
ദോഹ: ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിന്റെ സംഘാടകമികവിനെ പുകഴ്ത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരേ ബ്രിട്ടീഷ് മാധ്യമങ്ങൾ. ഖത്തറിനെ പ്രശംസിച്ചത് വഴി സുനക് വലിയ അപരാധംചെയ്തു എന്ന വിധത്തിലാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ വാർത്ത കൈകാര്യംചെയ്തത്.
ഖത്തറിൽ ഇതുവരെ നടന്ന മത്സരങ്ങൾ അവിശ്വസനീയമാണെന്ന് ഇന്നലെയാണ് സുനക് ട്വീറ്റ്ചെയ്തത്. ‘ഇതുവരെ അവിശ്വസനീയമായ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് ഖത്തറിന് ഹാറ്റ്സ് ഓഫ്. ഗ്രൂപ്പ്ഘട്ടങ്ങൾ എക്കാലത്തെയും മികച്ചവയിൽ ഒന്നായി ഓർമിക്കപ്പെടും’ ഋഷി കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടും സെനഗലും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു സുനകിന്റെ ട്വീറ്റ്.
എന്നാൽ, ട്വീറ്റിനോടുള്ള സാധാരണ ബ്രിട്ടീഷ് പൗരൻമാരുടെ പ്രതികരണങ്ങൾ കൂടി ചേർത്ത്, സുനകിന്റെ ഖത്തർ പരാമർശം വിവാദമാകുന്നു എന്ന വിധത്തിൽ ഡെയ്ലി മെയിൽ, ടെലിഗ്രാഫ്, ഇൻഡിപെന്റൻഡ് തുടങ്ങിയ ബ്രിട്ടീഷ് മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചു. ‘ഖത്തറിനെ പുകഴ്ത്തിയ സുനക് വിമർശിക്കപ്പെടുന്നു’ എന്നാണ് ഇൻഡിപെന്റൻഡ് നൽകിയ തലക്കെട്ട്.
‘ഋഷി സുനകിനെതിരേ രോഷം അണപൊട്ടുന്നു’ എന്നായിരുന്നു ഡെയ്ലി മെയിലിന്റെ തലക്കെട്ട്. പ്രധാന വ്യക്തികളാരും സുനകിനെതിരേ രംഗത്തുവന്നിട്ടില്ലെങ്കിലും വിവിധ ഐഡികളിൽ നിന്നുള്ള സുനക് വിരുദ്ധ കമന്റുകൾ ഡെയ്ലി മെയിൽ വാർത്ത ആക്കുകയായിരുന്നു.
British media criticising Rishi Sunak for praising Qatar’s hosting of the World Cup
Comments are closed for this post.