്റുമാനൂര്‍ അടിച്ചിറയില്‍ കെ.എസ്.ആര്.ടി.സി നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ യാത്രക്കാരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെ ആയിരുന്നു അപകടം.തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി മാട്ടുപ്പെട്ടിക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് വിവരം.
ജീവനക്കാരടക്കം 46 പേരാണ് ബസിലുണ്ടായിരുന്നത്. ഏറ്റുമാനൂര്‍ പൊലിസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. അപകടത്തെത്തുടര്‍ന്ന് എം.സി റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.