2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഇസ്‌റാഈലിനെ തള്ളി ബ്രിക്‌സ് രാജ്യങ്ങള്‍; ഇസ്‌റാഈലിന് ആയുധം വില്‍ക്കരുതെന്ന് സഊദി, ഫലസ്തീന്റെ ആശങ്ക ഗൗരവത്തിലെടുക്കണം: ഇന്ത്യ

ഇസ്‌റാഈലിനെ തള്ളി ബ്രിക്‌സ് രാജ്യങ്ങള്‍; ഇസ്‌റാഈലിന് ആയുധം വില്‍ക്കരുതെന്ന് സഊദി, ഫലസ്തീന്റെ ആശങ്ക ഗൗരവത്തിലെടുക്കണം: ഇന്ത്യ

കേട്പൗണ്‍: ഗസ്സയിലെ കിരാത ആക്രമണങ്ങള്‍ക്കിടെ ചേര്‍ന്ന ബ്രിക്‌സ് രാജ്യങ്ങളുടെ പ്രത്യേക സമ്മേളനത്തില്‍ ഇസ്‌റാഈലിനെതിരേ ഉയര്‍ന്നത് കടുത്ത വികാരം. യോഗത്തില്‍ പങ്കെടുത്ത രാജ്യങ്ങളെല്ലാം ആക്രമണങ്ങളെ കടുത്ത ഭാഷയിലാണ് അപലപിച്ചത്.

സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രമഫോസ, ഇസ്‌റാഈല്‍ യുദ്ധക്കുറ്റംചെയ്തതായി ആരോപിച്ചു. ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ചരിത്രപരമായ അനീതി അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള ആഹ്വാനമായി സമ്മേളനം നിലകൊള്ളുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്‌റാഈലിന് ആയുധം കയറ്റുമതിചെയ്യുന്നത് നിര്‍ത്തലാക്കണമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. ഇരുരാഷ്ട്ര പരിഹാരമെന്ന രാജ്യാന്തര ധാരണനടപ്പാക്കിയാല്‍ മാത്രമെ മേഖലയില്‍ ശാശ്വതസമാധാനം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ ശാശ്വസമാധാനം സാധ്യമാകില്ലെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് ചൂണ്ടിക്കാട്ടി. വെടിനിര്‍ത്തല്‍ ശ്രമങ്ങളോട് ഇരുവിഭാഗവും സഹകരിക്കണം. ഇതോടൊപ്പം സാധാരണക്കാരെ വെറുതെവിടുകയും മാനിഷുകസഹായം എത്തിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും ജിന്‍ പിങ് അഭ്യര്‍ഥിച്ചു. രാഷ്ട്രീയപരിഹാരമാണ് വേണ്ടതെന്ന് റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പകരം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ആണ് ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ ശക്തമായ ഭാഷയില്‍ ഇന്ത്യ അപലപിക്കുന്നതായും ഫലസ്തീന്‍ ജനതയുടെ ആശങ്കകള്‍ ഗൗരവമായി പരിഗണിക്കണമെന്നും ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. നയതന്ത്ര ഇടപെടലിലൂടെയും ചര്‍ച്ചയിലൂടെയും സമാധാനപരമായ പരിഹാരം വേണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.