2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാര്‍ലമെന്റ് ആതിക്രമം; പ്രതികളുടെ ഫോണുകള്‍ കത്തിച്ച നിലയില്‍; പാസ് അനുവദിച്ച പ്രതാപ് സിംഹ എം.പിയുടെ മൊഴിയെടുക്കും

പാര്‍ലമെന്റ് ആതിക്രമം; പ്രതികളുടെ ഫോണുകള്‍ കത്തിച്ച നിലയില്‍; പാസ് അനുവദിച്ച പ്രതാപ് സിംഹ എം.പിയുടെ മൊഴിയെടുക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പുകയാക്രമണ കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ മൊബൈല്‍ ഫോണുകളും വസ്ത്രങ്ങളും ചെരിപ്പുകളും കത്തിനശിച്ച നിലയില്‍. കത്തി നശിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഞായറാഴ്ച്ച രാജസ്ഥാനില്‍ നിന്ന് പൊലിസ് കണ്ടെടുത്തു.

പാര്‍ലമെന്റിനകത്തും പുറത്തും അതിക്രമത്തില്‍ നേരിട്ട് പങ്കാളികളായ നാല് പ്രതികളുടെ ഫോണുകള്‍ കേസിലെ മുഖ്യപ്രതിയായ ലളിത് ഝാ ആയിരുന്നു സൂക്ഷിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ രാജസ്ഥാനിലേക്ക് കടന്ന ഇയാള്‍ ഇവിടെവെച്ച് ഫോണുകള്‍ നശിപ്പിച്ചശേഷം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. മൊബൈല്‍ ഫോണിനൊപ്പം കത്തിക്കരിഞ്ഞ നിലയില്‍ ചില വസ്ത്രങ്ങളും ഷൂവിന്റെ അവശിഷ്ടങ്ങളും രാജസ്ഥാനില്‍നിന്ന് പൊലിസ് കണ്ടെടുത്തിട്ടുണ്ട്.

ലളിത് ഝായെ ഡല്‍ഹിയില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് രാജസ്ഥാനിലെ നഗരൂര്‍ സ്വദേശി മഹേഷായിരുന്നു. ഇയാള്‍ക്കൊപ്പം താമസിക്കവെയാണ് ലളിത് ഫോണുകള്‍ നശിപ്പിച്ചത്. മഹേഷ് കുമാവതിനെയും കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

   

അതേസമയം, പ്രതികളില്‍ രണ്ടു പേര്‍ക്ക് ലോക്‌സഭയില്‍ സന്ദര്‍ശക പാസുകള്‍ അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയുടെ മൊഴി രേഖപ്പെടുത്താനും കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ തീരുമാനിച്ചു. സംഭവത്തിനു പിന്നാലെ, ബുധനാഴ്ച ലോക്‌സഭാ സ്പീക്കറെ കണ്ട പ്രതാപ് സിംഹ പ്രതികളുമായി തനിക്കു മുന്‍പരിചയം ഇല്ലെന്നും പ്രതികളിലൊരാളായ സാഗര്‍ ശര്‍മയുടെ പിതാവ് നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പാസ് നല്‍കിയതെന്നും വിശദീകരിച്ചിരുന്നു. കേസില്‍ ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, സംഭവം പുനഃസൃഷ്ടിക്കാന്‍ പൊലിസ് പാര്‍ലമെന്റിന്റെ അനുമതി തേടാനും സാധ്യതയുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.