
ലഖ്നോ: നഗരത്തിലെ ഒരു തെരുവിലൂടെ പര്‍ദ്ദ ധരിച്ച് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയുടെ ബാഗുമായി നീങ്ങുന്ന സ്ത്രീയുടെ ഫോട്ടോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ആരാണ് ആ സ്ത്രീ എന്നറിയാനുള്ള ശ്രമത്തിലായിരുന്നു പിന്നീട് സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ ആരാണ് ആ ‘സ്വിഗ്ഗി ലേഡി’ എന്ന ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് സ്വിഗിയുമായി യാതൊരു ബന്ധവുമില്ലെന്നാതാണ് വാസ്തവം എങ്കിലും അവരുടെ കഥ വേദനയോടെയല്ലാതെ കേട്ടിരിക്കാനാകില്ല.
സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡായ ആ ചിത്രത്തിലുള്ളത് റിസ്വാന എന്ന സ്ത്രീയാണ്. നാല് മക്കളെ പോറ്റാന്‍ തെരുവില്‍ കച്ചവടത്തിന് ഇറങ്ങിയ റിസ്വാനയുടെ കഥ ആരുടേയും ഉള്ളുലക്കുന്നതാണ്. 23 വര്‍ഷം മുന്‍പാണ് റിസ്വാനയുടെ വിവാഹം നടക്കുന്നത്. ഓട്ടോ ഡ്രൈവര്‍ ആയിരുന്നു ഭര്‍ത്താവ്. ഇവര്‍ക്ക് നാല് മക്കളാണ് ഉള്ളത്. പ്രയാസങ്ങള്‍ക്കിടയിലും സന്തോഷത്തോടെയാണ് അവരുടെ ജീവിതം മുന്നോട്ട് പോയിരുന്നത്.
ഭര്‍ത്താവിന്റെ ഓട്ടോറിക്ഷ ഒരു ദിവസം മോഷണം പോയതോടെ റിസ്വാനയുടെ ജീവിതം മാറിമറിഞ്ഞു. ഓട്ടോ നഷ്ടപ്പെട്ടതോടെ ഭര്‍ത്താവ് മാനസികമായി തളര്‍ന്നു. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ വിഷമത്തിലായ അയാള്‍ സമീപത്തെ വീടുകളില്‍ നിന്നും തെരുവില്‍ നിന്നും ഭിക്ഷയെടുക്കാന്‍ ആരംഭിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പെട്ടെന്ന് അയാളെ കാണാതായി.
നാല് മക്കളെയും ചേര്‍ത്ത് പിടിച്ച് ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു റിസ്വാന. പട്ടിണികിടന്ന് മക്കള്‍ക്കൊപ്പം മരിക്കാന്‍ റിസ്വാന തയ്യാറല്ലായിരുന്നു. അങ്ങിനെയാണ് ഡിസ്പോസിബിള്‍ കപ്പുകളും പ്ളേറ്റുകളും വില്ക്കാന് ആരംഭിച്ചത്. ദിവസം 60- 70 രൂപയാണ് വരുമാനം. മാസത്തില്‍ രണ്ടായിരം രൂപക്ക് താഴെ വരുമാനവുമായി മുന്നോട്ട് പോകാതെയായതോടെ റിസ്വാന അടുത്ത വീടുകളില്‍ ജോലിക്ക് പോകാനും തുടങ്ങി. ഇങ്ങനെ എല്ലാം കൂടി മാസത്തില്‍ 6,000 രൂപയോളം സമ്പാധിച്ചു.
Rizwana lives in a congested 10×10 room with daughters Bushra (19) and Nashra (7) and son Yaseen (11). An uneducated and single mother has to face severe hardship to raise her kids and Rizwana works the entire day to earn money for her family.
6/N pic.twitter.com/tVjw8AjTtV
— The Mooknayak English (@TheMooknayakEng) January 16, 2023
ഒരു പേക്കറ്റ് ഡിസ്പോസിബിള്‍ കപ്പ് വിറ്റാല്‍ 2- 3 വരെയാണ് റിസ്വാനയുടെ ലാഭം. തെരുവില്‍ ചായക്കച്ചവടവും മറ്റും നടത്തുന്നവര്‍ക്കാണ് റിസ്വാന കപ്പ് വില്‍ക്കുന്നത്. ഇതിനായി ഒരു ദിവസം 20 – 25 കിലോമീറ്റര്‍ നടക്കും. ബസിലോ ടാക്സിയിലോ കയറിയാല്‍ തന്റെ വീട്ടു ചെലവിനുള്ള പണം തികയില്ല. അതിനാല്‍ നടക്കുകയാണ് പണം മിച്ചം പിടിക്കാന്‍ നല്ലതെന്ന് റിസ്വാന പറയുന്നു. ഇങ്ങനെ കടകള്‍ തോറും കപ്പ് നടന്ന് വില്ക്കാന് ഉപയോഗിച്ചിരുന്ന തന്റെ കയ്യിലുള്ള ചെറിയ ബാഗ് നശിച്ചതോടെയാണ് വഴിയില്‍ നിന്നും കണ്ട സ്വിഗ്ഗിയുടെ ബാഗ് 50 രൂപ കൊടുത്ത് വാങ്ങിയത്. ഇതാണ് റിസ്വാനയും സ്വിഗ്ഗിയും തമ്മിലുള്ള ബന്ധം.
നാല് വര്‍ഷത്തോളമായി ഇതാണ് റിസ്വാനയുടെ ജീവിതം. ഇതിനിടെ രണ്ട് വര്‍ഷം മുന്‍പ് മൂത്തമകളുടെ വിവാഹം നടന്നു. തനിക്ക് കിട്ടുന്ന പണത്തില്‍ നിന്ന് മിച്ചം പിടിച്ചാണ് മൂത്തമകളുടെ വിവാഹം നടത്തിയത്. 19 വയസ് പ്രായമുള്ള ബുഷ്റ, 11 വയസുള്ള യാസിന്, ഏഴുവയസ്സുകാരി നഷ്റ എന്നീ മക്കളാണ് ഇപ്പോള്‍ റിസ്വാനക്കൊപ്പം ഒറ്റമുറി വീട്ടില്‍ കഴിയുന്നത്. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന സ്വപ്നമാണ് റിസ്വാനയെ ദിവസവും സ്വിഗ്ഗി ബാഗും ചുമന്ന് 15ഉം 20 ഉം കിലോമീറ്റര്‍ നടത്തിക്കുന്നത്.
അതേസമയം, റിസ്വാനയെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന അഭിപ്രായമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. ഇത്രയും കരുത്തുള്ള ഒരു മാതാവ് മറ്റുളളവര്‍ക്ക് മാതൃകയാണ്. അതിനാല്‍ അവരെ സഹായിക്കേണ്ടതുണ്ടെന്നും ഇതിനായി ക്രൗഡ് ഫണ്ട് പോലുള്ളത് ഉപയോഗപ്പെടുത്തണമെന്നും വിവിധ ആളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടു.
Comments are closed for this post.