
തിരുവനന്തപുരം: കൈക്കൂലിക്കേസില്‍ ഒളിവില്‍ പോയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന് തിരികെ ജോലിയില്‍ പ്രവേശിച്ചു. കോടിക്കളുടെ കൈക്കൂലി വീട്ടില്‍ ഒളിപ്പിച്ച കേസിലെ രണ്ടാം പ്രതി ജോസ് മോനാണ് കോഴിക്കോട്ടെ ഓഫിസിലെത്തി ചുമതലയേറ്റത്. സംഭവം വിവാദമായതിന് പിന്നാലെ ജോസ്മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയും ഉത്തരവിറക്കി.
ഇയാള്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിശദീകരിക്കുന്നു. ഏതെങ്കിലും തരത്തിലിലുള്ള റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനെ നടപടിയെടുക്കുമെന്നും ചെയര്മാന് എ.ബി .പ്രദീപ് പറഞ്ഞു.
ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്കാന് സ്ഥാപനത്തിന്റെ ഉടമയില്‍ നിന്ന് അന്ന് ജില്ലാ ഓഫിസറായിരുന്ന ജോസ് മോന് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ജോസ് മോന്റെ കൊല്ലം എഴുകോണിലെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെത്തിയിരുന്നു. കൈക്കൂലി കേസിലെ ഒന്നാം പ്രതിയായ എഎം ഹാരിസ് നിലവില്‍ ജയിലിലാണ്.