2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബുറൈവി ചുഴലിക്കാറ്റ്: അഞ്ചു ജില്ലകളില്‍ പൊതു അവധി

  • അവധി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ക്ക്

തിരുവനന്തപുരം: ‘ബുറെവി’ ചുഴലിക്കാറ്റിനെ നേരിടാന്‍ കേരളത്തെ സജ്ജമാക്കുന്നതിനു പുറമേ ചുഴലിക്കാറ്റ് നേരിട്ട് സാധിക്കാന്‍ ഇടയുള്ള അഞ്ച് ജില്ലകളില്‍ നാളെ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ക്കാണ് പൊതു അവധി പ്രഖ്യാപിച്ചത്.
ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍ എത്തിയിട്ടുണ്ട്. ഇന്ന് അര്‍ധരാത്രിയോടെയോ നാളെ പുലര്‍ച്ചെയോടെയോ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയിലെത്തും. ഇന്ത്യന്‍ തീരത്ത് പ്രവേശിക്കുമ്പോള്‍ ചുഴലിക്കാറ്റിന്റെ അകത്തെ കാറ്റിന്റെ പരമാവധി വേഗത 70 മുതല്‍ 80 കിമീ വരെയാകാം എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായാണ് പുതിയ വിവരം. കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. കേരളത്തിലെത്തി ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം.

ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. എന്‍.ഡി.ആര്‍.എഫിന്റെ എട്ട് ടീമുകളെ ഓരോ ജില്ലകളിലായി വിന്യസിച്ചു. വ്യോമസേനയോട് ഹെലികോപ്റ്ററും ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരസാഹചര്യങ്ങളില്‍ കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാവികസേനയോട് കപ്പലുകള്‍ തയ്യാറാക്കാനും ആവശ്യപ്പെട്ടു. ആര്‍മിയോടും അര്‍ധസൈനികവിഭാഗങ്ങളോടും സജ്ജരായിരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുന്നറിയിപ്പുള്ള ജില്ലകളില്‍ ആളുകളെ മാറ്റാന്‍ 2891 ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാണ്. തിരുവനന്തപുരം 310, കൊല്ലം 358, പത്തനംതിട്ട 585, ആലപ്പുഴ 418, കോട്ടയം 129, ഇടുക്കി 350, എറണാകുളം 741 എന്നിങ്ങനെയാണ് ക്യാമ്പുകളുള്ളത്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും ജില്ലാ തലത്തില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് ഇവര്‍ 24 മണിക്കൂറും വിവരം നല്‍കുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.