2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കെട്ടിട നിര്‍മാണ പെര്‍മിറ്റ് നിരക്ക് കൂട്ടും, നഗരങ്ങളില്‍ അപേക്ഷിച്ചാല്‍ ഉടന്‍ പെര്‍മിറ്റ്: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസില്‍ വര്‍ധന വരുത്തുമെന്ന് തദ്ദേശവകുപ്പുമന്ത്രി എം.ബി. രാജേഷ്. നിരക്ക് പിന്നീട് നിശ്ചയിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ഫീസ് കുറവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് കൂട്ടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ തന്നെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കും. വീട് ഉള്‍പ്പെടെ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള ചെറുകിട കെട്ടിടനിര്‍മാണങ്ങള്‍ക്കാണ് ഈ സൗകര്യമെന്നും മന്ത്രി പറഞ്ഞു. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുന്നത്. പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും തടസങ്ങളും ഇതുമൂലം ഒഴിവാക്കാന്‍ കഴിയും. അഴിമതിയും ഇല്ലാതാക്കാം. കെട്ടിട ഉടമസ്ഥരുടെയും, കെട്ടിട പ്ലാന്‍ തയാറാക്കുകയും സുപ്പര്‍വൈസ് ചെയ്യുകയും ചെയ്യുന്ന ലൈസന്‍സി/ എംപാനല്‍ഡ് എഞ്ചിനീയര്‍മാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷ നല്‍കുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെര്‍മിറ്റ് ലഭിക്കും. തീരദേശ പരിപാലനനിയമം, തണ്ണീര്‍ത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല കെട്ടിടനിര്‍മാണമെന്നും കെട്ടിട നിര്‍മാണ ചട്ടം പൂര്‍ണമായും പാലിക്കുന്നുണ്ടെന്നുമുള്ള സത്യവാങ്മൂലം അപേക്ഷയില്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു.

അപേക്ഷയില്‍ നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണവും യാഥാര്‍ത്ഥവുമാണെങ്കില്‍ മാത്രമേ പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെച്ചാണ് പെര്‍മിറ്റ് നേടിയതെന്ന് തെളിഞ്ഞാല്‍ പിഴ, നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടം ഉടമ സ്വന്തം ചെലവില്‍ പൊളിച്ചുനീക്കല്‍, എംപാനല്‍ഡ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കല്‍ എന്നീ നടപടികള്‍ ഉണ്ടാകും. നഗരസഭകളില്‍ നടപ്പാക്കിയതിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും എം.ബി രാജേഷ് പറഞ്ഞു.

2023 ഏപ്രില്‍ ഒന്ന് മുതല്‍ നഗരസഭകളില്‍ വീടുകളടക്കമുള്ള ചെറുകിട കെട്ടിടങ്ങളുടെ പെര്‍മിറ്റ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥതല പരിശോധന പൂര്‍ണമായും ഒഴിവാക്കും. പെര്‍മിറ്റ് ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്നുവെന്ന പരാതികളും അഴിമതിയുടെ സാധ്യതകളും ഇതോടെ ഇല്ലാതാകും. പുതിയ രീതി വഴി എന്‍ജിനീയറിങ് വിഭാഗത്തിന് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും കേന്ദ്രീകരിക്കാനും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

പെര്‍മിറ്റ് ഫീസില്‍ യുക്തിസഹമായ വര്‍ധനവ് വരുത്തും. നിരക്ക് പിന്നീട് നിശ്ചയിക്കും. വിവിധ സംസ്ഥാനങ്ങളിലെ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് കേരളത്തിലുള്ളതിന്റെ എത്രയോ ഇരട്ടിയാണ്. കേരളത്തിലാകട്ടെ, കാലാനുസൃതമായി ഇത് വര്‍ധിപ്പിച്ചിട്ടില്ല. വേഗത്തിലും സുഗമമായും സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതികസംവിധാനത്തിനായി ന്യായമായ ഫീസ് ആയിരിക്കും ഈടാക്കുക. പൗരന്റെ സമയം വിലപ്പെട്ടതാണ്. നഷ്ടപ്പെടുന്ന സമയം യഥാര്‍ത്ഥത്തില്‍ സാമ്പത്തികനഷ്ടം കൂടിയാണ്. ആ അര്‍ത്ഥത്തില്‍ സാമ്പത്തികവളര്‍ച്ചക്കുള്ള അനിവാര്യ ഘടകമാണ് യഥാസമയം സേവനം ലഭിക്കുകയെന്നത്. ഈ കാഴ്ചപ്പാടോടെയാണ് ഈ രംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് ബോധവത്കരണം ചട്ടങ്ങള്‍ പൂര്‍ണതോതില്‍ പാലിച്ചുകൊണ്ടുള്ള കെട്ടിട നിര്‍മ്മാണം നടത്താന്‍ പൊതുജനങ്ങള്‍ക്ക് വിപുലമായ ബോധവത്കരണ പരിപാടിയും ഇതോടൊപ്പം തീരുമാനിച്ചിട്ടുണ്ട്. സിആര്‍സെഡ്, തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങിയവ എവിടെയൊക്കെയാണെന്നും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളെക്കുറിച്ചുള്ള ധാരണയും ജനപ്രതിനിധികളെയും പൊതുജനങ്ങളെയും പഠിപ്പിക്കാനുള്ള പ്രവര്‍ത്തനവും ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടങ്ങളുടെ നിലവിലുള്ള വസ്തുനികുതി 5% വര്‍ധിപ്പിക്കാനുള്ള നിയമഭേദഗതി ഇതിനകം നിയമസഭ പാസാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമായിരിക്കും. ഇതോടൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവുകളും നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 30 ചതുരശ്ര മീറ്റര്‍ വരെ ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നികുതിയിളവ്. ഇനി സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് വസ്തുനികുതി അടയ്‌ക്കേണ്ടതില്ല. ഈ ഇളവ് ഫ്‌ലാറ്റുകള്‍ക്ക് ബാധകമല്ല. നികുതി ചോര്‍ച്ച തടയുന്നതിനും ഓരോ കെട്ടിടത്തിനും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ കണ്ടെത്തുന്നതിനും വിപുലമായ പരിശോധന നടത്തും. ഇതനുസരിച്ച് നികുതി പുതുക്കി നിശ്ചയിക്കും. അനധികൃത നിര്‍മ്മാണം പരിശോധനയില്‍ കണ്ടെത്തിയാല്‍ അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തും, നടപടിയും സ്വീകരിക്കും. 1500 ചതുരശ്ര അടി വരെയുള്ള വീടുകളെ മൂന്നിരട്ടി വസ്തുനികുതി ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി എം.ബി രാജേഷ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.