2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഖരമാലിന്യ പ്ലാന്റിന്റെ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ നഗരസഭ സെക്രട്ടറിക്ക് ഒടുവില്‍ സസ്‌പെന്‍ഷനും

 

പത്തനംതിട്ട: ഖര മാലിന്യ പ്ലാന്റിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി ചോദിച്ച നഗരസഭ സെക്രട്ടറിയെ കുരുക്കി വിജിലന്‍സ്. ഒടുവില്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷനും.
തിരുവല്ല നഗരസഭ സെക്രട്ടറിക്കാണ് സസ്‌പെന്‍ഷന്‍. തദ്ദേശ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് നഗരസഭ സെക്രട്ടറി നാരായണ്‍ സ്റ്റാലിനെതിരെ നടപടിയെടുത്തത്.

 

നഗരസഭയില്‍ ഖര മാലിന്യ സംസ്‌കരണം നടത്തുന്ന ക്രിസ് ഗ്ലോബല്‍സ് എന്ന കമ്പനിയുടെ ഉടമയില്‍ നിന്നാണ് സെക്രട്ടറി പണം വാങ്ങിയത്.
ഈ മാസം അഞ്ചിനാണ് വിജിലന്‍സ് കൈക്കൂലി കേസില്‍ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത്. നഗരസഭ സെക്രട്ടറിയും ജീവനക്കാരിയെയുമാണ് വിജിലന്‍സ് വലയില്‍ വീണത്.

 

രണ്ടര ലക്ഷം രൂപ നല്‍കണമെന്നായിരുന്നു സെക്രട്ടറി ആദ്യം കമ്പനി ഉടമയോട് ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സെക്രട്ടറി പറഞ്ഞു. തുടര്‍ന്ന് കമ്പനി ഉടമ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.
25000 രൂപയാണ് നാരായണ്‍ സ്റ്റാലിന്‍ കൈക്കൂലി വാങ്ങിയത്. ഇയാള്‍ക്കുവേണ്ടി ആളുകളില്‍ നിന്നും പണം കൈപ്പറ്റിയിരുന്നത് പ്യൂണ്‍ ഹസീനയാണ്.

 

പിന്നാലെ വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം 25000 രൂപയുമായി പരാതിക്കാരന്‍ സെക്രട്ടറിയുടെ ഓഫീസിലെത്തി. ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകെട്ടുകള്‍ സെക്രട്ടറി വാങ്ങി പ്യൂണായ ഹസീനയെ ഏല്‍പ്പിച്ചു. ഈ സമയത്താണ് വിജിലന്‍സ് സംഘം ഓഫിസിലെത്തി രണ്ട് പേരെയും പിടികൂടിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.