
ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കശ്മീരില്‍ 21 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു പൊലിസുകാരനും കൊല്ലപ്പെട്ടു. ഞായറാഴ്ച്ച മാത്രം ആറ് പേരാണ് കൊല്ലപ്പെട്ടത്. 200ലധികം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. 15 പേര് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റും മറ്റുള്ളവര്‍ സംഘര്‍ഷത്തിനിടെയുണ്ടായ അപകടങ്ങളിലുമാണ് കൊല്ലപ്പെട്ടതെന്ന് പൊലിസ് പറഞ്ഞു.
അനന്ദ്നാഗ്, കുല്‍ഗാം, ഷോപിയാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പൊലിസ് സ്റ്റേഷനുകള്‍ക്കു നേരെ വ്യാപകമായ ആക്രമണമുണ്ടായി. പരുക്കേറ്റവരില്‍ 90 പേരും സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് പൊലിസ് അറിയിച്ചു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കര്‍ഫ്യൂ പിന്‍വലിച്ചിട്ടില്ല. മൊബൈല്‍, ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച അമര്‍നാഥ് തീര്‍ഥാടനം കഴിഞ്ഞ ദിവസം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബുര്‍ഹാന്‍ വാനിയടക്കം മൂന്നു പേര് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. ഇവരുടെ ഒളിത്താവളം വളഞ്ഞ സേനയ്ക്കു നേരെ വെടിവച്ചതുകൊണ്ടാണ് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറെ വെടിവച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.