2023 April 01 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബജറ്റില്‍ പ്രതികൂലമായതെന്തെല്ലാം? ജനഹിത സര്‍വേയുമായി യു.ഡി.എഫ് എം.എല്‍.എമാര്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ തീവെട്ടി കൊള്ളക്കെതിരെ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹസമരം ജനദ്രോഹ ബജറ്റിനെതിരെയുള്ള മറ്റൊരു ജനകീയ സര്‍വേക്ക് കൂടി തുടക്കം കുറിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങളുടെ അഭിപ്രായം തേടുന്നതിനുവേണ്ടിയാണ് യു.ഡി.എഫ് ഇത്തരത്തിലുള്ള വേറിട്ട സമര പരിപാടി ആസൂത്രണം ചെയ്തത്.

വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് മേല്‍ വിലവര്‍ധനവും നികുതി കൊള്ളയും അടിച്ചേല്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ജനഹിത സര്‍വേക്കാണ് യുഡിഎഫ് തുടക്കം കുറിച്ചത്. സത്യഗ്രഹ സമരത്തിലുള്ള യു.ഡി.എഫ് എം.എല്‍.എമാരാണ് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വേറിട്ട സമര പ്രഖ്യാപനം നടത്തിയത്. സംസ്ഥാന ബജറ്റിലെ ജനദ്രോഹകരമായ പത്ത് നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുകയും ഇതില്‍ ജനങ്ങളെ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്ന മൂന്നു നിര്‍ദ്ദേശങ്ങള്‍ ഏതൊക്കെയാണെന്ന അഭിപ്രായം ജനങ്ങളില്‍നിന്നും ഈ സര്‍വേയിലൂടെ തേടാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കുന്ന എം.എല്‍.എമാരായ ഷാഫി പറമ്പിലും ഡോ.മാത്യു കുഴല്‍നാടനും നജീബ് കാന്തപുരവും സി.ആര്‍.മഹേഷുമാണ് സര്‍വേ സംബന്ധിച്ച പ്രഖ്യാപനം ഫെയ്‌സ്ബുക്ക് ലൈവിലൂടെ നടത്തിയത്. ഇത്തരത്തില്‍ ലഭിക്കുന്ന ജനങ്ങളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ട് വരുന്നതിനാണ് ജനഹിത സര്‍വേ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെയുള്ള ജനരോഷം ഉയര്‍ന്നിട്ടും സര്‍ക്കാര്‍ ഇത് കണ്ടില്ലെന്നു നടക്കുകയാണെന്നും ഏറെക്കാലം ജനങ്ങളെ വിഡ്ഢിയാക്കാമെന്ന് ബന്ധപ്പെട്ടവര്‍ കരുതരുതെന്നും എം.എല്‍.എമാര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.